ജനുവരിയില്‍ യാത്രാപ്രളയം; ഉണരുന്നു തെരഞ്ഞെടുപ്പ് കേരളം
text_fieldsതിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇത്തവണയും അധികാരത്തിലേറാന്‍ പാര്‍ട്ടികള്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങുന്നു. സാമുദായികപാര്‍ട്ടി രൂപവത്കരണ പ്രഖ്യാപനവുമായി വര്‍ഷാന്ത്യം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് യാത്രക്ക് തുടക്കമിട്ടതെന്ന പ്രത്യേകത ഇത്തവണയുണ്ട്. പുതുവര്‍ഷത്തോടെ യാത്ര നടത്താത്തവരില്ല പാര്‍ട്ടികളില്‍ എന്ന മട്ടില്‍ കോണ്‍ഗ്രസും സി.പി.എമ്മും മുതല്‍ ഫോര്‍വേഡ് ബ്ളോക് വരെയുള്ളവര്‍ യാത്രക്കുള്ള പുറപ്പാടിലാണ്. എല്ലാവരും തുടക്കം വടക്കും ഒടുക്കം തെക്കുമെന്ന രീതിയിലാണ് യാത്രാറൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. നവകേരള മാര്‍ച്ചിലും ജനരക്ഷായാത്രയിലും തുടങ്ങി ഉണര്‍ത്തുയാത്രയെന്നുവരെയുള്ള പേരുകളുമായാണ് യാത്രകള്‍.
വിരുദ്ധധ്രുവങ്ങളിലെങ്കിലും ബി.ജെ.പിയുടെയും മുസ്ലിം ലീഗിന്‍െയും യാത്രകളുടെ പേര് ഒന്നു തന്നെ- ‘കേരളയാത്ര’. പാര്‍ട്ടി പ്രസിഡന്‍േറാ സെക്രട്ടറിയോ ആണ് മിക്ക യാത്രകള്‍ക്കും നേതൃത്വം നല്‍കുന്നതെങ്കിലും സി.പി.എമ്മിനും ലീഗിനും അത് വ്യത്യസ്തമാണ്. സി.പി.എമ്മിന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും ലീഗിന് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് നായകര്‍. മതനിരപേക്ഷത, ബഹുസ്വരത, സൗഹൃദം എന്നിവ ഏതാണ്ടെല്ലാ യാത്രകളുടെയും മുദ്രാവാക്യങ്ങളില്‍പെടുന്നു.
അതിനാല്‍ കുറേനാളായി കേരളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രീനാരായണഗുരുവായിരിക്കും യാത്രകളിലെയും താരം. ഗുരുവിനെ മറ്റൊരു തരത്തിലാവും ബി.ജെ.പി അവതരിപ്പിക്കുക എന്ന വ്യത്യാസവുമുണ്ടാവും. ആരാവും അടുത്ത നേതാവ് എന്ന ചോദ്യം സജീവമായിരിക്കെ, സി.പി.എം യാത്ര പിണറായി വിജയന്‍ നയിക്കുന്നതിനെച്ചൊല്ലി ഏറെ ചര്‍ച്ചകള്‍ ഇതിനകംതന്നെ നടന്നുകഴിഞ്ഞു.
കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ളീനത്തിനിടെ ജനറല്‍ സെക്രട്ടറിക്കും മുന്‍ ജനറല്‍ സെക്രട്ടറിക്കും വരെ ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ പറയേണ്ടിയും വന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം പാര്‍ട്ടിയിലെ ഐക്യം വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും മന്ത്രി രമേശ് ചെന്നിത്തലയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയതിനുപിറകെയാണ് കോണ്‍ഗ്രസ് യാത്രക്ക് തുടക്കമാവുന്നതും.
ജനുവരി നാലിന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍െറ ജനരക്ഷായാത്രയാണ് ആദ്യത്തേത്.
ഫെബ്രുവരി ഒമ്പതിന് സമാപിക്കും. ഈ യാത്ര വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി സാംസ്കാരികനായകരുടെ പ്രസ്താവനയും വന്നുകഴിഞ്ഞു. പിണറായി വിജയന്‍െറ നേതൃത്വത്തിലുള്ള നവകേരള മാര്‍ച്ച് ജനുവരി 15ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിക്കും.
കാനം രാജേന്ദ്രന്‍ നായകനായ സി.പി.ഐയുടെ ജനകീയയാത്ര ജനുവരി 27ന് തുടങ്ങി ഫെബ്രുവരി 18ന് സമാപിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിന്‍െറ കേരളയാത്ര ജനുവരി 24ന് ആരംഭിച്ച് ഫെബ്രുവരി 11നും കുമ്മനം രാജശേഖരന്‍ നായകനായ ബി.ജെ.പിയുടെ കേരളയാത്ര ജനുവരി 20നും തുടങ്ങും.
ജനതാദള്‍, ഐ.എന്‍.എല്‍, എന്‍.സി.പി, ഫോര്‍വേഡ് ബ്ളോക് തുടങ്ങി മറ്റു പാര്‍ട്ടികളും യാത്രാഒരുക്കത്തിലാണ്. എന്‍.സി.പിയുടേതാണ് ഉണര്‍ത്തുയാത്ര. നായകര്‍ക്ക് അത്ര ശുഭകരമായല്ല മുമ്പുള്ള പല യാത്രകളും അവസാനിച്ചത് എന്ന ചരിത്രവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
