Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_right‘നല്ല...

‘നല്ല കോഴിക്കോട്ടുകാര’നും നോര്‍ത്–സൗത് അന്തരവും

text_fields
bookmark_border
‘നല്ല കോഴിക്കോട്ടുകാര’നും നോര്‍ത്–സൗത് അന്തരവും
cancel

‘നല്ല നാളെയുടെ നല്ല കോഴിക്കോട്ടുകാരന്‍’. പലനിറക്കുപ്പായമിട്ട് നിറചിരിയുമായി നില്‍ക്കുന്ന മുനീറിന്‍െറ ചിത്രമുള്ള തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ വാചകമതായിരുന്നു. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ കുറ്റിച്ചിറയും ചാലപ്പുറവുമൊക്കെ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് സൗത് മണ്ഡലത്തില്‍ പാട്ടും ചിത്രമെഴുത്തുമൊക്കെയായി ഡോക്ടര്‍ പാട്ടുംപാടി ജയിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും ഭൂരിപക്ഷം 1378 വോട്ടിലൊതുങ്ങി. വീണ്ടുമൊരങ്കത്തിന് കച്ചമുറുക്കുമ്പോള്‍ ജയിച്ചുവരാന്‍ സാമൂഹികനീതി മന്ത്രിക്ക് നന്നായി വിയര്‍ക്കേണ്ടിവരും. ഇത് ബോധ്യപ്പെട്ടതിന് തെളിവാണ് അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ നടക്കുന്ന വികസനപദ്ധതികളുടെ കൂതൂഹലം. തൊട്ടടുത്തുള്ള കോഴിക്കോട് നോര്‍ത് മണ്ഡലവുമായി ഒത്തുനോക്കി വികസനമൊന്നും നടക്കുന്നില്ളെന്നായിരുന്നു മുഖ്യ പരാതി.

സാധാരണക്കാരന് പ്രാപ്യനല്ലാത്ത ജനപ്രതിനിധിയെന്ന് പ്രവര്‍ത്തകര്‍പോലും പരാതിപ്പെട്ടുതുടങ്ങിയിരുന്നു. 1987 മുതല്‍ ഓരോ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളേയും മാറിമാറി ജയിപ്പിക്കുന്നതാണ് മണ്ഡലത്തിന്‍െറ സ്വഭാവമെന്നതും അനുയായികളുടെ ആധികൂട്ടി. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ. രാഘവന് ഏഴായിരത്തോളം വോട്ടിന്‍െറ ഭൂരിപക്ഷം സൗത് മണ്ഡലം നല്‍കി. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2000 വോട്ടിന് ഇടതുപക്ഷമാണ് മുന്നിലത്തെിയത്. ഈ പശ്ചാത്തലത്തിലാണ് പരമാവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ തിരക്കിട്ട ശ്രമം നടക്കുന്നത്. 1995ല്‍ മുനീര്‍ എം.എല്‍.എയായപ്പോള്‍ തറക്കല്ലിട്ട കോതിപ്പാലത്തിലൂടെ കൊല്ലങ്ങള്‍ക്കുശേഷം വണ്ടിയോടിത്തുടങ്ങിയത് നേട്ടങ്ങളില്‍ ഒന്നാമതായി കാണിക്കാനാണ് ലീഗുകാര്‍ക്കിഷ്ടം. എന്നാല്‍, പുറമ്പോക്കില്‍ വീട് നഷ്ടപ്പെടുന്ന 120ഓളം കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതിയുണ്ടാക്കാന്‍ കോര്‍പറേഷന്‍ മുന്‍കൈയെടുത്തതിനാലാണ് കോതി തീരദേശ റോഡും പാലവും യാഥാര്‍ഥ്യമായതെന്ന തങ്ങളുടെ നിലപാട് ജനം അംഗീകരിച്ചതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലം കാണിക്കുന്നതെന്നാണ് ഇടതുവാദം.

പന്നിയങ്കര മേല്‍പാലം ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഏപ്രിലില്‍തന്നെ ഉദ്ഘാടനം ചെയ്യാന്‍ കൊണ്ടുപിടിച്ച ശ്രമവും നടക്കുന്നു. മുനീര്‍ ഇടപെട്ട് സര്‍ക്കാര്‍പണം ലഭ്യമാക്കാന്‍ ശ്രമിക്കാത്തതാണ് തറക്കല്ലിട്ട് 18മാസംകൊണ്ട് തീര്‍ക്കാന്‍ പദ്ധതിയിട്ട പാലംപണി നീളാന്‍ കാരണമെന്ന വാദമാണ് ഇക്കാര്യത്തില്‍ ഇടതിനുള്ളത്. കോഴിക്കോട്-ഒന്ന്, രണ്ട് എന്നിങ്ങനെയായിരുന്ന മണ്ഡലങ്ങള്‍ 2011ലാണ് ചില്ലറ അതിര്‍ത്തി വ്യത്യാസങ്ങളോടെ കോഴിക്കോട് സൗതും നോര്‍ത്തുമായി മാറിയത്. ജില്ലാ കോടതി, കോട്ടപ്പറമ്പ് ഗവ. ആശുപത്രി, കല്ലായി, വലിയങ്ങാടിയുടെ ഭാഗം തുടങ്ങി എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ഒന്നാം മണ്ഡലത്തില്‍പെട്ടിരുന്ന പല പ്രധാന കേന്ദ്രങ്ങളും കോഴിക്കോട് സൗത്തിലായി. ഈ ഭാഗങ്ങളില്‍ പ്രദീപ്കുമാര്‍ തുടങ്ങിവെച്ചിരുന്ന മാതൃകാ വികസനപദ്ധതികള്‍ക്ക് തുടര്‍ നടപടിയുണ്ടായില്ളെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുന്നു. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അണിഞ്ഞൊരുങ്ങി സൗകര്യങ്ങള്‍ കൂട്ടി സംസ്ഥാനത്തിനുതന്നെ അഭിമാനമായിമാറിയത് പ്രദീപിന്‍െറ കാലത്താണ്. ഇത്തവണ മന്ത്രിയുടെ മണ്ഡലത്തില്‍ വന്നിട്ടും ആശുപത്രിയില്‍ കൂടുതല്‍ വികസനം എടുത്തുകാട്ടാനാവില്ല.

നിരവധി കോടതികള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ കോഴിക്കോട്ട് കോടതി വന്നതിന്‍െറ 200ാം വാര്‍ഷിക സ്മാരകമായി നിര്‍മിക്കുന്ന കോടതിക്കെട്ടിടത്തിന് പ്രദീപ്കുമാര്‍ മുന്‍കൈയെടുത്ത് തറക്കല്ലിട്ട് പണി തുടങ്ങിയതാണ്. എന്നാല്‍, പാതിവഴിയില്‍ പണമില്ലാതെ മുടങ്ങിയ കെട്ടിടംപണി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടായിട്ടില്ല. ചാലപ്പുറം റോഡ് പണിയുടെ വേഗമില്ലായ്മയും പുതിയ പാലത്തെ പുതിയപാലം നിര്‍മാണം യാഥാര്‍ഥ്യമാകാത്തതുമൊക്കെ പ്രശ്നങ്ങളാണ്. ഇടതുസര്‍ക്കാര്‍ കാലത്ത് കോഴിക്കോടിനെ സ്മാര്‍ട്ടാക്കാനെന്ന് പറഞ്ഞ് തുടക്കമിട്ടതാണ് സൈബര്‍ പാര്‍ക്കുകളുടെ നിര്‍മാണം. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കുകീഴിലും ഒരേസമയം രണ്ടു സൈബര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.

ഊരാളുങ്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങിയെങ്കിലും സര്‍ക്കാര്‍ സൈബര്‍ പാര്‍ക്ക് ബഹുദൂരം പിന്നിലാണ്. നടക്കാവ് ഗവ. സ്കൂള്‍ പ്രദീപ്കുമാര്‍ മുന്‍ കൈയെടുത്ത് സ്വകാര്യ സഹകരണത്തോടെ ലോകനിലവാരത്തിലത്തെിച്ചത് ശ്രദ്ധേയമാണ്. ഇത്തരമൊരു പദ്ധതി സൗത് മണ്ഡലത്തിലുണ്ടായോ എന്നാണ് എതിരാളികളുടെ ചോദ്യം. തളി-കുറ്റിച്ചിറ ഹെറിറ്റേജ് പദ്ധതി, കല്ലായിപ്പുഴ നവീകരണം, മിഠായിത്തെരുവ് നവീകരണം തുടങ്ങിയവയില്‍ പുരോഗതി കാണാത്തത് യു.ഡി.എഫിനെയും കോഴിക്കോടിന്‍െറ ഏകമന്ത്രിയെയും കുറ്റപ്പെടുത്താന്‍ എതിരാളികള്‍ക്ക് ധാരാളം മതി. കോര്‍പറേഷനില്‍പെട്ട 23 വാര്‍ഡുകളാണ് സൗത് മണ്ഡലത്തിലുള്ളത്. ഭൂരിപക്ഷവും ഇത്തവണ ഇടതിനൊപ്പമാണ്. 1987ല്‍ കോഴിക്കോട് ഒന്നിന്‍െറ എം.എല്‍.എയായിരുന്ന സി.പി. കുഞ്ഞുവിന്‍െറ മകന്‍ സി.പി. മുസഫര്‍ അഹമ്മദിനെയാണ് മുനീര്‍ തോല്‍പിച്ചത്. ’91ല്‍ കുഞ്ഞുവിനെ തോല്‍പ്പിച്ച മുനീറിനെ തളക്കാന്‍ മകനാവാതെ പോയെങ്കിലും 2016ല്‍ സീറ്റ് വീണ്ടെടുക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇടതുപക്ഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016vip constituency keralakozhikode south
Next Story