Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനയം വ്യക്തമാക്കി...

നയം വ്യക്തമാക്കി സി.പി.എം

text_fields
bookmark_border
നയം വ്യക്തമാക്കി സി.പി.എം
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് രാഷ്ട്രീയ, വികസനനയം വ്യക്തമാക്കി സി.പി.എം. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്, നവകേരള മാര്‍ച്ച് എന്നിവയിലൂടെ ഭാവി വികസന നിലപാട് വ്യക്തമാക്കിയ സി.പി.എം രാഷ്ട്രീയരംഗത്തും കൃത്യമായ സൂചനകളാണ് നല്‍കുന്നത്. സംസ്ഥാന സി.പി.എമ്മില്‍ ഒന്നര ദശാബ്ദത്തിനിടെ കാണാനാവാത്ത ഐക്യമാണ് ഇപ്പോഴുള്ളത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരുമിച്ച് അണിനിരന്ന നവകേരള മാര്‍ച്ചിന്‍െറ സമാപനം ഇത് വിളിച്ചറിയിക്കുന്നതു കൂടിയായി. ഉപതെരഞ്ഞെടുപ്പ് തിരിച്ചടികള്‍ മറികടന്ന് ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം.

ആര്‍.എസ്.എസ് പിന്തുണയോടെയുള്ള എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന്‍െറ വര്‍ഗീയ നിലപാടിനെയും രാഷ്ട്രീയപാര്‍ട്ടി രൂപവത്കരണത്തെയും ഒറ്റക്കെട്ടായി എതിര്‍ത്ത് നിഷ്ഫലമാക്കാനും അവര്‍ക്കായി. ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ ഉറച്ച നിലപാട് മതന്യൂനപക്ഷങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ധിപ്പിക്കുകയും ചെയ്തു.

അഴിമതി ആരോപണങ്ങളില്‍ കിതയ്ക്കുന്ന യു.ഡി.എഫിനെ രാഷ്ട്രീയമായി നിരായുധമാക്കുന്ന നിലപാടാവും ഇനിയുണ്ടാവുക. യു.ഡി.എഫ് വിട്ടുവരുന്ന കക്ഷികളെയും വ്യക്തികളെയും സഹകരിപ്പിക്കുന്നത് ഇതിന്‍െറ ഭാഗമാണ്. ആര്‍. ബാലകൃഷ്ണപിള്ളക്കും പി.സി. ജോര്‍ജിനും പിന്നാലെ കോവൂര്‍ കുഞ്ഞുമോനും എല്‍.ഡി.എഫ് സഹകരണമെന്ന ആശമത്തിലേക്ക് എത്തിക്കഴിഞ്ഞു. അഴിമതി ഒരു പൊതുവിഷയമായി അവതരിപ്പിക്കുകയും സോളാര്‍, ബാര്‍ കുഭകോണവും മന്ത്രിമാരുടെ രാജിയും സര്‍ക്കാറിനെതിരായ കോടതി പരാമര്‍ശവും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കാന്‍ ഉപയോഗിക്കുകയും ചെയ്യും. കേന്ദ്രവും യു.ഡി.എഫുമായുള്ള അവിശുദ്ധ ബന്ധമുപയോഗിച്ച് ബി.ജെ.പി തങ്ങളുടെ നേതാക്കളെ വേട്ടയാടുന്നതും തുറന്നുകാട്ടും.

യു.എ.പി.എ ദുരുപയോഗത്തിനെതിരെ  എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രചാരണപരിപാടി സംഘടിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. എസ്.എന്‍.സി-ലാവലിന്‍ കേസ് ഉയര്‍ത്തി നടത്തുന്ന കടന്നാക്രമണത്തെ മൗനം പരിചയാക്കി നേരിടുകയാവും തന്ത്രം. നവകേരള മാര്‍ച്ചിലൂടെ പിണറായി വിജയന്‍ സി.പി.എമ്മിന്‍െറ വികസന അജണ്ട കൂടി വ്യക്തമാക്കിയതോടെ ജനകീയ സംവാദത്തിന്‍െറ അന്തരീക്ഷവും സംജാതമായി. അദാനിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍െറ നിര്‍മാണം നല്‍കിയതിനെതിരായ നിലപാടില്‍ നിന്നുള്ള മാറ്റം, തെക്ക്- വടക്ക് അതിവേഗ റെയില്‍ ഇടനാഴി, അതിരപ്പിള്ളി പദ്ധതി എന്നിവ എല്‍.ഡി.എഫിനുള്ളിലും പുറത്തും ഏറെ ചര്‍ച്ചക്ക് കളമൊരുക്കിക്കഴിഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story