ജയലളിത ബോഡിനായ്ക്കന്നൂരില്‍ മത്സരിക്കാന്‍ സാധ്യത
text_fieldsകോയമ്പത്തൂര്‍: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന ആകാംക്ഷയിലാണ് തമിഴക രാഷ്ട്രീയം. ജയലളിതക്കുവേണ്ടി സുരക്ഷിത മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി തീരുമാനം കാത്തിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം. പട്ടികയില്‍ നിന്ന് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മണ്ഡലം ജയലളിത സ്വയം തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ജനവിധി തേടുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. അതിന്‍െറ അടിസ്ഥാനത്തില്‍ തിരുത്തണി, തിരുപ്പോരൂര്‍, തിരുപ്പറകുണ്‍റം, തിരുച്ചെന്തൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കി. ഇതേവരെ ഏഴ് തവണ മത്സരിച്ച ജയലളിത ആറു പ്രാവശ്യം വിജയിച്ചു.
1989ല്‍ ബോഡിനായ്ക്കന്നൂരിലാണ് ജയലളിത ആദ്യമായി ജനവിധി തേടിയത്. തുടര്‍ന്ന് 1991ല്‍ ബര്‍ഗൂര്‍, കാങ്കേയം മണ്ഡലങ്ങളില്‍നിന്ന് വിജയിച്ചു. 1996ല്‍ ബര്‍ഗൂരില്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2002ലെ ഉപ തെരഞ്ഞെടുപ്പിലും 2006ലും ആണ്ടിപട്ടിയില്‍ നിന്നാണ് ജയിച്ചു കയറിയത്. 2011ല്‍ ക്ഷേത്ര നഗരമായ തിരുച്ചി ജില്ലയിലെ ശ്രീരംഗത്തുനിന്ന് നിയമസഭയിലത്തെി. അവിഹിത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക പ്രത്യേക കോടതി വിധിയെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനം റദ്ദായി. മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ടു.
പിന്നീട് കര്‍ണാടക ഹൈകോടതി അനുകൂല വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ചെന്നൈ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.കെ നഗറില്‍ മത്സരിക്കാനിറങ്ങില്ളെന്നാണ് സൂചന. പ്രളയബാധിത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ പൊതുജനങ്ങളില്‍ അസംതൃപ്തി നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. ഇതിനാലാണ് ആദ്യമായി ജനവിധി തേടിയ ബോഡിനായ്ക്കന്നൂരില്‍ മത്സരിക്കാന്‍ ജയലളിത താല്‍പര്യം കാണിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ജയലളിതയുടെ ഏറെ വിശ്വസ്തനുമായ ഒ. പന്നീര്‍ ശെല്‍വമാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നിലവില്‍ മണ്ഡലത്തിലെ വികസന പദ്ധതികളുടെ നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. വിപുലമായ സംവിധാനങ്ങളോടെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസും സ്ഥാപിച്ചു കഴിഞ്ഞു.
അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ സര്‍വേയില്‍ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും കാറ്റ് അണ്ണാ ഡി.എം.കെക്ക് അനുകൂലമാണെന്നാണ് കണ്ടത്തെല്‍. ഇതോടെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആവേശത്തിലാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൊത്തമുള്ള 39 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിച്ച അണ്ണാ ഡി.എം.കെ 37 ഇടങ്ങളിലും വിജയിച്ചിരുന്നു. ഇതേപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റക്ക് മത്സരിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
