ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ
text_fieldsന്യൂഡല്‍ഹി: ദലിത്, പാട്ടിദാര്‍ പ്രക്ഷോഭവും പാര്‍ട്ടി ഉള്‍പ്പോരും ബി.ജെ.പിയെ വശംകെടുത്തുന്ന ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിച്ച് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിക്കില്ളെന്ന പതിവ് തിരുത്തി യു.പിയില്‍ ഷീലാ ദീക്ഷിതിന്‍െറ പേര് പ്രഖ്യാപിച്ചതുപോലെ ഗുജറാത്തിലും ചെയ്യണമെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ പലരും ഹൈകമാന്‍ഡിന് നല്‍കുന്ന ഉപദേശം. 1995നു ശേഷം ഗുജറാത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വന്ന കോണ്‍ഗ്രസിന് ബി.ജെ.പി നേരിടുന്ന കടുത്ത പ്രതിസന്ധി പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തില്‍ സാധ്യത പരീക്ഷിക്കുന്ന ആം ആദ്മി പാര്‍ട്ടി ബി.ജെ.പി വിരുദ്ധ വോട്ട് പിളര്‍ത്തിയാല്‍ അത് ഗുണകരമാകുമെന്ന പ്രതീക്ഷയുമുണ്ട്.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലിന്‍െറ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം അഹ്മദാബാദില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍, കപട വികസനം, ദലിത്-പാട്ടീദാര്‍ പ്രക്ഷോഭം എന്നിവയെല്ലാം ബി.ജെ.പിയെ തിരിഞ്ഞുകുത്തുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്കുള്ളിലെ പോരും ദീര്‍ഘകാലം ഭരണത്തിലിരുന്നതുവഴി സമ്പാദിച്ച ഭരണവിരുദ്ധ വികാരവും ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് പി.സി.സി പ്രസിഡന്‍റ് ഭരത്സിങ് മാധവ്സിങ് സോളങ്കി, ശക്തിസിങ് ഗോഹില്‍ എന്നീ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാകണം എന്നതിനപ്പുറം, ഈ പേരുകളൊന്നും കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. പ്രധാനമന്ത്രിക്കെതിരായ കോണ്‍ഗ്രസിന്‍െറ നേരിട്ടുള്ള പോരാട്ടം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിവെക്കണമെന്നാണ് സംസ്ഥാനഘടകം ഹൈകമാന്‍ഡിനോട് ആവശ്യപ്പെടുന്നത്.
ഗുജറാത്തില്‍ മുഖ്യമന്ത്രിയെ മാറ്റാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തോടെ നരേന്ദ്ര മോദി കൂടുതല്‍ ദുര്‍ബലനായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ബി.ജെ.പിയില്‍ മറ്റാര്‍ക്കും പ്രത്യേക റോളൊന്നുമില്ലാതെ മോദി-അമിത് ഷാ സഖ്യം പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന നീരസം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ നിസ്സംഗത സൃഷ്ടിക്കുമെന്നും കണക്കുകൂട്ടുന്നു.
ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തിരിച്ചടിയാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞവര്‍ഷം ബി.ജെ.പി നേരിട്ടത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് ശക്തി വീണ്ടെടുത്തു. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളും ബി.ജെ.പി നിലനിര്‍ത്തിയപ്പോള്‍ 31 ജില്ലാ പഞ്ചായത്തുകളില്‍ 23ഉം കോണ്‍ഗ്രസ് പിടിച്ചെടുത്തു. 193 താലൂക്ക് പഞ്ചായത്തുകളില്‍ 113ഉം കോണ്‍ഗ്രസിനാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
