കേരള കോണ്‍ഗ്രസിന് 15 സീറ്റുകള്‍ മാത്രം
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 15 സീറ്റുകള്‍ മാത്രം. അധികമായി സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും ഉറച്ചുനിന്നതോടെ സമവായമാകാതെ പിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറാകുകയായിരുന്നു.
ഇതനുസരിച്ച് പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇതോടെ കേരള കോണ്‍ഗ്രസിന്‍െറ സീറ്റ് ചര്‍ച്ചകളും സജീവമായി. തിങ്കളാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. യു.ഡി.എഫ് നേതൃത്വത്തിന്‍െറ അഭ്യര്‍ഥന മാനിച്ചാണ് അധിക സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്‍മാറിയതെന്ന് കെ.എം. മാണി പറഞ്ഞു. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
