എസ്.എന്‍.ഡി.പിയുമായി സി.പി.എം കൂടുതല്‍ തര്‍ക്കത്തിനില്ല
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി നേതൃത്വവുമായി കൂടുതല്‍ തര്‍ക്കം വേണ്ടെന്ന് സി.പി.എമ്മില്‍ ധാരണ. ശനിയാഴ്ച അവസാനിച്ച സംസ്ഥാന സമിതിയുടേതാണ് തീരുമാനം. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കില്ളെന്നും സംഘ്പരിവാറുമായി കൂട്ടുചേരില്ളെന്നുമുള്ള എസ്.എന്‍.എന്‍.ഡി.പി നേതൃത്വത്തിന്‍െറ പുതിയ നിലപാടാണ് സി.പി.എം മനോഭാവത്തില്‍ മാറ്റംവരുത്തിയത്. എസ്.എന്‍.ഡി.പിയുടെ നിലപാട് മാറ്റത്തിന് ഇടയാക്കിയത് സി.പി.എമ്മിന്‍െറ ഇടപെടലാണ്. ഇതു ഗുണപരമായ മാറ്റമാണെന്നും യോഗം വിലയിരുത്തി. വര്‍ഗീയതക്കെതിരെ മതേതര കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനമായി. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ കോര്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലത്തിലാവും കൂട്ടായ്മ. വീടുകള്‍ സന്ദര്‍ശിച്ച് ജനങ്ങളെ ബോധവത്കരിക്കും.
കണ്ണൂരില്‍ ഗുരുദര്‍ശനങ്ങളെ ക്രൂശിക്കുന്നത് ചിത്രീകരിക്കുന്ന നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിച്ചത് ക്ഷീണമായി. ഒരു ലൈബ്രറിയുടേതായിരുന്നു നിശ്ചല ദൃശ്യം. എന്നാല്‍, അത് പാര്‍ട്ടി സംഘടിപ്പിച്ച ഓണം ഘോഷയാത്രയില്‍ കടന്നുവന്നതില്‍ ശ്രദ്ധക്കുറവ് സംഭവിച്ചു. ഇത്തരം കാര്യങ്ങളില്‍ ഇനി ശ്രദ്ധവേണമെന്ന് നിര്‍ദേശിച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികളുടേത് വലിയ സമരമാണെന്ന വിലയിരുത്തലുമുണ്ടായി. അതില്‍നിന്ന് തൊഴിലാളി സംഘടനകള്‍ പാഠംപഠിക്കണം. ഈ വിഷയത്തില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്, വിവാദ പ്രസ്താവന നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന് എന്നിവര്‍ക്കെതിരെ വിമര്‍ശമുയര്‍ന്നു.
മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരത്തില്‍ ഇടപെടുന്നതിലുണ്ടായ വീഴ്ച അന്വേഷിക്കാന്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയെയും സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി.
പത്മലോചനനെ കൊല്ലം ജില്ലാ കമ്മിറ്റിയിലും കെ.ഒ. ഹബീബിനെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും സ്ഥിരംക്ഷണിതാക്കളാക്കാന് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
