Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകോണ്‍ഗ്രസില്‍...

കോണ്‍ഗ്രസില്‍ പടയൊരുക്കം

text_fields
bookmark_border
കോണ്‍ഗ്രസില്‍ പടയൊരുക്കം
cancel

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ ‘ഐ’ വിഭാഗം പടനീക്കം ആരംഭിച്ചതോടെ ഇടവേളക്കുശേഷം സംസ്ഥാന കോണ്‍ഗ്രസ് വീണ്ടും പൊട്ടിത്തെറിയിലേക്ക്. തര്‍ക്കവിഷയങ്ങള്‍ ഹൈകമാന്‍ഡിന് മുന്നില്‍ എത്തിച്ചതോടെ സുധീരന്‍ ഒരുവശത്തും മന്ത്രി രമേശ് ചെന്നിത്തല മറുഭാഗത്തുമായി നിന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദപ്പെട്ട കെ.പി.സി.സി പ്രസിഡന്‍റ് വിഷയങ്ങള്‍ കുത്തിപ്പൊക്കാനും വഷളാക്കാനും ശ്രമിക്കുന്നെന്ന് ‘ഐ’ പക്ഷം ആരോപിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രശ്നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ ജനങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ ഭാഗത്തുനിന്നുള്ളതെന്നും അഴിമതിക്കാരെ ഗ്രൂപ്കവചം നല്‍കി രക്ഷിക്കാനുള്ള ശ്രമം വിജയിക്കില്ളെന്നും അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിയും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളും മറയാക്കിയാണ് സുധീരനും ‘ഐ’ പക്ഷവും കൊമ്പുകോര്‍ക്കുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ഇരുകൂട്ടരും ഉന്നംവെക്കുന്നുണ്ട്.

തിങ്കളാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയെ സന്ദര്‍ശിച്ച ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ഗ്രൂപ്പിനുള്ള അതൃപ്തി തുറന്നുപറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റിനെതിരായ പരസ്യ പ്രസ്താവനയും തൃശൂര്‍ ഡി.സി.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സ്വീകരിച്ച ഏകപക്ഷീയ നിലപാടുകളും ആണ് സുധീരനെതിരെ ‘ഐ’ പക്ഷം ആയുധമാക്കിയിരിക്കുന്നത്.

ചാവക്കാട്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തിന് പിന്നില്‍ ‘ഐ’ പക്ഷം ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് ശ്രമിച്ചെന്നാണ് ‘ഐ’ വിഭാഗത്തിന്‍െറ ആക്ഷേപം. സംഭവത്തിന്‍െറ പേരില്‍ കെ.പി.സി.സി സ്വീകരിച്ച അച്ചടക്കനടപടി തങ്ങളെ ബോധപൂര്‍വം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആയിരുന്നെന്നാണ് ‘ഐ’ പക്ഷം കുറ്റപ്പെടുത്തുന്നത്. സംഭവത്തിന്‍െറ പേരില്‍ മുതിര്‍ന്ന പാര്‍ട്ടിനേതാവും മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണനെതിരെ എതിര്‍പക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വമോ കെ.പി.സി.സി നേതൃത്വമോ പ്രതിരോധിക്കാന്‍ തയാറായില്ല. പാര്‍ട്ടി മന്ത്രിക്കെതിരെ നിലപാടെടുത്തിരിക്കുന്ന തൃശൂര്‍ ഡി.സി.സി നേതൃത്വത്തെ പിന്തുണക്കുന്ന സമീപനമാണ് കെ.പി.സി.സി പ്രസിഡന്‍റ് സ്വീകരിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റിനെതിരെ സുധീരന്‍ സ്വീകരിച്ചിരിക്കുന്ന പരസ്യനിലപാടില്‍ ‘ഐ’ പക്ഷത്തിനുള്ള കടുത്ത അതൃപ്തിയും ചെന്നിത്തല സോണിയയെ ധരിപ്പിച്ചു. ജോയി തോമസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ കെ.പി.സി.സി പ്രസിഡന്‍റ് അക്കാര്യം പരസ്യമായി പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ‘ഐ’ പക്ഷത്തിന്‍െറ പരാതി. ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത നടപടിയാണ് കെ.പി.സി.സി പ്രസിഡന്‍റില്‍നിന്ന് ഉണ്ടായതെന്നും ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിച്ച് തങ്ങളെ ദുര്‍ബലപ്പെടുത്താനാണ് അദ്ദേഹത്തിന്‍െറ നീക്കമെന്നും പാര്‍ട്ടി അധ്യക്ഷയെ ചെന്നിത്തല അറിയിച്ചെന്നാണ് സൂചന.  

സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപ്പുകളുടെയും താല്‍പര്യം അംഗീകരിക്കാതെയാണ് കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തേക്ക് സുധീരനെ ഹൈകമാന്‍ഡ് നിയോഗിച്ചത്. മുമ്പ് ‘എ’ ഗ്രൂപ്പിന്‍െറ അമരത്ത് ഉണ്ടായിരുന്ന അദ്ദേഹം സമീപകാലത്ത് ഗ്രൂപ്പുകളില്‍നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുകയാണ്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് അദ്ദേഹം പരിഗണിക്കപ്പെടാന്‍ പ്രധാന കാരണവും അതുതന്നെയാണ്. എന്നാല്‍, കെ.പി.സി.സി പ്രസിഡന്‍റുസ്ഥാനത്തത്തെിയ അദ്ദേഹം സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന സംശയം പ്രബല ഗ്രൂപ്പുകള്‍ക്കുണ്ട്. കെ.പി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ ഇരുഗ്രൂപ്പിലും നിലയുറപ്പിച്ചിരുന്ന പലരും ഇപ്പോള്‍ സുധീരനൊപ്പമാണ്. ചിലര്‍ പരസ്യമായി മാറിയിട്ടില്ളെങ്കിലും പഴയപടി ഗ്രൂപ് താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പൂര്‍ണമായി നില്‍ക്കുന്നുമില്ല. കളംമാറി സുധീരനൊപ്പം ചേര്‍ന്നവരില്‍ ഏറിയകൂറും നേരത്തേ ‘ഐ’ പക്ഷത്ത് ഉണ്ടായിരുന്നവരാണ്.

സ്വന്തം നിലയില്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്ന സുധീരന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഉന്നമിടുന്നെന്ന സംശയം ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. ഇടതുമുന്നണിയിലെയും സി.പി.എമ്മിലെയും പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടിത്തരുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ ആത്മവിശ്വാസവും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നിലുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ ചാണ്ടിക്കാണെങ്കിലും ഭരണത്തുടര്‍ച്ച ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ചെന്നിത്തലയും സുധീരനും ഉണ്ട്.  ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ ചെന്നിത്തലയുടെ പേര് മാത്രമാണ് ഇത്രയുംകാലം ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സ്വീകരിച്ച ശക്തമായ ഇടപെടലും ക്ളീന്‍ ഇമേജും പൊതുസമൂഹത്തില്‍ സുധീരന് മുഖ്യ ഇടം നേടിക്കൊടുത്തിട്ടുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ നേതൃത്വം നല്‍കാന്‍ പുതിയ മുഖം വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയര്‍ന്നേക്കാം. ഇത് മുന്നില്‍ക്കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉള്‍പ്പെടെ സുധീരന്‍െറ ഇടപെടല്‍ ഉണ്ടാകുമെന്ന് ഇരുഗ്രൂപ്പുകളും ഭയപ്പെടുന്നു. അതിനാല്‍ ഇപ്പോള്‍തന്നെ അദ്ദേഹത്തെ മെരുക്കി നിര്‍ത്തേണ്ടത് ഗ്രൂപ്പുകള്‍ക്ക് ആവശ്യമാണ്.അതുകൂടി മുന്നില്‍ക്കണ്ടാണ് ‘ഐ’ പക്ഷം പരസ്യമായിത്തന്നെ സുധീരനെതിരെ ഇപ്പോള്‍ രംഗത്തത്തെിയിട്ടുള്ളത്.

സംസ്ഥാന കോണ്‍ഗ്രസില്‍ കുറച്ചുകാലമായി നിര്‍ജീവമായിരുന്ന ഗ്രൂപ്പുപോര് പുതിയ രീതിയില്‍ പുറത്തുവരുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. എ, ഐ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു മുന്‍കാലങ്ങളില്‍ ഏറ്റുമുട്ടിയിരുന്നതെങ്കില്‍ ഇത്തവണ അതിന് മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴത്തെ തര്‍ക്കവിഷയങ്ങില്‍ ‘എ’ പക്ഷം കക്ഷിയാണെങ്കിലും തന്ത്രപരമായ നിഷ്പക്ഷതയാണ് അവരുടെ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. പകരം അഴിമതിയുടെയും അക്രമത്തിന്‍െറയും കാര്യത്തില്‍ അവരുടെ വാദങ്ങളിലെ നീതി ചൂണ്ടിക്കാട്ടി അതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത് സുധീരന്‍ ആണ്. എന്തായാലും സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി ശാന്തതയുടെ നാളുകള്‍ ആയിരിക്കില്ളെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചനകള്‍.
സുധീരനെതിരെ ‘ഐ’ ഗ്രൂപ് ഹൈകമാന്‍ഡില്‍
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനെതിരെ പരാതിയുമായി ‘ഐ’ വിഭാഗം കോണ്‍ഗ്രസ് ഹൈകമാന്‍ഡില്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട സംഘം, സുധീരനെതിരെ പരാതി നിരത്തി.

ഐ ഗ്രൂപ്പിനെതിരെ സുധീരന്‍ നീങ്ങുന്നു, പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ ഉയര്‍ത്തുന്നു എന്നിങ്ങനെയുള്ള പരാതികള്‍ക്കൊപ്പം പാര്‍ട്ടി പുന$സംഘടന വൈകിമാത്രം നടത്തിയാല്‍ മതിയെന്ന നിലപാടും അറിയിച്ചിട്ടുണ്ട്. എന്നാല്‍, സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ പറയാനാണ് സോണിയയെ കണ്ടതെന്നാണ് ചെന്നിത്തല പിന്നീട് വാര്‍ത്താലേഖകരോട് വിശദീകരിച്ചത്. സഹകരണമേഖലയിലെ വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ പാര്‍ട്ടി എം.പിമാരെക്കൊണ്ട് ഉന്നയിപ്പിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ഉറപ്പുനല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഈ ആവശ്യത്തിനുമാത്രമായി കേരളത്തില്‍നിന്ന് രണ്ടു മന്ത്രിമാരും മറ്റ് ഏതാനും ഐ ഗ്രൂപ്പുകാരും പറന്നത്തെില്ളെന്ന് പാര്‍ട്ടിക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയതലത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തേക്ക് വൈകിപ്പിച്ചിരിക്കേ, കേരളത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും പാര്‍ട്ടി പുന$സംഘടനയും കൂട്ടിക്കലര്‍ത്തരുതെന്നും അവര്‍ പറഞ്ഞു. പതിവില്‍നിന്ന് ഭിന്നമായി വാര്‍ത്താസമ്മേളനം ഒഴിവാക്കിയാണ് ചെന്നിത്തലയും സി.എന്‍. ബാലകൃഷ്ണനും നാട്ടിലേക്ക് വൈകീട്ടുതന്നെ മടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story