എന്‍.ഡി.എ സഖ്യത്തില്‍ അടി; സീറ്റ് പങ്കിടല്‍ ധാരണ പ്രഖ്യാപനം മുടങ്ങി
text_fieldsന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കിടയില്‍ സീറ്റ് പങ്കുവെക്കുന്ന ചര്‍ച്ച സ്തംഭനാവസ്ഥയില്‍. ശനിയാഴ്ച വൈകീട്ട് സീറ്റുധാരണ പ്രഖ്യാപിക്കാനിരുന്നത് നീട്ടിവെച്ചു.
ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്റാം മാഞ്ചിയുടെ ഉടക്കാണ് പ്രധാന കാരണം. 15 സീറ്റ് നല്‍കാമെന്ന ബി.ജെ.പിയുടെ ഓഫറിന് വഴങ്ങാത്ത മാഞ്ചി 20 സീറ്റെങ്കിലും കിട്ടണമെന്ന നിലപാടിലാണ്. രാം വിലാസ് പാസ്വാന് നയിക്കുന്ന ലോക്ജനശക്തി പാര്‍ട്ടി, മുന്‍ മുഖ്യമന്ത്രി ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി എന്നിവയാണ് ബിഹാറില്‍ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍. സഖ്യകക്ഷികളെ മെരുക്കി പരമാവധി സീറ്റ് ബി.ജെ.പി കൈയടക്കാനൊരുങ്ങുന്ന ബി.ജെ.പി 243ല്‍ 170 വരെ സീറ്റില്‍ മത്സരിച്ചേക്കും. എല്‍.ജെ.പിക്ക് 40 സീറ്റ് വരെയും ആര്.എല്‍.എസ്.പിക്ക് 25 വരെയും സീറ്റ് നല്‍കാനാണ് ഉദ്ദേശ്യം.
എന്നാല്‍, 15 സീറ്റിലേക്ക് ഒതുക്കാന്‍ പറ്റില്ളെന്ന മാഞ്ചിയുടെ നിലപാട് ചര്‍ച്ചകള്‍ വഴിമുട്ടിച്ചു. സീറ്റ് പങ്കിടല്‍ ധാരണ പ്രഖ്യാപിക്കുന്നതിന് ബി.ജെ.പി ആസ്ഥാനത്ത് വൈകീട്ട് ആറരക്ക് പ്രസിഡന്റ് അമിത് ഷായുടെ വാര്‍ത്താസമ്മേളനം വിളിച്ചതാണ്. എന്നാല്‍, അത് പലവട്ടം മാറ്റിവെച്ചു.
ഇതിനിടെ, സഖ്യത്തിനുള്ളില്‍ പിന്നാക്ക വിഭാഗം നേതാക്കളായ രാം വിലാസ് പാസ്വാനും ജിതന്റാം മാഞ്ചിയും ഉടക്കിലാണ്. പാസ്വാന്‍െറ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി മാഞ്ചി പ്രചാരണത്തിനിറങ്ങില്ളെന്ന് വ്യക്തമായിട്ടുണ്ട്. മാഞ്ചിയുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പാസ്വാന്‍െറ പാര്‍ട്ടിക്കാരും ഉണ്ടാവില്ല.
തനിക്കെതിരെ പാരവെക്കുകയാണ് പാസ്വാന് ചെയ്യുന്നതെന്ന രോഷമാണ് മാഞ്ചിയുടേത്. പിന്നാക്ക വിഭാഗങ്ങളുടെ നേതാവായി ചമയുന്ന രാം വിലാസ് പാസ്വാന്, സ്വന്തം കുടുംബക്കാരെ മാത്രമാണ് വളര്‍ത്തുന്നതെന്ന് മാഞ്ചി കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. അധികാരത്തിനൊപ്പം ചേരുന്ന അവസരവാദ രാഷ്ട്രീയമല്ലാതെ, പിന്നാക്ക വിഭാഗ പ്രശ്നങ്ങള്‍ കണ്ടതായി ഭാവിക്കുന്നില്ളെന്നും മാഞ്ചി പറഞ്ഞു.
മാഞ്ചിക്ക് സ്വന്തം സമുദായക്കാരായ മുസഹര്‍ വിഭാഗത്തിന്‍െറ പോലും വോട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കെല്പില്ളെന്ന് പാസ്വാന് ബി.ജെ.പി നേതാക്കളോട് പറഞ്ഞതിന്‍െറ രോഷമാണ് ഇത്തരത്തില്‍ അണപൊട്ടിയത്. ജനതാദള്‍-യു വിട്ട് മാഞ്ചിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്ന സിറ്റിങ് എം.എല്‍.എമാര്‍ക്കെല്ലാം സീറ്റ് കൊടുക്കുന്നത് ജയസാധ്യത നോക്കിയാകണമെന്ന് പാസ്വാന് ഉപദേശിച്ചതും മാഞ്ചിയുടെ ചെവിയിലത്തെിയിരുന്നു.
മാഞ്ചി-പാസ്വാന്മാരുടെ നാവടക്കാന്‍ ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസങ്ങളില്‍ തീവ്രശ്രമത്തിലായിരുന്നു. ബിഹാറിന്‍െറ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഇരുവരോടും താക്കീതിന്‍െറ സ്വരത്തിലാണ് സംസാരിച്ചത്. തൊട്ടുപിന്നാലെയാണ് സീറ്റ് പങ്കിടല്‍ പ്രഖ്യാപനം മാറ്റിവെക്കേണ്ടിവന്നത്.
ഇതിനിടെ, പാസ്വാനെതിരെ സ്വന്തം പാര്‍ട്ടി എം.പി തന്നെ രംഗത്തിറങ്ങി. കുടുംബക്കാരോടല്ലാതെ മറ്റാരുമായും കൂടിയാലോചിക്കാതെയാണ് പാസ്വാന് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് രാംകിഷോര്‍ സിങാണ് തുറന്നടിച്ചത്. ജനതാപരിവാര്‍-കോണ്‍ഗ്രസ് സഖ്യം സീറ്റ് ധാരണ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍-യുവും ആര്.ജെ.ഡിയും 100 വീതം സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് 40ല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
