ആര്‍.എസ്.എസ് ബാന്ധവം: എസ്.എന്‍.ഡി.പി നേതൃത്വത്തോട് വിട്ടുവീഴ്ചവേണ്ടെന്ന് സി.പി.എം
text_fields
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിന്‍െറ ആര്‍.എസ്.എസ് ബാന്ധവത്തിനെതിരെ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടില്‍ സി.പി.എം. ഗുരുദര്‍ശനങ്ങളില്‍നിന്നുള്ള യോഗനേതൃത്വത്തിന്‍െറ വ്യതിചലനം തുറന്നുകാട്ടാനും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി.
സി.പി.എം എതിര്‍ക്കുന്നത് എസ്.എന്‍.ഡി.പി യോഗത്തെയല്ല. ശ്രീനാരായണദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യമാണ് പാര്‍ട്ടിക്കുള്ളത്. ജാതിയും മതവും തമ്മില്‍ വേര്‍തിരിവില്ലാതെ മനുഷ്യനന്മക്ക് നിലകൊണ്ട ഗുരുവിന്‍െറ ദര്‍ശനങ്ങളില്‍നിന്ന് യോഗനേതൃത്വം വ്യതിചലിക്കുകയാണ്. സംഘ്പരിവാര്‍ കൂടാരത്തില്‍ ശ്രീനാരായണപ്രസ്ഥാനത്തെ കെട്ടാനുള്ള നീക്കം ഉപേക്ഷിക്കുംവരെ എതിര്‍ക്കണമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ഇതിന്‍െറ ഭാഗമായി ഇക്കാര്യം തുറന്നുകാട്ടുന്ന പ്രസംഗങ്ങളും പ്രചാരണവും ശക്തിപ്പെടുത്തും. മുതിര്‍ന്ന നേതാക്കളായ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും യോഗനേതൃത്വത്തിനെതിരെ ബുധനാഴ്ച നടത്തിയ കടന്നാക്രമണം സി.പി.എം നിലപാട് വെളിവാക്കുന്നതുമാണ്.
കണ്ണൂരില്‍ ബാലസംഘത്തിന്‍െറ ഓണം ഘോഷയാത്രയില്‍ ഗുരുദര്‍ശനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ചിത്രീകരിച്ചാണ് നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. ഇതില്‍ അപാകതയില്ല. എന്നാല്‍, അത് ഗുരുവിന്‍െറ അനുയായികളുടെ വികാരങ്ങളെ വേദനിപ്പിച്ച നിലയില്‍ അവതരിപ്പിച്ചത് ഒഴിവാക്കാമായിരുന്നു. വിശ്വാസികള്‍ മതപരമായ ആഘോഷങ്ങള്‍ നടത്തുന്നതില്‍ അപാകതയില്ല. എന്നാല്‍, ബി.ജെ.പിയെ പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അത് ശക്തിസമാഹരണത്തിനാണ് ഉപയോഗിക്കുന്നത്. ഇത് തുറന്നുകാട്ടുന്നതായിരുന്നു ബാലസംഘം സംഘടിപ്പിച്ച ഓണംഘോഷയാത്ര.
തദ്ദേശതെരഞ്ഞെടുപ്പിന്‍െറ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട മുന്‍കരുതലും യോഗം ചര്‍ച്ചചെയ്തു. യു.ഡി.എഫിന്‍െറ ജനവിരുദ്ധനയങ്ങള്‍ക്കൊപ്പം ബി.ജെ.പിയുടെ വര്‍ഗീയനിലപാടുകളും തെരഞ്ഞെടുപ്പില്‍ വിഷയമാക്കും. വര്‍ഗീയതക്കെതിരായ നിലപാടും മതേതരത്വം സംരക്ഷിക്കേണ്ടതും പ്രാദേശികവിഷയങ്ങള്‍ക്കൊപ്പം പ്രചാരണവിഷയമാക്കും. സാമുദായികസംഘടനകളെ ബി.ജെ.പി ഒപ്പം കൂട്ടുന്നത് മുന്‍കൂട്ടിക്കണ്ട് പ്രതിരോധിക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ തലത്തില്‍ എല്ലാ ജില്ലകളിലും സ്വീകരിക്കേണ്ട പൊതുനിലപാടുകള്‍ സംബന്ധിച്ചും ധാരണയായി. ഓരോ തദ്ദേശസ്ഥാപനത്തിലും പ്രാദേശികവിഷയങ്ങള്‍ കണക്കിലെടുത്ത് വിജയിക്കാന്‍ കഴിയുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് ശബരിമലതീര്‍ഥാടനം ആരംഭിക്കുന്നതിനുമുമ്പ് നടക്കുന്നത് രാഷ്ട്രീയമായി എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലെ രാഷ്ട്രീയസ്ഥിതി പ്രതികൂലമല്ല.
ഓരോ തദ്ദേശസ്ഥാപനത്തിനുംവേണ്ട പ്രകടനപത്രിക തയാറാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കും. രണ്ട് പ്രാവശ്യം മത്സരിച്ചവരെ സ്ഥാനാര്‍ഥിത്വപരിഗണനയില്‍ നിന്ന് ഒഴിവാക്കും. സ്വതന്ത്രരുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുടെയും സാധ്യത ഉപയോഗിക്കും. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മതിയായ പരിഗണന നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
