സമുദായ സംഘടനകള്‍ ആര്‍.എസ്.എസ് അജണ്ടക്ക് വശംവദരാകുന്നത് തടയണം-ഘടകങ്ങള്‍ക്ക് സി.പി.എം നിര്‍ദേശം
text_fieldsതിരുവനന്തപുരം: എസ്.എന്‍.ഡി.പി പോലുള്ള സാമുദായിക സംഘടനകളുടെ പ്രാദേശിക നേതൃത്വങ്ങള്‍ ബി.ജെ.പി, ആര്‍.എസ്.എസ് അജണ്ടക്ക് വശംവദരാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതിനായി മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ചും സമൂഹത്തില്‍ സ്പര്‍ധ ഉണ്ടാക്കാതെയും ശ്രീനാരായണ ഗുരുദര്‍ശനം ബോധ്യപ്പെടുത്തിയും ചര്‍ച്ചയില്‍ ഏര്‍പ്പെടണമെന്നാണ് നിര്‍ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സി.പി.എം തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതു വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍െറ ഭാഗമായാണിത്. സമുദായ സംഘടനകളെ ഹൈജാക് ചെയ്യാനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും അതിനു കേന്ദ്രത്തിലെ അധികാരം ഉപയോഗിക്കുകയാണെന്നും കോടിയേരി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്‍െറ ആശയങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനത്തിലാണ് എസ്.എന്‍.ഡി.പി നേതൃത്വം ഏര്‍പ്പെട്ടത്. തൊഗാഡിയ, അമിത് ഷാ എന്നിവരുമായി കൂട്ടുകൂടിയത് ഇതാണ് തെളിയിക്കുന്നത്. അതിനെ തുറന്നുകാട്ടാന്‍ കഴിയണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള പ്രാദേശിക- മുന്നണി ബന്ധത്തില്‍ ഏര്‍പ്പെടരുതെന്നും കോടിയേരി നിര്‍ദേശിച്ചു. ആര്‍.എസ്.പി, ജനതാദള്‍ എന്നിവയുമായും പ്രാദേശിക പാര്‍ട്ടികളുമായും കോണ്‍ഗ്രസുമായി തെറ്റി നില്‍ക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുമായും ചര്‍ച്ച നടത്തി യോജിച്ച പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. പ്രാദേശിക വിഷയം കൂടി പരിഗണിച്ച് ജില്ലാ കമ്മിറ്റിയുടെ സഹായത്തോടെ വേണം ഇതു ചെയ്യാന്‍. രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ സ്ഥാനാര്‍ഥികളാവാന്‍ പാടില്ല. ഇക്കാര്യത്തില്‍ ഇളവ് വേണമെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി വേണം. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കുന്നത് വിലക്കി. ഏരിയ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും മത്സരിക്കാന്‍ പാടില്ല. ഇക്കാര്യത്തിലും ഇളവ് വേണമെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ അനുമതി തേടണം. നേതൃത്വത്തിലുള്ള കരുത്തുറ്റ സ്ത്രീകള്‍, സ്വതന്ത്രര്‍ എന്നിവര്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കണം. റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികളെയും പരിഗണിക്കണം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിശ്ചയിക്കണം. വിദ്യാര്‍ഥി-യുവജന-മഹിളാ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ശ്രമിച്ചാല്‍ അതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യന്‍-മുസ്ലിം ന്യൂനപക്ഷ സംഘടനകളുമായി കൂട്ടുചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. റബര്‍, കാര്‍ഷിക വിളകള്‍ ഇവയുടെ വിലയിടിവിന് എതിരെ ന്യൂനപക്ഷങ്ങളില്‍നിന്ന് എതിര്‍പ്പുണ്ട്. ഇത് ഉപയോഗിക്കാന്‍ കഴിയണം. എ.കെ.ജി സെന്‍ററില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.