ഭരണകര്‍ത്താക്കള്‍ വര്‍ഗീയതയുടെ പ്രചാരകരായി –ഹൈദരലി തങ്ങള്‍
text_fieldsചെന്നൈ: രാജ്യത്ത് ഭരണകര്‍ത്താക്കള്‍ വര്‍ഗീയതയുടെ പ്രചാരകരും നടത്തിപ്പുകാരുമായി മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം വര്‍ഗീയതയുടെ പിടിയിലാണ്. അധികാരം മാത്രമല്ല പരമമായ ലക്ഷ്യമെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. വര്‍ഗീയതയെ പിന്താങ്ങുന്ന പ്രസ്താവന പ്രധാനമന്ത്രി കെട്ടഴിച്ചുവിടുന്നു. നരേന്ദ്ര മോദി ‘ഷോമാന്‍’ ആണ്. കേന്ദ്ര സര്‍ക്കാറിന്‍െറ പിന്തുണയോടെ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടണം.
ബി.ജെ.പി സര്‍ക്കാര്‍ മതത്തിന്‍െറ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുക മാത്രമല്ല, കോര്‍പറേറ്റുകളുടെ താല്‍പര്യ സംരക്ഷകരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മൂല്യശോഷണം വ്യാപകമാകുന്നു. രാജ്യം ഭരിക്കുന്നവര്‍ കുറ്റവാളികള്‍ ആകാന്‍ പാടില്ല. പൊതുമുതല്‍ സന്തുലിതമായി വിനിയോഗിക്കപ്പെടണം.
മുസ്ലിം ജനസംഖ്യയുടെ വളര്‍ച്ച കുറയുന്നതായാണ് സെന്‍സസ് വെളിപ്പെടുത്തുന്നത്. എന്നാല്‍, ഇതിന് എതിരായ പ്രചാരണം സംഘടിതമായി അഴിച്ചുവിടുകയാണ്. നിരവധി മുസ്ലിം യുവാക്കള്‍ കള്ളക്കേസില്‍ കുടുങ്ങി ജയിലിലാണ്. ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയ സംഘശക്തിയായി ഉയരേണ്ടത് കാലത്തിന്‍െറ ആവശ്യമാണ്.
സംഘ്പരിവാര്‍ ഭീഷണി ചെറുക്കാന്‍ ചില സംഘടനകള്‍ തെറ്റായ ശ്രമങ്ങളാണ് നടത്തുന്നത്. ഇവര്‍ക്ക് ശരിയായ രാഷ്ട്രീയബോധം നല്‍കണമെന്നും തങ്ങള്‍ പറഞ്ഞു.
അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പി, ട്രഷററും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തില്‍നിന്ന് മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാര്‍, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. 20 സംസ്ഥാനങ്ങളില്‍നിന്ന് 92 അംഗങ്ങളും 20 പ്രത്യേക ക്ഷണിതാക്കളുമടക്കം 112 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാന പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരാണ് സംബന്ധിക്കുന്നത്. വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നിലപാട്, മതേതരചേരി വിപുലപ്പെടുത്തല്‍ തുടങ്ങിയവ രണ്ട് സെഷനുകളായി ചര്‍ച്ചചെയ്തു. രാഷ്ട്രീയ-സംഘടനാ വിഷയങ്ങളും പരിഗണിച്ചു.
ഇന്ന് മൂന്ന് സെഷനുകളുണ്ടാവും. വൈകുന്നേരം അഞ്ചോടെ സമിതി സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
