ബാലസംഗമം: ലക്ഷ്യം സി.പി.എം ശക്തികേന്ദ്രങ്ങളിലെ സംഘ്പരിവാര്‍ കടന്നുകയറ്റം തടയല്‍
text_fieldsതിരുവനന്തപുരം: ബാലസംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ നടത്തിയ ബാലസംഗമം വഴി സി.പി.എം ലക്ഷ്യമിട്ടത് ശക്തികേന്ദ്രങ്ങളിലെ സംഘ്പരിവാര്‍ കടന്നുകയറ്റം തടയല്‍. മത-സാമുദായിക സംഘടനകളെ ഹിന്ദുത്വചട്ടക്കൂടിലേക്ക് കൊണ്ടുപോയി സംസ്ഥാന രാഷ്ട്രീയ-പൊതുമണ്ഡലത്തില്‍ ശക്തി വര്‍ധിപ്പിക്കാനുള്ള ബി.ജെ.പി നീക്കം ശക്തിപ്പെട്ട സാഹചര്യത്തിലാണിത്.
അതേസമയം, ഹിന്ദുത്വത്തെ നേരിടാന്‍ മൃദുഹിന്ദുത്വമാര്‍ഗം സ്വീകരിക്കുന്നത് സി.പി.എമ്മിന് തിരിച്ചടിയാവുമെന്ന അഭിപ്രായം പാര്‍ട്ടിയിലും പുറത്തും ഒരു വിഭാഗത്തിനുണ്ട്.
ബാലഗോകുലത്തിന്‍െറ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സി.പി.എം അംഗങ്ങളുടെയും അനുഭാവികുടുംബങ്ങളിലെയും അംഗങ്ങള്‍ പങ്കെടുക്കുന്നത് നേരത്തേതന്നെ നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെട്ടിരുന്നു.
എന്നാല്‍, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയസമവാക്യം സൃഷ്ടിക്കാനും ഒപ്പം കണ്ണൂര്‍ പോലെ സി.പി.എം കേന്ദ്രങ്ങളിലേക്ക് കടക്കാനുള്ള ബി.ജെ.പി ശ്രമം തടയാനുമാണ് ബദല്‍മാര്‍ഗങ്ങള്‍ തേടിയത്.
ബാലഗോകുലത്തിന്‍െറ ശ്രീകൃഷ്ണജയന്തി ആഘോഷം കടമെടുത്തെന്ന ആക്ഷേപത്തെ പാടേ നിഷേധിച്ചാണിത് സംഘടിപ്പിച്ചതും.
തങ്ങള്‍ നടത്തിയത് ഓണാഘോഷങ്ങളുടെ സമാപനം മാത്രമാണെന്നാണ് ബാലസംഘവും സി.പി.എമ്മും നല്‍കുന്ന വിശദീകരണം.
സംസ്ഥാനത്തെമ്പാടും വില്ളേജ് കേന്ദ്രങ്ങളില്‍ ഇത് നടത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ പോലെ പാര്‍ട്ടിഗ്രാമങ്ങളുള്ള വടക്കന്‍ മലബാറില്‍ എതിര്‍കക്ഷികള്‍ക്ക് മേല്‍ക്കോയ്മയുള്ള ഇടങ്ങളിലേക്ക് ശക്തി വ്യാപിപ്പിക്കാന്‍ ഓരോ പാര്‍ട്ടിയും ശ്രമിക്കാറുണ്ട്.
ഇതിനെ പ്രതിരോധിക്കുക മാത്രമാണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പോംവഴി. ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലസംഗമം സംഘടിപ്പിച്ചതുവഴി എതിരാളികള്‍ക്ക് അപ്രതീക്ഷിത പ്രഹരം നല്‍കാനായെന്ന വിലയിരുത്തലാണ് നേതൃത്വത്തിനുള്ളത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിന് മുന്നില്‍ ഉറിയടി നടത്താനും സി.പി.എമ്മിനെ പ്രകോപിപ്പിക്കാനും ആര്‍.എസ്.എസ് ബാലഗോകുലത്തെ ഉപയോഗിച്ചുനടത്തിയ ശ്രമം ഇതിന് ഉദാഹരണമായി ഇവര്‍ കാണുന്നു.
എസ്.എന്‍.ഡി.പിയെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാനുള്ള യോഗംനേതൃത്വത്തിന്‍െറ ശ്രമങ്ങള്‍ക്കെതിരെ ബൗദ്ധികതലത്തിലും പൊതുസമൂഹത്തിലും തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഗുണം ചെയ്തതായി സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ശ്രീനാരായണഗുരുവിന്‍െറ ദര്‍ശനങ്ങളും സംഘ്പരിവാര്‍ പ്രത്യയശാസ്ത്രവും തമ്മിലുള്ള വ്യത്യാസം പ്രസംഗവേദികളിലൂടെയും ലേഖനങ്ങള്‍ വഴിയും അവതരിപ്പിച്ചത് എസ്.എന്‍.ഡി.പി അംഗങ്ങളെ നല്ലനിലയില്‍ സ്വാധീനിച്ചുവെന്നും വിലയിരുത്തുന്നു. ഇതുകൂടി മുന്‍നിര്‍ത്തിയാണ് ശ്രീകൃഷ്ണജയന്തി വഴിയുള്ള മുതലെടുപ്പ് തടയുന്നതിന് സി.പി.എം മുന്നിട്ടിറങ്ങിയത്.
എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മധ്യവര്‍ഗത്തിനിടയില്‍ മൃദുഹിന്ദുത്വവികാരങ്ങള്‍ ഉണര്‍ത്തുന്ന നടപടിയാണ് ശ്രീകൃഷ്ണജയന്തിദിനത്തിലെ ആഘോഷങ്ങള്‍ എന്ന ആക്ഷേപം ഉയരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി അനുഭാവികളില്‍ നിന്നടക്കമുള്ള ചില പ്രതികരണവും ഈ ആശങ്ക പങ്കുവെക്കുന്നതാണ്. 2002ലെ ഗുജറാത്ത് കലാപത്തിനുശേഷം കോണ്‍ഗ്രസ് അവിടെ ബി.ജെ.പിയെ നേരിടാന്‍ സ്വീകരിച്ച മൃദുഹിന്ദുത്വസമീപനം ഒടുവില്‍ തിരിച്ചടിക്കിടയാക്കിയത് ചൂണ്ടിക്കാട്ടിയാണിത്. സി.പി.എമ്മിനും സമാന സ്ഥിതിവിശേഷം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
