Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമലയോരവിലാപം

മലയോരവിലാപം

text_fields
bookmark_border
മലയോരവിലാപം
cancel

അഞ്ചാണ്ടിലൊരിക്കല്‍ മാത്രം മനുഷ്യന്‍െറ പരിഗണന കിട്ടുന്ന ഒരുകൂട്ടം ജീവിതങ്ങളുണ്ട്, ജില്ലയുടെ കിഴക്കന്‍ മേഖലയില്‍. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും നടക്കുന്നതും അവരെ ‘ബാധിക്കാറില്ല’. വെറ്റിലപ്പാറയില്‍ തുടങ്ങി വിവാദങ്ങളൊഴിയാത്ത അതിരപ്പിള്ളിയും കൊടകരയും വരന്തരപ്പിള്ളിയും ആമ്പല്ലൂരും മാടക്കത്തറയും മരോട്ടിച്ചാലും കടന്ന് പൂമലയിലും വാഴാനിയിലും എളനാട്ടിലുമത്തെുന്ന വിസ്തൃതമായ പ്രദേശമാണ് ജില്ലയുടെ മലയോരം.  ഇവിടങ്ങളിലെല്ലാം പരാതികളും പരിഭവങ്ങളും ഏറെയുണ്ട്...
അതിരപ്പിള്ളി പദ്ധതിയുടെ ആളാണോ; മടങ്ങാം
എന്നോ തുടങ്ങിയ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി ചര്‍ച്ച ഇപ്പോഴും തുടരുന്നു; ഇടക്ക് മങ്ങിയും പിന്നെ തിളങ്ങിയും. തദ്ദേശ തെരഞ്ഞെടുപ്പിലും അതിരപ്പിള്ളിക്ക് മാറി നില്‍ക്കാനാവില്ളെന്ന് വെറ്റിലപ്പാറ കോളനിയിലെ ആദിവാസികള്‍ പറയുന്നു. തങ്ങളുടെ ന്യായമായ ആശങ്കക്ക് പരിഹാരമേകുന്നതൊന്നും അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടി വാദിക്കുന്നവര്‍ വ്യക്തമാക്കുന്നില്ല. വികസനം തടയാന്‍ പറയുന്നതല്ല. കോളനികളിലുള്ളവരുടെ വാസസ്ഥലങ്ങള്‍ ഇല്ലാതാവുന്നതാണ് അവരുടെ പ്രശ്നം. അതിരപ്പിള്ളിയുടെ ജൈവസമ്പത്ത് ഇല്ലാതാക്കും. കാടിനെയും കാട്ടുമൃഗങ്ങളെയും ഇല്ലാതാക്കും. ഇപ്പോള്‍ത്തന്നെ വെള്ളത്തിന് പ്രശ്നമുണ്ട്. എന്നിട്ടും അതിരപ്പിള്ളി പദ്ധതി വേണമെന്ന് വാശി പിടിക്കുന്നതില്‍ ദുരൂഹതയുണ്ട്. അതിരപ്പിള്ളി പദ്ധതിയെ പിന്താങ്ങുന്നവരുടെ പ്രതിനിധികള്‍ക്ക് പടിവാതില്‍ക്കല്‍ വരെ മാത്രമാണ് പ്രവേശമെന്ന് കോളനിക്കാര്‍.
ഒരു വഴി വേണം, നടക്കാന്‍
തകര്‍ന്ന റോഡും, പകല്‍നേരം പോലും ഇരുളിലാണ്ട വഴിയും. ജില്ലയുടെ മലയോര മേഖലയിലെ റോഡിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും നല്ലത്. വനാന്തരങ്ങളെങ്കിലും ഇവിടെ പാര്‍ക്കുന്നവര്‍ക്ക് അത്യാവശ്യത്തിന് ആശുപത്രിയില്‍ പോകണമെങ്കില്‍ വാഹനം കടന്നു ചെല്ലുന്നത് അപൂര്‍വം. കട്ടിലോടെയോ, കസേരയിലെടുത്തോ ആശുപത്രിയിലത്തെിക്കുമ്പോഴേക്കും ജീവന്‍ രക്ഷിക്കാനായാല്‍ ഭാഗ്യം. വരന്തരപ്പിള്ളിയിലെയും, പുത്തൂരില്‍ മരോട്ടിച്ചാലിലെയും തകര്‍ന്ന റോഡുകള്‍ക്ക് ചില ആശുപത്രി യാത്രകള്‍ക്കിടയിലെ മരണത്തെക്കുറിച്ചും പറയാനുണ്ടെന്നതാണ് ഗൗരവകരം. എലിക്കോട് കോളനിയിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്നത് മൂന്ന് പതിറ്റാണ്ടിലേറെയായുള്ള ആവശ്യമാണ്. റബര്‍ തോട്ടത്തിനുള്ളിലൂടെ മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡാണ് കോളനിയിലേക്കായുള്ളത്. ഒളനപറമ്പ് കോളനി റോഡും തകര്‍ന്ന നിലയിലാണ്. ഈ റോഡിന്‍െറ നവീകരണ പ്രവൃത്തികള്‍ക്കായി നബാര്‍ഡ് സ്കീമില്‍ 1.25 കോടി രൂപ അനുവദിച്ചതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഫയല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഉറപ്പുകൊടുത്തിരുന്നു. ഇതും പാലിക്കപ്പെട്ടിരുന്നില്ല.
വിതക്കും, കൊയ്യില്ല..
നൂറുമേനിയുടെ വിളവ് പാകമായത്തെുമെങ്കിലും പലപ്പോഴും കൃഷി വെറുതെയാവും. ആനയും കാട്ടുപന്നിയുമെല്ലാം കയറി വിള നശിപ്പിക്കും. ഇവയെ നേരിടുന്നതിനോ, തടയുന്നതിനോ ആവശ്യമായ സമഗ്ര പദ്ധതികളില്ളെന്നത് മലയോര മേഖലയെ വലക്കുന്ന പ്രശ്നമാണ്. റബറും, ഏലവും, കാപ്പിയും മാത്രമല്ല. വാഴയും, കപ്പയും, തെങ്ങും, കവുങ്ങുമെല്ലാമുള്ള കാര്‍ഷിക വിളകളും മലയോരത്ത് വിളയുന്നുണ്ടെങ്കിലും ഇതൊക്കെ വിളയിച്ചെടുക്കുന്ന കര്‍ഷകന് ഉപയോഗിക്കാന്‍ കഴിയുക അപൂര്‍വമായി മാത്രമാണ്. ഏറെയും ഇതെല്ലാം നശിപ്പിക്കപ്പെട്ട ചരിത്രം മാത്രമാണ് മലയോരത്തിനുള്ളത്.
മണ്ണിന് അവകാശമില്ലാത്തവര്‍
മെഗാ അദാലത്തും, പട്ടയമേളകളും, വിവിധ പദ്ധതികളുമുണ്ടായെങ്കിലും മലയോര മേഖലയില്‍ ഭൂമിയുടെ കൈവശാവകാശമുള്ളവര്‍ ന്യൂനപക്ഷം മാത്രം. എണ്ണായിരത്തിലധികം മലയോര കര്‍ഷകര്‍ പതിറ്റാണ്ടുകളായി കൈവശഭൂമിയില്‍ താമസിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ രണ്ട് ജനസമ്പര്‍ക്കത്തിലും അപേക്ഷിച്ച ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചില്ല. മലയോര കര്‍ഷകരെ കൂടാതെ റവന്യൂ -വില്ളേജ് പുറമ്പോക്കുകള്‍, തോട്, പുഴ, കനാല്‍, മേച്ചില്‍പുറം ഭാഗങ്ങളിലടക്കം 20,000ല്‍പരം പേര്‍ക്ക് ജില്ലയില്‍ കൈവശഭൂമിക്ക് പട്ടയം ലഭിക്കാനുണ്ടെന്നാണ് കണക്ക്.

മലയോരകര്‍ഷകര്‍ക്കും പുറമ്പോക്ക് നിവാസികള്‍ക്കും പട്ടയം നല്‍കാന്‍ നിയമതടസ്സങ്ങളൊന്നുമില്ളെന്ന് റവന്യൂ വകുപ്പ് തന്നെ പറയുന്നു. ഒല്ലൂര്‍, വടക്കാഞ്ചരേി, ചേലക്കര, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലാണ് മലയോര കര്‍ഷകര്‍ കൂടതലും. ജില്ലയില്‍ രണ്ടായിരം മലയോര കര്‍ഷകരുടെ ഭൂമിയുടെ സംയുക്ത പരിശോധന കഴിഞ്ഞ് പട്ടയം നല്‍കാന്‍ കേന്ദ്രാനുമതിയായെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇതിനും പുറമെ, വിവിധ ഹരജികള്‍ പരിഗണിക്കവെ, ജില്ലയിലെ മലയോര മേഖലയിലെ 426 പട്ടയങ്ങള്‍ അനുവദിക്കാന്‍ സുപ്രീംകോടതിയും മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടതിലും ഇന്നും നടപടിയായിട്ടില്ല. വാഴച്ചാല്‍ കോളനി, ചീനിപ്പറമ്പ്, ഒളനപറമ്പ്, ചക്കിപ്പറമ്പ്, എലിക്കോട്, പൊകലപ്പാറ കോളനികളിലെ ആദിവാസി കുടുംബങ്ങള്‍ അവഗണനയുടെ പ്രതിരൂപങ്ങളാണ്.
ഭയമാണ് കൂടെപ്പിറപ്പ്
കാട്ടാനക്കൂട്ടവും, പുലിയുമടങ്ങുന്ന വന്യജീവികളുടെ കടന്നുകയറ്റ ഭീഷണി കൃഷിവിളകള്‍ നശിപ്പിക്കുന്നതില്‍ മാത്രമല്ല. വളര്‍ത്തുമൃഗങ്ങളും ആളപായവുമുള്‍പ്പെടെ കനത്ത ഭീതിയാണ് മലയോരമേഖലയിലുള്ളത്.  രാവും പകലുമില്ലാതെയത്തെുന്ന കാട്ടാനക്കൂട്ടവും, കാട്ടുപന്നികളും നിരന്തര ശല്യത്തേക്കാളുപരിയായ ഭീഷണിയാണ്. ഇതോടൊപ്പമാണ് വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്ന ഒറ്റക്കും തെറ്റക്കുമിറങ്ങുന്ന പുലിയും മറ്റ് വന്യജീവികളും പാമ്പുകളടങ്ങുന്ന ഉരഗങ്ങളും. അതിരപ്പിള്ളിയും, വരന്തരന്തപ്പിള്ളിയും, മുറ്റിച്ചൂരും, മരോട്ടിച്ചാലും, പുത്തൂരും, വാഴാനിയുമെല്ലാം കാട്ടാനക്കൂട്ടത്തിന്‍െറയും പുലികളുടെയും ഭീഷണിയിലാണ്. 
അവഗണനയുടെ അവശേഷിപ്പ്
എല്ലാ വിഷമതകള്‍ക്കുമപ്പുറത്ത് എല്ലാ മേഖലയില്‍ നിന്നുമുള്ള കടുത്ത അവഗണന അസഹ്യമാണെന്ന് മരോട്ടിച്ചാലിലെ ആദിവാസി പ്രമോട്ടര്‍ ഡേവീസ് പറയുന്നു. ആവശ്യവുമായത്തെുന്ന പഞ്ചായത്തുള്‍പ്പെടെയുള്ള ഓഫിസുകളില്‍ നിന്ന്, പരാതിയുമായത്തെുന്ന പൊലീസ് സ്റ്റേഷനുകളില്‍ നിന്ന്, ആദിവാസി, വനം വകുപ്പ് ഓഫിസുകളില്‍ നിന്ന്, പരാതി നല്‍കിയാല്‍ നല്‍കിയവരെ പ്രതികളാക്കുന്ന സമീപനമാണ് അധികൃതരില്‍ നിന്ന്. അവഗണനയറിയിച്ച് വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചുവെങ്കിലും സമീപനത്തില്‍ ആരില്‍ നിന്നും ഒരു മാറ്റവുമുണ്ടായിട്ടില്ല.
പട്ടിണി വിരുന്നുകാരനല്ല, വീട്ടുകാരന്‍
പോഷകാഹാരക്കുറവില്‍ ആദിവാസി കുഞ്ഞുങ്ങള്‍ അട്ടപ്പാടിയില്‍ മാത്രമല്ല മരിച്ചു വീണ ദുരന്തമുണ്ടായത്. പലപ്പോഴും പട്ടിണി മലകയറുന്നുവെന്ന സത്യത്തിന് നേരെ ജില്ലയുടെ മലയോരത്തിനും കണ്ണടക്കാനാവില്ല. നേര്‍ത്ത പനി, ക്ഷയിച്ച ആരോഗ്യത്തെ ആകെ പിടികൂടി കുഞ്ഞിനും, 40കാരന്‍ പിതാവിനും മരണമുണ്ടായത് വരന്തരപ്പിള്ളിയിലാണ്. പൊകലപ്പാറയിലെ പോഷകാഹാരക്കുറവ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ, ജില്ലാ മെഡിക്കല്‍ സംഘത്തിന്‍െറ ക്യാമ്പിലും കണ്ടത്തെിയതാണ്. വീണ്ടും ലക്ഷങ്ങളുടെ പദ്ധതികളും ആരോഗ്യവകുപ്പിന്‍െറ പ്രത്യേക കേന്ദ്രീകരണവും, തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടിയന്തര ഇടപെടലുമൊക്കെ ആദ്യനാളില്‍ വന്നുവെങ്കിലും, പഴയപടിയിലേക്ക് മടങ്ങി.
നിത്യ പരാതിക്കാര്‍, കണ്ണിലെ കരട്
കള്ളവാറ്റും, ലഹരി വസ്തുക്കളുടെയും മാത്രമല്ല, മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നുവെന്ന ഭീഷണി കൂടി മലയോരം നേരിടുന്നുണ്ട്. മാവോയിസ്റ്റുകളെ തിരഞ്ഞുള്ള പൊലീസിന്‍െറ അന്വേഷണം മലയോരമേഖലയിലെ നിരവധി കുടിയേറ്റക്കാരെ ഇന്നും വിഷമിപ്പിക്കുന്നുണ്ട്. പൊലീസിന്‍െറയും വനംവകുപ്പിന്‍െറയും നിതാന്ത നിരീക്ഷണമുണ്ടായിട്ടും കള്ളവാറ്റും, ലഹരിവസ്തുക്കളുടെയും വിളവെടുപ്പ് കേന്ദ്രമായി മലയോരവും, ആദിവാസിമേഖലയും മാറിയതും പരിശോധിക്കപ്പെടേണ്ടതാണെന്ന് ഇവര്‍ പറയുന്നു.
ഒളിച്ചിരിപ്പുണ്ട്, ദുരന്തം
പാരിസ്ഥിതിക നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കിഴക്കന്‍ മലയോര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകളും മണ്ണെടുപ്പും കുന്നിടിക്കലും പരിസ്ഥിതി ദുരന്തത്തിന് ദുരമില്ല. ഉരുള്‍പൊട്ടലിന്‍െറയും മണ്ണിടിച്ചിലിന്‍െറയും ഭീതിയിലാണ് വടക്കാഞ്ചേരി, ഒല്ലൂര്‍, പുതുക്കാട്, ചാലക്കുടി മണ്ഡലങ്ങളിലെ ജനങ്ങള്‍. കുതിരാനിലും മറ്റും ഇടക്കിടെ മണ്ണിടിച്ചില്‍ പതിവാണ്. മാത്രവുമല്ല ഈ മേഖല ഭൂകമ്പ സാധ്യതാ മേഖലയില്‍പെടുന്നതുമാണ്. ചാലക്കുടി മണ്ഡലത്തിന്‍െറ കിഴക്കന്‍ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിന് സാധ്യത വളരെയേറെയുള്ള പ്രദേശങ്ങളുമാണ്. ദുരന്തഭീതി നിലനില്‍ക്കുന്ന മലയോര മേഖലയിലാണ് ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളായ വാഴാനി, പൂമല, അസുരന്‍കുണ്ട്, ചിമ്മിനി, പെരിങ്ങല്‍കുത്ത് മുതലായവ സ്ഥിതിചെയ്യന്നത്. ഈ അണക്കെട്ടുകളുടെ സുരക്ഷ കണക്കിലെടുത്ത് മേഖലയിലെ പാരിസ്ഥിതിക കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് ഭരണകൂടത്തിന് കഴിയുന്നില്ളെന്ന ഗുരുതര ആക്ഷേപവും നിലനില്‍ക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story