എന്‍.എസ്.എസിന്‍െറ ശരിദൂരത്തിന് കാതോര്‍ത്ത് പത്തനംതിട്ടയില്‍ പാര്‍ട്ടികള്‍
text_fieldsപത്തനംതിട്ട: വിശാല ഹിന്ദു ഐക്യത്തിനില്ളെന്ന നിലപാട് എടുത്തതോടെ പത്തനംതിട്ടയിലെ പാര്‍ട്ടികള്‍ എന്‍.എസ്.എസിന്‍െറ ശരിദൂര സമീപനത്തിന് കാതോര്‍ക്കുന്നു. നായര്‍ സമുദായത്തിന് പത്തനംതിട്ട ജില്ലയില്‍ നിര്‍ണായക സ്വാധീനം ഉള്ളതിനാലാണ് അവരുടെ ശരിദൂരത്തിന്‍െറ ചായ്വറിയാന് പാര്‍ട്ടികള്‍ കാത്തിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ സമദൂര സിദ്ധാന്തമാണ് എന്‍.എസ്.എസ് മുന്നോട്ട് വെച്ചിരുന്നത്. പ്രത്യക്ഷത്തില്‍ സമദൂരം പറയുമ്പോഴും പലയിടത്തും ശരിദൂരമാണ് അവര്‍ സ്വീകരിച്ചിരുന്നത്. ആളും തരവും ഗുണവും നോക്കി പിന്തുണക്കുന്നതാണ് ശരിദൂരത്തിന്‍െറ അന്തരാര്‍ഥം. അതിന്‍െറ ഗുണഫലം എല്‍.ഡി.എഫും യു.ഡി.എഫും അനുഭവിച്ചിട്ടുണ്ട്. ഇത്തവണ ശരിയായ സമദൂരമെന്ന നിലപാടാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയത്. എന്നാലും ചായലും ചരിയലും ഉണ്ടാകുമെന്ന് എല്ലാവര്ക്കും അറിയാം. അത് അനുകൂലമാക്കാനാണ് മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും ശ്രമം. ശരിയായ സമദൂരം എന്നാല്‍ ‘നോട്ട’ക്ക് വോട്ട് ചെയ്യലല്ളെന്നും നിലപാട് ഇല്ലായ്മയല്ളെന്നും എന്‍.എസ്.എസ് ഭാരവാഹികള്‍ തന്നെ പറയുന്നു. തെരഞ്ഞെടുപ്പില്‍ പലയിടത്തും കരയോഗങ്ങളുടെ നിലപാട് നിര്‍ണായകമാണ്. എന്‍.എസ്.എസ് നേതൃത്വത്തിന്‍െറ സമീപനത്തോട് യോജിപ്പില്ലാത്ത കരയോഗങ്ങള്‍ ചിലയിടങ്ങളിലുണ്ട്. എങ്കിലും നേതൃത്വത്തിന്‍െറ സമീപനം ഭൂരിഭാഗം കരയോഗങ്ങളും പാലിക്കുമെന്നാണ് കരുതുന്നത്.
സുകുമാരന്‍ നായര്‍ നയം വ്യക്തമാക്കിയതോടെ പത്തനംതിട്ടയില്‍ ബി.ജെ.പിയുടെ സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ ജനസംഖ്യയില്‍ 54 ശതമാനം ഹിന്ദുക്കളാണ്. അതില്‍ 26 ശതമാനം നായര്‍ സമുദായമാണെന്നാണ് കണക്ക്. ബാക്കി എസ്.എന്‍.ഡി.പിയും ഇതര പിന്നാക്കവിഭാഗങ്ങളുമാണ്. നായര്‍ സമുദായത്തിലുള്ളവരാണ് ബി.ജെ.പിക്ക് എന്നും പിന്തുണ. നിലവില്‍ ബി.ജെ.പിക്ക് 61 ജനപ്രതിനിധികള്‍ ജില്ലയിലുണ്ട്. ഇതില്‍ ഭൂരിഭാഗവും നായര്‍ സമുദായത്തിന് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍നിന്ന് വിജയിച്ചവരാണ്. ആറന്മുളസമരം, ദേശീയ തലത്തില്‍ അധികാരം കൈയാളുന്ന പാര്‍ട്ടി എന്നീ ഇമേജുകള്‍ മുന്‍നിര്‍ത്തി വന്‍ നേട്ടം ജില്ലയില്‍ കൈവരിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയത്.
എന്‍.എസ്.എസിനെ പിണക്കാതിരിക്കാന്‍ എസ്.എന്‍.ഡി.പി ബന്ധം ജില്ലയില്‍ വ്യാപകമാക്കാന്‍ ബി.ജെ.പി തയാറായില്ല. ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം എസ്.എന്‍.ഡി.പി അവകാശപ്പെടുമെന്നതിനാല് അതിന് ഇടനല്‍കാത്ത സമീപനമാകും പത്തനംതിട്ടയില്‍ എന്‍.എസ്.എസ് സ്വീകരിക്കുകയെന്നാണ് എല്‍.ഡി.എഫിന്‍െയും യു.ഡി.എഫിന്‍െറയും കണക്കുകൂട്ടല്‍. ജില്ലയിലെ ഭൂരിഭാഗമായ നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങള്‍ പലപ്പോഴും യു.ഡി.എഫിനോടാണ് ചായ്വ് കാട്ടുക. 2005ലെ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിന്‍െറയും പിന്തുണ നേടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. അന്ന് ജില്ലാ പഞ്ചായത്തിലും ഭൂരിഭാഗം ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ഇടതു പക്ഷം ഭരണം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
