ഒന്നാംഘട്ടം കഴിയുമ്പോള്‍
text_fieldsതദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണ ദിവസം കഴിഞ്ഞപ്പോള്‍ ഒരു കാര്യം വ്യക്തം. ഇനിയുള്ള മൂന്ന് ദിവസമാണ് യഥാര്‍ഥ ‘സ്ഥാനാര്‍ഥി നിര്‍ണയം’ നടക്കുക. പരിഗണന കിട്ടാതെ പോയവരും ആഗ്രഹിച്ചതിനു പകരം മറ്റൊന്ന് വാഗ്ദാനം ചെയ്യപ്പെട്ടവരും അവഗണനാ മുറവിളിയുമായി യുവകേസരികളുമടക്കം ബുധനാഴ്ച കൂട്ടത്തോടെ വരണാധികാരികള്‍ക്കു മുന്നിലത്തെിയപ്പോള്‍, വ്യാഴാഴ്ച മുതല്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ച വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിടിപ്പത് പണിയാവുമെന്ന് ഉറപ്പായി.
മലപ്പുറം: പ്രശ്ന പഞ്ചായത്തുകളില്‍ വിശാല മുന്നണിക്ക് സാധ്യത
മലപ്പുറത്തെ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കമുള്ള പഞ്ചായത്തുകളില്‍ മത്സരച്ചിത്രം ഇപ്പോഴും അവ്യക്തം. ഇത്തരം പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ വെവ്വേറെയാണ് പത്രിക സമര്‍പ്പിച്ചത്. പിന്‍വലിക്കാനുള്ള അവസാന തീയതിയായ 17 കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ ചിത്രം വ്യക്തമാകൂ. യു.ഡി.എഫ് നേതൃത്വത്തിന്‍െറ ഇടപെടലില്‍ പ്രശ്ന പരിഹാരമായില്ളെങ്കില്‍ ഇത്തരം പഞ്ചായത്തുകളില്‍ വിശാല മുന്നണികള്‍ രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എല്‍.ഡി.എഫുമായി ചേര്‍ന്ന് ചെറുകക്ഷികള്‍ക്കൊപ്പം മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കുപോക്കുകള്‍ നടത്തുന്നത്. ഇത്തരം ചര്‍ച്ചകള്‍ പഞ്ചായത്ത് തലങ്ങളില്‍ സജീവമാണ്. ചോക്കാട്, കാളികാവ്, മൂത്തേടം, പോരൂര്‍, കരുവാരകുണ്ട്, എടപ്പറ്റ, മാറാക്കര, പൊന്മുണ്ടം, കീഴുപറമ്പ്, വാഴക്കാട്, പള്ളിക്കല്‍, മുതുവല്ലൂര്‍, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലാണ് ലീഗ്, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വെവ്വേറെ പത്രിക സമര്‍പ്പിച്ചത്. ഇവിടങ്ങളില്‍ ഇരു മുന്നണികളിലും രൂപപ്പെടുന്ന അവസാന ധാരണയനുസരിച്ചായിരിക്കും പത്രിക പിന്‍വലിക്കല്‍.
ചില പഞ്ചായത്തുകളില്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പോര്‍വിളികളുമായി പ്രകടനവും നടത്തി. ഇത്തരം പഞ്ചായത്തുകളിലാണ് വിശാല മുന്നണികള്‍ രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. സി.പി.എം, സി.പി.ഐ പാര്‍ട്ടികള്‍ക്കൊപ്പം വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എന്‍.എല്‍, പി.ഡി.പി തുടങ്ങിയ കക്ഷികളും ചര്‍ച്ചകളില്‍ പങ്കാളികളാണ്. അതേസമയം, നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്ന അരീക്കോട്ട് മുന്നണിയായി തന്നെ മത്സരിക്കാന്‍ ലീഗും കോണ്‍ഗ്രസും ധാരണയിലത്തെി.
കാസര്‍കോട്: വിമതരും വെല്ലുവിളികളുമായി മുസ് ലിംലീഗും യു.ഡി.എഫും
സ്ഥാനാര്‍ഥികളെ എളുപ്പം തീരുമാനിക്കുകയും ആദ്യം കളത്തിലിറങ്ങുകയും ചെയ്യുന്ന കാസര്‍കോട് ജില്ലാ മുസ്ലിംലീഗില്‍ ഇത്തവണ വിമതരും വെല്ലുവിളികളും. പത്രിക നല്കുന്ന അവസാന നിമിഷം പോലും പ്രശ്നം പൂര്‍ണമായി പരിഹരിക്കാനാവാതെ പലേടത്തും പൊട്ടിത്തെറികള്‍ക്ക് പാര്‍ട്ടി സാക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ ഭാര്യക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയംഗവും പി.ബി. അബ്ദുറസാഖ് എം.എല്‍.എയുടെ സഹോദരനുമായ പി.ബി. അഹമ്മദ് പാര്‍ട്ടിവിട്ട് ഭാര്യയെ ജില്ലാ പഞ്ചായത്ത് ചെര്‍ക്കള ഡിവിഷനില്‍ മുസ്ലിംലീഗിനെതിരെ സ്ഥാനാര്‍ഥിയാക്കി. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതിന് ആലോചനയുണ്ട്. കാസര്‍കോട് ബ്ളോകില്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷൗക്കത്ത് പടുവടുക്കം ലീഗിന്‍െറ ബ്ളോക് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കെതിരെ പത്രിക നല്കി. ബദിയടുക്കയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും ലീഗ് നേതാവുമായ പി.എ. അബൂബക്കര്‍ പത്രിക നല്കി. ലീഗിന്‍െറ കുത്തക സീറ്റിലാണ് വിമതനായത്. എന്മകജെ പഞ്ചായത്തില്‍ മലീഗ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം പാര്‍ട്ടി വിട്ടു.
ചെങ്കള പഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനിച്ച മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിന്‍െറ പേര് നേതാക്കള്‍ വെട്ടിയത് ചെങ്കള ലീഗില്‍ ഇത് കലാപക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കാസര്‍കോട് നഗരസഭയില്‍ മുസ്ലിംലീഗില്പെട്ടവര് ചേര്‍ന്ന് വികസന മുന്നണിയുണ്ടാക്കി ഏഴുവാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. കാഞ്ഞങ്ങാട് നഗരസഭയില്‍ ലീഗിന്‍െറ നാല് വാര്‍ഡുകളില്‍ പ്രാദേശിക ലീഗ് ഭാരവാഹികള്‍ റിബലായി.
ബദല്‍ മുന്നണിയും വിമതശല്യവും ജില്ലാ കോണ്‍ഗ്രസിനെയും അലട്ടുന്നു. ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ പാദൂര്‍ കുഞ്ഞാമു ഹാജിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന ഒരു വിഭാഗത്തിന്‍െറ ആവശ്യം ഡി.സി.സി പ്രസിഡന്റ് സി.കെ. ശ്രീധരന് തള്ളിയത് അസ്വാസ്ഥ്യത്തിന് വഴിവെച്ചു. വോര്‍ക്കാടിയില്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥി ഹര്‍ഷദ് വോര്‍ക്കാടിക്കെതിരെ കോണ്‍ഗ്രസിലെ തന്നെ ഡി.എം.കെ. മുഹമ്മദ് പത്രിക നല്കി. ചിറ്റാരിക്കല്‍ ഡിവിഷനില്‍ കോണ്‍ഗ്രസ് വിമത മുന്നണി സ്ഥാനാര്‍ഥിയായ ഷേര്‍ലി സെബാസ്റ്റ്യന്‍ ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ കോണ്‍ഗ്രസിന്‍െറ നെടുങ്കോട്ടയായ ഈസ്റ്റ് എളേരി പഞ്ചായത്തിലും പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ളോക്, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ജനകീയ വികസന മുന്നണിയെന്ന പേരില്‍ വിമതര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് പാര്‍ട്ടിക്ക് ഭീഷണിയായിട്ടുണ്ട്. 16 വാര്‍ഡുകളിലാണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. രണ്ട് ബ്ളോക് പഞ്ചായത്ത് ഡിവിഷനിലേക്കും മുന്നണി പത്രിക നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഈസ്റ്റ് എളേരിയിലാണ്. ചെമ്മനാട് പഞ്ചായത്തില്‍ പഴയ ഡി.ഐ.സിക്കാര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പനത്തടിയില്‍ എ വിഭാഗത്തെ സ്ഥാനാര്‍ഥിപട്ടികയില്‍ നിന്ന് ഉന്മൂലനം ചെയ്തുവത്രേ. കോടോം ബേളൂരില്‍ ആര്.എസ്.പിക്ക് സീറ്റ് നല്കാത്തതിനാല് അവര്‍ മുന്നണിവിട്ട് മത്സരത്തിന് നീക്കം നടത്തുന്നുണ്ട്. കള്ളാറില്‍ മാണിവിഭാഗം കോണ്‍ഗ്രസിനൊപ്പമില്ല. അവര്‍ ഇടത്തോട്ട് തിരിഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയില്‍ പത്തിലധികം വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതര്‍ പത്രിക നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് ലീഗിലും വിമതര്‍ പത്രിക നല്‍കിയിട്ടുണ്ട്.
ഇടുക്കി: ‘സൗഹൃദ’മത്സരം
ഇടുക്കിയില്‍ തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഭൂരിഭാഗം പഞ്ചായത്തുകളിലും സൗഹൃദ മത്സരത്തിന് സാധ്യത. സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പല പഞ്ചായത്തുകളിലും കോണ്‍ഗ്രസ് അനുഭാവികള്‍ വരെ എല്‍.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കാനൊരുങ്ങുകയാണ്. മന്ത്രി പി.ജെ. ജോസഫിന്‍െറ തട്ടകമായ പുറപ്പുഴ പഞ്ചായത്തില്‍ 13 സീറ്റിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും പത്രിക നല്കി. ഇവിടെ സൗഹൃദ മത്സരം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ബ്ളോക് ഡിവിഷനിലേക്കും ഈ അവസ്ഥയാണ്. തൊടുപുഴ നഗരസഭയില്‍ മൂന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിന് സാധ്യതയേറി. കോണ്‍ഗ്രസ് 20 സീറ്റിലും കേരള കോണ്‍ഗ്രസ് ഏഴ് സീറ്റിലുമാണ് പത്രിക നല്‍കിയത്. ന്യൂമാന്‍ കോളജ് വാര്‍ഡിലാണ് യു.ഡി.എഫ് വിമതര്‍ ഏറെയുള്ളത്. കേരള കോണ്‍ഗ്രസിലെ അഡ്വ. ജോസഫ് ജോണും കോണ്‍ഗ്രസിലെ ഷാഹുല്‍ ഹമീദും കേരള കോണ്‍ഗ്രസ് ജേക്കബിലെ ഷാഹുല്‍ പള്ളത്തുപറമ്പിലുമാണ് ഇവിടെ പത്രിക നല്‍കിയിരിക്കുന്നത്.
കട്ടപ്പന നഗരസഭയില്‍ കോണ്‍ഗ്രസ് എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇവിടെ ഇടതുമുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ധാരണയിലാണ് മത്സരിക്കുന്നത്. ഇവിടെ 345 പത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ആലക്കോട് മുസ്ലിം ലീഗിന്‍െറ പിന്തുണയോടെയാണ് കേരള കോണ്‍ഗ്രസ് മത്സരത്തിനിറങ്ങുന്നത്. ആകെയുള്ള 13 വാര്‍ഡില്‍ രണ്ട് വാര്‍ഡില്‍ ലീഗും 11ല്‍ കേരള കോണ്‍ഗ്രസും പത്രിക നല്‍കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ സമരനേതാവ് ഗോമതി മത്സരിക്കുന്ന വാര്‍ഡില്‍ പെമ്പിളൈ ഒരുമൈ നേതാക്കളിലൊരാള്‍ പത്രിക സമര്‍പ്പിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ഇതേതുടര്‍ന്ന് ഗോമതി മറ്റൊരു വാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍.ഡി.എഫുമായി സീറ്റ് ധാരണയാകാത്തതിനാല്‍ ജില്ലാ പഞ്ചായത്തില്‍ ഒറ്റക്ക് മത്സരിക്കാന്‍ ജെ.എസ്.എസ് തീരുമാനിച്ചു. കെ.ആര്. ഗൗരിയമ്മയുടെ നിര്‍ദേശപ്രകാരം ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിജു കൃഷ്ണന് കരിങ്കുന്നം ഡിവിഷനില്‍ നാമനിര്‍ദേശ പത്രിക നല്കി.
കൊല്ലം: കടമ്പ കടക്കാനാകാതെ
തര്‍ക്കങ്ങളുടെയും അവകാശവാദത്തിന്െറയും കടമ്പ താണ്ടാനാകാതെ ഇരുമുന്നണികളും വിയര്‍ക്കുന്നു. നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്‍െറ അവസാന നിമിഷത്തില്‍പോലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കഴിയാതെ വന്നതോടെ കോണ്‍ഗ്രസില്‍ പലരും സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കേണ്ടിവരും. കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസ്-ആര്.എസ്.പി മുന്നണിയാണ് യു.ഡി.എഫ് എന്നാണ് മറ്റു ഘടകകക്ഷികള്‍ പറയുന്നത്. ഇവിടെ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്-എമ്മും തനിച്ച് മത്സരിക്കാന്‍ പത്രിക നല്കി. മറ്റു കക്ഷികളും അസംതൃപ്തരാണ്. ഇതിനിടെയാണ് എ, ഐ വിഭാഗങ്ങള്‍ പ്രത്യേകം പത്രിക നല്‍കിയത്. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബുവിന്‍െറ നേതൃത്വത്തിലാണ് ഐ വിഭാഗം കലാപക്കൊടി ഉയര്‍ത്തിയത്. കേരള കോണ്‍ഗ്രസ്-ജേക്കബ് ജില്ലാ പഞ്ചായത്തിലും പ്രത്യേകം മത്സരിക്കുന്നു. കരുനാഗപ്പള്ളി മേഖലയില്‍ ലീഗും ജെ.എസ്.എസും മുന്നണിക്ക് പുറത്താണ്. പത്തനാപുരം മേഖലയില്‍ ബ്ളോക് ഡിവിഷനില്‍ സി.പി.ഐ സൗഹാര്‍ദ മത്സരത്തിന് പത്രിക നല്കി. അഞ്ചലില്‍ ഡി.വൈ.എഫ്.ഐ നേതാവ് സജാത് റെബലാണ്. ഇടതുമുന്നണിയിലെ ചെറിയ കക്ഷികള്‍ മുന്നണിക്കെതിരെ രംഗത്തുണ്ട്.
ആലപ്പുഴ: ഇടതുമുന്നണിയില്‍ വിമതപ്പട
ആലപ്പുഴയില്‍ ഇരുമുന്നണിക്കും കൂട്ടുകക്ഷികളും വിമതപ്പടയും ഭീഷണി. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിലെ സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ സി.പി.ഐ നേതാവ് പത്രിക നല്കി നേതാക്കളെ ഞെട്ടിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡിലും സി.പി.ഐക്ക് സ്വന്തം പാര്‍ട്ടിയില്‍നിന്നാണ് ഭീഷണി. അവിടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് വിമത. സി.പി.എമ്മില്‍നിന്ന് രാജിവെച്ച് സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രയായി ഈ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന വിമതയും ഭീഷണിയാണ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വിപ്പ് ലംഘിച്ച് നടപടിക്ക് വിധേയരായ രണ്ടുപേര്‍ ഇക്കുറി ഡി.സി.സി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിനെതിരെ പത്രിക നല്കി. പുറക്കാട് ബ്ളോക് ഡിവിഷനില്‍ സി.പി.എമ്മുകാരനായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഘടകകക്ഷിയായ എന്‍.സി.പിയുടെ സ്ഥാനാര്‍ഥിയും പത്രിക നല്കി. ആലപ്പുഴ നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ സി.പി.എമ്മിനെതിരെ ജനതാദള്‍ -എസ് സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിട്ടുണ്ട്. തുറവൂര്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളിലും സി.പി.എം നിലപാടിനെതിരെ സി.പി.ഐ പത്രിക നല്‍കിയിട്ടുണ്ട്.
ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍െറ വല്യേട്ടന് മനോഭാവത്തിനെതിരെ കേരള കോണ്‍ഗ്രസ്-ജോസഫ് രണ്ട് വാര്‍ഡുകളില്‍ സൗഹൃദ മത്സരത്തിന് പത്രിക നല്കി. തൈക്കാട്ടുശേരി ബ്ളോക് പള്ളിപ്പുറം ഡിവിഷനിലും കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് -ജെയുടെ പത്രികയുണ്ട്. കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ സി.പി.ഐക്കെതിരെ സി.പി.എമ്മിന്‍െറ പത്രിക വന്നപ്പോള്‍ മാരാരിക്കുളം വടക്ക് 11ാം വാര്‍ഡില്‍ സി.പി.ഐയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ റബലായി പത്രിക നല്കി. മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ സി.പി.ഐ പത്രികയുണ്ട്. അരൂര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ സി.പി.എമ്മിന് റബല്‍ ശല്യമുണ്ട്. കായംകുളം നഗരസഭാ വൈസ് ചെയര്‍മാനും എ ഗ്രൂപ് നോമിനിയുമായ അഡ്വ. യു. മുഹമ്മദിനെതിരെ ഐ ഗ്രൂപ്പ് പിന്തുണയോടെ ചെയര്‍പേഴ്സണ്‍ രാജശ്രീ കോമളത്ത് വിമതയായത് വിവാദമായി.
എറണാകുളം: മുന്നേറ്റം വിമതര്‍ക്ക്
എറണാകുളത്ത് ഇരുമുന്നണിയിലും വിമതമുന്നേറ്റം. കൊച്ചി നഗരസഭയാണ് ഏറ്റവുമധികം വിമതര്‍ പത്രിക സമര്‍പ്പിച്ച തദ്ദേശ സ്ഥാപനം. നിലവിലെ കൗണ്‍സിലര്‍മാരുള്‍പ്പെടെ വിമതര്‍ സ്ഥാനാര്‍ഥികളായ ഇവിടെ 17 വാര്‍ഡുകളില്‍ മുന്നണികള്‍ക്ക് റബലുകളുണ്ട്. ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനാണ് മുഖ്യഭീഷണി. ജില്ലയില്‍ 13 നഗരസഭകളിലും വിമത സാന്നിധ്യമുണ്ട്. മരട് നഗരസഭയില്‍ നെട്ടൂര്‍ മേഖലയില്‍ മാത്രമായി ആറ് ഡിവിഷനുകളിലും മൂവാറ്റുപുഴയില്‍ അഞ്ച് ഡിവിഷനുകളിലും വിമതരുണ്ട്. അങ്കമാലിയില്‍ കോണ്‍ഗ്രസില്‍നിന്ന് മാത്രം മൂന്ന് വിമതര്‍ രംഗത്തുള്ളപ്പോള്‍ ആലുവയില്‍ നിലവിലെ ചെയര്‍മാനടക്കം പത്തോളം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമത ഭീഷണിയുണ്ട്.
തൃക്കാക്കര നഗരസഭയില്‍ ഇരുമുന്നണിയിലും വിമതരുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ ചെയര്‍മാനുമായ ഷാജി വാഴക്കാല മത്സരിക്കുന്ന പടമുകള്‍ വാര്‍ഡില്‍ ലീഗിലെ എ.എ. ഇബ്രാഹിം കുട്ടിയാണ് വിമത സ്ഥാനാര്‍ഥി. ലീഗിന്‍െറ മലേപ്പള്ളി ജനറല്‍ വാര്‍ഡിലും റബല്‍ ഉണ്ട്. ലീഗിന്‍െറ ഹൗസിങ് ബോര്‍ഡ് വാര്‍ഡില്‍ കെ.കെ. അക്ബറിനെതിരെ എസ്.ജെ.ഡിയിലെ സ്ഥാനാര്‍ഥിയാണ് റബല്‍. ടി.വി സെന്റര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്കെതിരെ ലോക്കല്‍ കമ്മിറ്റിയംഗം സ്ഥാനാര്‍ഥിയാണ്. ചൂര്‍ണിക്കര പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ രാജി സന്തോഷ് കോണ്‍ഗ്രസില്‍ റബലാണ്. വാഴക്കുളം ബ്ളോക് ചൂര്‍ണിക്കര ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി അക്സര്‍ മുട്ടത്തിനെതിരെ ലീഗില്‍നിന്ന് രാജിവെച്ച ജില്ലാ നേതാവ് മായിന്‍കുട്ടി പത്രിക നല്കി. പായിപ്ര പഞ്ചായത്തില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ ലീഗിലെതന്നെ എം.ബി. ഇബ്രാഹിം പത്രിക നല്‍കിയിട്ടുണ്ട്. പത്താം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കോണ്‍ഗ്രസ് റബലുണ്ട്.
കോട്ടയം: പ്രശ്നം തീരാതെ യു.ഡി.എഫ്
പത്രിക സമര്‍പ്പണം കഴിഞ്ഞിട്ടും സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ യു.ഡി.എഫ്. ഇതു മൂലം പലയിടത്തും ഒരുമുന്നണിയില്നിന്ന് ഒന്നിലേറെപ്പേരാണ് സ്ഥാനാര്‍ഥികള്‍. പടലപ്പിണക്കവും ഗ്രൂപ്പുവഴക്കും തമ്മിലടിയും ശക്തമായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ലഭിച്ച 11 ല്‍ പത്തിടത്ത് പുതുമുഖങ്ങളെ നിരത്തി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി.ഒരിടത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താനാകാതെ നേതൃത്വം പ്രതിസന്ധിയിലാണ്. മധ്യകേരളത്തിലെ മുപ്പതോളം ഗ്രാമപഞ്ചായത്തുകളിലും അഞ്ചു ബ്ളോക്കുകളിലും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുടരുന്ന തമ്മിലടിയെ തുടര്‍ന്ന് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കിയിട്ടില്ല. ഇതോടെ കോണ്‍ഗ്രസിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും അംഗങ്ങള്‍ പലസ്ഥലത്തും ബുധനാഴ്ച പത്രിക നല്കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് രൂക്ഷമായ പ്രതിസന്ധി. കേരള കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയാറാകാത്തതാണ് പ്രതിസന്ധിയെന്ന് കോണ്‍ഗ്രസും എന്നാല്‍, എ-ഐ ഗ്രൂപ്പുതര്‍ക്കവും ചില നേതാക്കളുടെ പിടിവാശിയുമാണ് പ്രശ്നമെന്ന് കേരള കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നു. കോട്ടയത്ത് ഏഴു പഞ്ചായത്തുകളിലെങ്കിലും ഇക്കുറിയും സൗഹൃദ മത്സരം നടക്കും.
രാമപുരം, കങ്ങഴ, മരങ്ങാട്ടുപിള്ളി തുടങ്ങിയവ ഇതില്‍ പെടും. കേരള കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രങ്ങളായ ചില പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനെയും ഘടകകക്ഷികളെയും പൂര്‍ണമായി ഒഴിവാക്കിയതും തര്‍ക്കത്തിന് കാരണമായി. അവസാന നിമിഷംവരെ കാത്തിരിക്കാനാണ് മുഖ്യമന്ത്രി നല്കിയ നിര്‍ദേശമെന്ന് ഡി.സി.സി ഭാരവാഹികള്‍ പറയുന്നു. ശനിയാഴ്ചക്കകം പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. കോണ്‍ഗ്രസിന്‍െറ സമീപനത്തിലുള്ള അതൃപ്തി കേരള കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി പ്രകടിപ്പിച്ചു. അതേസമയം, ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയവും സീറ്റ് വിഭജനവും പരാതികളില്ലാതെ പൂര്‍ത്തിയാക്കി. കേരള കോണ്‍ഗ്രസ്-സെക്കുലര്‍, സ്കറിയ തോമസ് വിഭാഗം, സി.എം.പി അരവിന്ദാക്ഷന് വിഭാഗം എന്നിവര്‍ക്കെല്ലാം പരിഗണന നല്കി.
പാലക്കാട്: ഗോദയില്‍ മൂന്ന് മുന്‍ നിയമസഭാംഗങ്ങള്‍
ജില്ലയില്‍ മത്സരിക്കുന്ന പ്രമുഖരില്‍ മൂന്ന് എം.എല്‍.എമാര്‍. മുന്‍ സി.പിഎം എം.എല്‍.എമാരായ എം. നാരായണനും അഡ്വ. ടി.കെ. നൗഷാദും പത്രിക നല്‍കിയത് പാലക്കാട് നഗരസഭയിലേക്കാണ്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ എ.വി. ഗോപിനാഥ് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലേക്കും. നഗരസഭയിലേക്ക് എം. നാരായണന് കന്നിയങ്കമാണ്. നാരായണന് കുഴല്‍മന്ദത്ത് നിന്ന് 1991ലും 1996ലുമായി രണ്ടുതവണ സാമാജികനായി. ആദ്യതവണ എം.എല്‍.എ ആവുമ്പോള്‍ പ്രായം 27.
15 വര്‍ഷം സി.പി.എം പാലക്കാട് ഏരിയ സെക്രട്ടറിയായിരുന്ന എം. നാരായണന് നിലവില്‍ ജില്ലാ കമ്മറ്റിയംഗമാണ്. 1996ല്‍ മുന്‍ മന്ത്രി സി.എം. സുന്ദരത്തെ തോല്‍പ്പിച്ച് പാലക്കാട് നിന്ന് നിയമസഭയില്‍ എത്തിയയാളാണ് അഡ്വ. ടി.കെ. നൗഷാദ്. 2001ല്‍ രണ്ടാമങ്കത്തില്‍ കെ. ശങ്കരനാരായണനോട് തോല്‍വിയേറ്റുവാങ്ങി. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പാര്‍ട്ടിയില്‍ സജീവമായ ടി.കെ. നൗഷാദ് നിലവില്‍ സി.പി.എം യാക്കര എല്‍.സി സെക്രട്ടറിയാണ്. പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ പെരുവലയിലേക്കാണ് മുന്‍ ഡി.സി.സി പ്രസിഡന്റുകൂടിയായ എ.വി. ഗോപിനാഥ് പത്രിക നല്‍കിയത്.
തിരുവനന്തപുരം: വിമതസമൃദ്ധം തലസ്ഥാനം
പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ തലസ്ഥാനത്തെ മിക്ക പഞ്ചായത്തിലും വിമതരുടെ സാന്നിധ്യം. യു.ഡി.എഫിലാണ് ‘വിമതശല്യം’ രൂക്ഷം. എന്നാല്‍, സി.പി.എമ്മില്‍ സീറ്റ് കിട്ടാത്തവര്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സ്വതന്ത്ര കുപ്പായത്തില്‍ മത്സരത്തിനുറപ്പിച്ചത് ജില്ലയിലെ തെരഞ്ഞെടുപ്പ് കാഴ്ചയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ മൂന്ന് വാര്‍ഡില്‍ എല്‍.ഡി.എഫ് സീറ്റ് നല്‍കിയത് മുന്നണിക്ക് പുറത്തുള്ളവര്‍ക്കാണ്. കമലേശ്വരം, ജഗതി, പേട്ട എന്നിവിടങ്ങളിലാണ് യഥാക്രമം ജനതാദള്‍-യു, സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്, ആര്.എസ്.പി പ്രതിനിധികള്‍ക്ക് സീറ്റ് നല്‍കിയത്. പ്രാദേശിക വിഷയങ്ങളാണ് ഇവിടങ്ങളില്‍ പുതിയ കീഴ്വഴക്കങ്ങള്‍ക്ക് വഴിവെച്ചത്. സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്ന പൗണ്ട് കടവ് വാര്‍ഡില്‍ യു.ഡി.എഫ് നേതൃത്വത്തിന്‍െറ അനുമതിയോടെ രണ്ടുപേരാണ് പത്രിക സമര്‍പ്പിച്ചത്.
നന്ദിയോട് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും നെല്ലനാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ബാലരാമപുരം പഞ്ചായത്തിലെ നാല് വാര്‍ഡിലും സി.പി.ഐയും സി.പി.എമ്മും ഒറ്റക്ക് മത്സരിക്കാനാണ് നീക്കം. നെയ്യാറ്റിന്‍കര നഗരസഭയിലെ വഴിമുക്കില്‍ കോണ്‍ഗ്രസും ലീഗും പത്രിക നല്കി. അടപ്പുപാറ വാര്‍ഡില്‍ സി.പി.എമ്മിന്‍െറ ഒൗദ്യോഗിക സ്ഥാനാര്‍ഥിയും ഏരിയ കമ്മിറ്റി അംഗവുമായ ചിത്രകുമാരിക്കെതിരെ നിലവില്‍ എക്സ് കോളനി വാര്‍ഡ് അംഗവും ലോക്കല്‍ കമ്മിറ്റി അംഗവുമായ സുരേഷ് വോട്ട് തേടുന്നുണ്ട്.
കണ്ണൂര്‍: പ്രമുഖരും പ്രതികളും
ജില്ലയില്‍ പത്രിക നല്കിയവരില് പ്രമുഖര്‍ നിരവധി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന് കണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയായി കിഴുന്ന വാര്‍ഡില്‍ മത്സരിക്കുന്നു. സി.എം.പി നേതാവ് എം.വി. രാഘവന്‍െറ മകള്‍ എം.വി. ഗിരിജയാണ് എല്‍.ഡി.എഫ് എതിരാളി. ജില്ലാ പഞ്ചായത്തില്‍ ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി.പി. ദിവ്യ കടന്നപ്പള്ളി ഡിവിഷനിലും എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി. സുമേഷ് പരിയാരത്തും പരിയാരം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍ അഴീക്കോടും ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് പുറവൂര് ചെറുകുന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളാണ്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി. സരസ്വതി പയ്യാവൂരിലും കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് കോളയാടും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ്.
ഫസല്‍ വധക്കേസ് പ്രതികളായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന് ജില്ലാ പഞ്ചായത്തില്‍ പാട്യം ഡിവിഷനിലേക്കും കാരായി ചന്ദ്രശേഖരന് തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡിലേക്കും പത്രിക നല്‍കിയിട്ടുണ്ട്. ഡി.സി.സി സെക്രട്ടറി മുഹമ്മദ് ഫൈസലാണ് കാരായി രാജന്‍െറ എതിരാളി. ഫസലിന്‍െറ ഭാര്യ മറിയു തലശ്ശേരി നഗരസഭയിലെ കൈവട്ടം വാര്‍ഡില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയാണ്. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍െറ മകളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ അമൃത രാമകൃഷ്ണന് കോര്‍പറേഷനിലെ തളാപ്പ് വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാണ്. കണ്ണൂര്‍ നഗരസഭ ചെയര്പേഴ്സന് റോഷ്നി ഖാലിദ് കോര്‍പറേഷനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാണ്.
കോഴിക്കോട്: പ്രശ്നമായി വിമതര്‍
ജില്ലയില്‍ 12,011 പേര് നാമനിര്‍ദേശ പത്രിക നല്കി. ജില്ലാ പഞ്ചായത്തിലേക്ക് 172 പേരും 12 ബ്ളോകിലേക്ക് 1056 പേരും കോര്‍പറേഷനിലേക്ക് 742 പേരും ഏഴ് മുനിസിപ്പാലിറ്റികളിലേക്ക് 1718 പേരും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 8323 പേരുമാണ് പത്രിക സമര്‍പ്പിച്ചത്. മൂന്നു പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മുഖാമുഖം നില്ക്കുമ്പോള് 18 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പറേഷനിലും യു.ഡി.എഫിന് വിമതശല്യവുമുണ്ട്. എല്‍.ഡി.എഫിന് രണ്ടിടത്താണ് വിമത ഭീഷണി. മൂന്നു പഞ്ചായത്തുകളില്‍ യു.ഡി.എഫ് ഘടകകക്ഷിയായ ജെ.ഡി.യു എല്‍.ഡി.എഫുമായി അടവുനയത്തിലാണ്. ഒരു പഞ്ചായത്തില്‍ സി.പി.ഐ, എല്‍.ഡി.എഫിനൊപ്പമില്ല. ജനതാദള്‍ -എസ് ജില്ലാപഞ്ചായത്തിലേക്ക് പ്രതിഷേധ സൂചകമായി മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നതും യൂത്ത്ഫ്രണ്ട് -എം ജില്ലാ ജനറല്‍ സെക്രട്ടറി കോണി ചിഹ്നത്തില്‍ മത്സരിക്കുന്നതും ജില്ലയുടെ തെരഞ്ഞെടുപ്പ് ചിത്രത്തിലെ കൗതുകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
