ബി.ജെ.പി സഖ്യം: എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ കോര്‍പറേഷനുകളില്‍ മാത്രം
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കുക കോര്‍പറേഷനുകളില്‍ മാത്രം. ആറ് കോര്‍പറേഷനുകളിലെയും പത്ത് ശതമാനത്തില്‍ താഴെ ഡിവിഷനുകളില്‍ മാത്രമേ യോഗം സ്ഥാനാര്‍ഥികള്‍ ഉണ്ടാവൂയെന്നാണ് സൂചന. ത്രിതല പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍ ഉണ്ടാവാനിടയില്ല. വെള്ളിയാഴ്ച ആലുവയില്‍ ചേരുന്ന ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണയാവും.
ഓരോ കോര്‍പറേഷനിലും എസ്.എന്‍.ഡി.പിക്ക് ശക്തിയുണ്ടെന്ന് വിലയിരുത്തുന്ന ഡിവിഷനുകളില്‍ അവര്‍ നിര്‍ദേശിക്കുന്നവരെ സ്വതന്ത്രരായി ബി.ജെ.പി പിന്തുണക്കും. ബാക്കിയിടങ്ങളില്‍ യോഗം ബി.ജെ.പിയെ പിന്തുണക്കാനാണ് ധാരണ. തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ പ്രാദേശിക ബി.ജെ.പി നേതൃത്വവുമായി അവിടങ്ങളിലെ യോഗനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. കോര്‍പറേഷനുകളില്‍ ഏറെ സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള പിന്‍ബലം യോഗത്തിനില്ലാത്തത് അലട്ടുന്നുണ്ട്. സ്ഥാനാര്‍ഥികളെ കുറഞ്ഞ ദിവസത്തിനകം പരിചയപ്പെടുത്തേണ്ടതുമുണ്ട്. ഹിന്ദു ഐക്യത്തിന്‍െറ പേരില്‍ രഥയാത്രയും പാര്‍ട്ടി രൂപവത്കരണവും മുന്നില്‍ കണ്ട് വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രീയസ്വപ്നങ്ങള്‍ കരുപ്പിടിപ്പിക്കുമ്പോഴാണ് ബലഹീനത പുറത്തുവരുന്നത്.
തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റ് പിന്നാക്ക സാമുദായിക സംഘടനകളുമായും എന്‍.ഡി.എയുടെ ഭാഗമായ കക്ഷികളുമായും ബി.ജെ.പി ചര്‍ച്ച നടത്തുന്നുണ്ട്. ടി.വി. ബാബു വിഭാഗം കെ.പി.എം.എസാണ് ഇതിലൊന്ന്. കോഴിക്കോട്ട് രൂപവത്കൃതമായ വണിക, വൈശ്യ, ചക്കാല, ചെട്ടിയാര്‍ തുടങ്ങിയ ചെറിയ പിന്നാക്ക സമുദായങ്ങളുടെ കൂട്ടായ്മയാണ് മറ്റൊന്ന്. ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പിന്തുണ നല്‍കും. സി.പി.എമ്മിന്‍െറ അടിസ്ഥാനവോട്ടായ ദലിത്, പിന്നാക്ക ജാതികളെ ആകര്‍ഷിക്കുന്ന നടപടികളുമായാണ് ബി.ജെ.പി തുടക്കം മുതലേ പ്രവര്‍ത്തിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ സ്വയം ശക്തിപ്പെടുക എന്നതിന് ഊന്നല്‍ നല്‍കുമ്പോള്‍ എസ്.എന്‍.ഡി.പി നേതൃത്വം പ്രകടിപ്പിക്കുന്ന മേധാവിത്വത്തിന് എതിരെ അണികള്‍ക്കിടയില്‍ അമര്‍ഷവുമുണ്ട്. അതേസമയം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ നിശ്ചയിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
