Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകണ്ണൂരില്‍ ഇടതിന്...

കണ്ണൂരില്‍ ഇടതിന് അടവുനയങ്ങള്‍ക്കപ്പുറം മതനിരപേക്ഷത

text_fields
bookmark_border
കണ്ണൂരില്‍ ഇടതിന് അടവുനയങ്ങള്‍ക്കപ്പുറം മതനിരപേക്ഷത
cancel

കണ്ണൂര്‍: കണ്ണൂരില്‍ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതിന് ഇടതുപക്ഷം പയറ്റുന്നത് അടവ് നയങ്ങള്‍ക്കപ്പുറം മതനിരപേക്ഷതയുടെ സന്ദേശവും ജില്ലയുടെ സമഗ്ര വികസന രൂപരേഖയും. എസ്.എന്‍.ഡി.പി യോഗവും ബി.ജെ.പിയും തമ്മിലുള്ള ബാന്ധവം സി.പി.എമ്മിന്‍െറ കാല്‍ചുവട്ടിലെ മണ്ണിളക്കുമെന്നും പാര്‍ട്ടി ഗ്രാമങ്ങളുടെ കെട്ടുറപ്പ് തകര്‍ക്കുമെന്നും വ്യാപകമായി പ്രചരിപ്പിക്കുമ്പോഴും വര്‍ഗീയതക്കെതിരായ പ്രചാരണം തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‍െറ മുഖ്യ ആയുധം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഫാഷിസത്തിനെതിരെ ദേശീയ തലത്തില്‍ ശക്തമായ പോരാട്ടം തുടരുന്ന ടീസ്റ്റ സെറ്റല്‍വാദ് ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതും സംസ്ഥാന വ്യാപകമായി നടക്കുന്ന മതനിരപേക്ഷ കൂട്ടായ്മകള്‍ ജില്ലയില്‍ സജീവമായി നടത്തുന്നതും ഈ ലക്ഷ്യം വെച്ചാണ്. സമീപകാലത്ത് കണ്ണൂരില്‍ നടന്ന വിവിധ പരിപാടികളില്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ഊന്നിപ്പറഞ്ഞതും വര്‍ഗീയതക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന് തന്നെയാണ്.

കതിരൂര്‍ മനോജ് വധക്കേസില്‍ നിയമ നടപടി നേരിടുമ്പോഴും ആര്‍.എസ്.എസിന്‍െറ മുഖ്യശത്രുവായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തന്നെയാണ് ഇടതുപക്ഷത്തിന്‍െറ ‘സ്റ്റാര്‍ കാമ്പയിനര്‍’. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സി.പി.എമ്മിന്‍െറ ഓണാഘോഷ പരിപാടിയുടെ സമാപനം നടത്തിയതിലെ ഒൗചിത്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴും ശ്രീനാരായണ ഗുരുവിനെ പാര്‍ട്ടി ദുരുപയോഗം ചെയ്തുവെന്ന് ആരോപണമുയര്‍ന്നപ്പോഴും അചഞ്ചലമായി ഇത് പ്രതിരോധിക്കാന്‍ നേതൃത്വം നല്‍കിയത് ജയരാജനായിരുന്നു. മതവിശ്വാസങ്ങളെ വര്‍ഗീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയുമെന്ന സന്ദേശമാണ് അദ്ദേഹം മുന്നോട്ട് വെച്ചിരുന്നത്. സി.പി.എമ്മിന്‍െറ സംസ്ഥാന നേതൃത്വത്തെതന്നെ ആശയക്കുഴപ്പത്തിലാക്കിയ ഈ വിവാദത്തില്‍നിന്ന് തടിയൂരാന്‍ ഇതിലൂടെ പാര്‍ട്ടിക്ക് കഴിയുകയും ചെയ്തു.

ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ബി.ജെ.പിയില്‍നിന്ന് സി.പി.എമ്മില്‍ ചേക്കേറിയ ഒ.കെ. വാസുവിനെയും എ. അശോകനെയും കണ്ണൂരില്‍ മത്സരിപ്പിക്കാനും  തീരുമാനിച്ചതായാണ് വിവരം. കേസ് തീരുന്നത് വരെ എറണാകുളം ജില്ല വിടരുതെന്ന ഹൈകോടതി ഉത്തരവ് പ്രകാരം ജാമ്യം ലഭിച്ച കാരായിമാരെ ഈ വ്യവസ്ഥയില്‍ തന്നെ മത്സരിപ്പിക്കാനാണത്രേ പാര്‍ട്ടി നീക്കം. കാരായി രാജന്‍  ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭയിലേക്കുമായിരിക്കും മത്സരിക്കുക. വാസുവിനെ  തൃപ്രങ്ങോട്ടൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍നിന്നും  അശോകനെ കൂത്തുപറമ്പ് ബ്ളോകിലേക്കും മത്സരിപ്പിക്കാനാണ് നീക്കം. സീറ്റ് വിഭജന ചര്‍ച്ച ശനിയാഴ്ച മുതല്‍ നടക്കും. ഘടക കക്ഷികളായ സി.പി.ഐ, ഐ.എന്‍.എല്‍, ജനതാദള്‍ (എസ്), എന്‍.സി.പി, കോണ്‍ഗ്രസ് (എസ്) എന്നീ കക്ഷികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് കെട്ടുറപ്പോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.പി.എം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story