Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightആശിക്കാന്‍...

ആശിക്കാന്‍ ഓരോരുത്തര്‍ക്കും കാരണങ്ങളുണ്ട്; ആശങ്കപ്പെടാനും

text_fields
bookmark_border
ആശിക്കാന്‍ ഓരോരുത്തര്‍ക്കും കാരണങ്ങളുണ്ട്; ആശങ്കപ്പെടാനും
cancel

ലേപനം പുരട്ടി, അതിന് മുകളിലൊരു കെട്ടും കെട്ടി മുറിവുകള്‍ പുറത്തേക്ക് കാണാത്ത പരുവത്തിലാക്കി വെച്ചിട്ടുണ്ട് യു.ഡി.എഫ്. ഏത് തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും കാണിക്കാറുള്ള അതേ സൂത്രപ്പണി. മറുഭാഗത്ത് എല്‍.ഡി.എഫ് തമ്മിലടി ഇല്ലാത്തതിന്‍െറ മേനി പറയുന്നുണ്ട്. എന്നാല്‍ ‘ഭാഗം വെച്ചു കിട്ടിയ ആധികള്‍’ വേണ്ടുവോളം. എസ്.എന്‍.ഡി.പിയുടെ നിലപാടിനെച്ചൊല്ലി ഏതാണ്ട് ഉറക്കം പോയ മട്ടാണ്. ഇനിയൊരു കൂട്ടര്‍ ബി.ജെ.പിയാണ്. തൃശൂരില്‍ ചില അനക്കങ്ങളൊക്കെ ഇതിനകം ഉണ്ടാക്കാന്‍ കഴിഞ്ഞ തങ്ങളെ പുതിയ ബന്ധു കൊല്ലുമോ വളര്‍ത്തുമോ എന്നേ പാര്‍ട്ടിക്ക് അറിയാനുള്ളൂ.

കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബഹുദൂരം മുന്നിലത്തെിയ ജില്ലയാണ്. 88ല്‍ 57 ഗ്രാമപഞ്ചായത്തിലും ഭരണം പിടിച്ചു. തൃശൂര്‍ നഗരം ഭരിക്കുകയെന്ന എല്‍.ഡി.എഫിന്‍െറ കൊതി ഒറ്റത്തവണത്തേക്ക് മാത്രം അനുവദിച്ച് അതും മൃഗീയ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തു. അതുപോലെ ജില്ലാ പഞ്ചായത്ത് ഭരണവും. 16 ബ്ളോക്ക് പഞ്ചായത്തുകളില്‍ ഒമ്പതെണ്ണത്തില്‍ അധികാരത്തിലേറി. ആറ് നഗരസഭകളില്‍ മൂന്നെണ്ണത്തിലും. അധികാരത്തര്‍ക്കവും കുതികാല്‍ വെട്ടും കാരണം ഭരണം അവസാനിക്കുമ്പോള്‍ യു.ഡി.എഫിന് നാല് ഗ്രാമപഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. ഏറ്റവുമൊടുവില്‍ലെ നില 53ല്‍ യു.ഡി.എഫും ബാക്കി 35 എല്‍.ഡി.എഫും.

കോണ്‍ഗ്രസ് ഗ്രൂപ്പിസന്‍െറ ആസ്ഥാനം കൂടിയാണ് ഇന്ന് തൃശൂര്‍. ഗ്രൂപ്പാവേശം മൂത്ത് പാര്‍ട്ടിക്കാര്‍ തന്നെ കൊന്നുകളഞ്ഞത് മൂന്നു പേരെ. ഏറ്റവും ഒടുവില്‍ ചാവക്കാട് തിരുവത്രയിലെ എ.സി. ഹനീഫയെ കൊന്നത് മറ്റു രണ്ട് കൊലപാതകങ്ങള്‍ പോലെ എളുപ്പം കെട്ടടങ്ങുന്നില്ല. അതും ഗ്രൂപ്പിസത്തിന്‍െറ തീയിലേക്കുള്ള എണ്ണയായി. ഐ ഗ്രൂപ്പിനെ മുതിര്‍ന്ന നേതാവും സഹകരണ മന്ത്രിയുമായ സി.എന്‍. ബാലകൃഷ്ണന്‍ നയിക്കുന്നു.  ഡി.സി.സി പ്രസിഡന്‍റ്  ഒ. അബ്ദുറഹ്മാന്‍കുട്ടി നയിക്കുന്ന ടീം മറുഭാഗത്ത്.  രണ്ട് കൂട്ടര്‍ക്കും ശത്രുവായി ജില്ലക്കാരനായ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ‘എല്ലാം പറഞ്ഞുതീര്‍ത്തു’ എന്ന് വരുത്താന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റും സി.എന്‍. ബാലകൃഷ്ണനുമൊക്കെ ചേര്‍ന്ന് പാര്‍ട്ടി കണ്‍വെന്‍ഷന്‍ കൂടി ഫോട്ടോയെടുത്ത് പിരിഞ്ഞു. ആ ഐക്യം അണികള്‍ക്ക് മനസിലാവുമോ എന്ന് കണ്ടറിയണം. യു.ഡി.എഫില്‍ ലീഗും ജെ.ഡി.യുവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സി.എം.പി സി.പി. ജോണ്‍ വിഭാഗവുമുണ്ട് ജില്ലയില്‍. അവകാശവാദങ്ങള്‍ പലതും തുടങ്ങിയിട്ടുണ്ട്.

എല്‍.ഡി.എഫില്‍ കാര്യമായ പൊട്ടലിനും ചീറ്റലിനും വകയില്ല; സി.പി.എമ്മും സി.പി.ഐയും സമ്പൂര്‍ണ യോജിപ്പിലാണെന്ന് പറയാനാവില്ളെങ്കിലും. അന്തിക്കാടും ഗുരുവായൂരും ഉള്‍പ്പെടെ അസ്വാരസ്യം ചിലയിടങ്ങളിലുണ്ട്. അതൊക്കെ പറഞ്ഞ് തീര്‍ക്കാാമെന്നു വെക്കാം. പക്ഷെ, കഴിഞ്ഞ അഞ്ചുകൊല്ലം തൃശൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഉള്‍പ്പെടെ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങളൊന്നും ഏശാത്തതിന്‍െറ ജാള്യത പേറുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഭരണപക്ഷം തന്നെ പല വടികള്‍ ഒരുക്കിവെച്ചതാണ്. ഒന്നും എല്‍.ഡി.എഫിന് പ്രയോഗിക്കാനായില്ല. കോര്‍പറേഷനിലാണെങ്കില്‍ ഭരണം അവസാനിക്കുമ്പോള്‍ ഇമേജ് വര്‍ധിപ്പിക്കുന്ന ചില പൊടിക്കൈകള്‍ ഭരണക്കാര്‍ കാണിച്ചുവെച്ചു. അതിനേയും തുറന്നു കാട്ടാനായില്ല.

ബി.ജെ.പി കൊടുങ്ങല്ലൂര്‍, പുതുക്കാട് മേഖലകളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അംഗത്വ കാമ്പയിന്‍ കാലത്ത് പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുണ്ടായ ജില്ല തൃശൂരാണ്. എസ്.എന്‍.ഡി.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് നേരിടാന്‍ ശ്രമം നടക്കുമ്പോള്‍ അതിന്‍െറ പ്രതിഫലനം പ്രകടമാകേണ്ട ജില്ലകളില്‍ ഒന്നാണ് തൃശൂര്‍. ആ ബന്ധം മുന്നേറുന്നതിനിടക്കാണ് എസ്.എന്‍.ഡി.പി യുനിയന്‍ ഭാരവാഹിയായ മുന്‍ എം.എല്‍.എ ജെ.എസ്.എസിന്‍െറ വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫും വിട്ട് സി.പി.ഐയിലൂടെ എല്‍.ഡി.എഫില്‍ എത്തിയത്. അപ്പോഴും, എസ്.എന്‍.ഡി.പിക്ക് സി.പി.ഐയുമായി പ്രശ്നങ്ങളില്ളെന്ന് പറയാന്‍ ഉമേഷ് ശ്രദ്ധിച്ചു. ആര്‍.എസ്.എസിന് മുന്നില്‍ അഭയം തിരക്കുന്ന സാമുദായിക സംഘടനകളെ തൃശൂരിലെ പ്രസംഗത്തില്‍ തള്ളിപ്പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തൊട്ടടുത്ത ദിവസം അന്തിക്കാട്ടത്തെിയപ്പോള്‍ താന്‍ പറഞ്ഞത് എസ്.എന്‍.ഡി.പിയെ ഉദ്ദേശിച്ചല്ളെന്ന് തിരുത്താനും തയാറായി. ചുരുക്കത്തില്‍ ഇടതുമുന്നണിയിലുള്ള സി.പി.ഐ പോലും എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന് സി.പി.എമ്മിനോടുള്ള വിരോധത്തിന്‍െറ ഭാരമേറ്റാന്‍ തങ്ങളില്ളെന്ന് പറയാതെ പറയുകയാണ്.

പുതിയ നഗരസഭകള്‍ രൂപവത്കരിച്ചതില്‍ ജില്ലയിലെ വടക്കാഞ്ചേരിയുണ്ട്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ത്താണ് നഗരസഭയാക്കിയത്. അതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 88ല്‍ നിന്ന് 86 ആയി. ജില്ലാ പഞ്ചായത്തും കോര്‍പറേഷനും കുന്നംകുളം, ചാലക്കുടി, ഗുരുവായൂര്‍ നഗരസഭകളും ഇനി ഭരിക്കുക വനിതകളായിരിക്കും; വടക്കാഞ്ചേരിയില്‍ പട്ടികജാതി വനിതയും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ സ്ഥാനം പട്ടികജാതിക്കാണ്്. ജനറല്‍ കൊടുങ്ങല്ലൂരും ചാവക്കാടും മാത്രം.
ജില്ലാ പഞ്ചായത്ത്
ആകെ ഡിവിഷന്‍ 29
ഭരണം: യു.ഡി.എഫ്
യു.ഡി.എഫ് -17
എല്‍.ഡി.എഫ് -12
കോര്‍പറേഷന്‍
ആകെ ഡിവിഷന്‍ -55
ഭരണം: യു.ഡി.എഫ്
യു.ഡി.എഫ് -46
ബി.ജെ.പി -2
നഗരസഭ
യു.ഡി.എഫ് -3
എല്‍.ഡി.എഫ് -3
ബ്ളോക്ക് പഞ്ചായത്ത്
യു.ഡി.എഫ് -9
എല്‍.ഡി.എഫ് -7
ഗ്രാമപഞ്ചായത്ത്
 യു.ഡി.എഫ് -53
എല്‍.ഡി.എഫ് -35

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story