ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യം; ആഞ്ഞടിക്കാനുറച്ച് കോണ്‍ഗ്രസ്
text_fieldsതിരുവനന്തപുരം: ബി.ജെ.പി- എസ്.എന്‍.ഡി.പി സഖ്യം സംബന്ധിച്ച് പ്രതികരിക്കുന്നതിനോട് തുടക്കത്തില്‍ മടിച്ചുനിന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിശ്ശബ്ദത അവസാനിപ്പിച്ച് ആഞ്ഞടിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്ന സുധീരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേര്‍ന്നാണ് മൂന്നാം മുന്നണി നീക്കത്തോടുള്ള മൃദുസമീപനം അവസാനിപ്പിച്ച് ശക്തമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന വികാരം പ്രവര്‍ത്തകരിലേക്ക് എത്തിക്കാന്‍ യോഗാനന്തരം ഒരുമിച്ച് മാധ്യമങ്ങളെ കണ്ട ഇവര്‍ കടുത്ത ഭാഷയില്‍ ബി.ജെ.പിക്കെതിരെ പ്രതികരിക്കാനും തയാറായി.
എസ്.എന്‍.ഡി.പിയുമായി കൂടുതല്‍ അടുക്കാന്‍ കുറച്ചുകാലമായി, പ്രത്യേകിച്ചും അരുവിക്കര ഉപതെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി ശ്രമിക്കുകയാണ്. ഈ നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സി.പി.എമ്മിനെ ആയിരിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നേറ്റം നടത്തിയ തിരുവനന്തപുരത്തെയും ഉപതെരഞ്ഞെടുപ്പ് നടന്ന അരുവിക്കരയിലെയും ഫലം ഇക്കാര്യം ശരിവെക്കുന്നതുമാണ്. മുഖ്യ ശത്രുവായ സി.പി.എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള ബി.ജെ.പി നീക്കം തങ്ങള്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലില്‍ ഇതിനെതിരെ കാര്യമായി പ്രതികരിക്കാന്‍ യു.ഡി.എഫും കോണ്‍ഗ്രസും തയാറായിരുന്നില്ല. കോണ്‍ഗ്രസിന്‍െറ ഈ സമീപനത്തോട് പ്രമുഖ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കുപോലും അമര്‍ഷം ഉണ്ടായിരുന്നു.
തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ വളര്‍ച്ചയുടെ ശക്തമായ ചുവടുവെപ്പാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായാല്‍ പാര്‍ട്ടിയുടെ വളര്‍ച്ച പതിന്മടങ്ങായി വര്‍ധിപ്പിക്കാമെന്നും നിയമസഭയില്‍ അക്കൗണ്ട് തുറക്കുകയെന്നതിനപ്പുറം വന്‍നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. ബി.ജെ.പിയുടെ നീക്കത്തെ മുസ്ലിംലീഗ് ഉള്‍പ്പെടെ യു.ഡി.എഫിലെ പല ഘടകകക്ഷികളും ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍, അവരെ നേരിടാന്‍ കാര്യമായി ഒന്നും കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്ക് ശക്തിയുള്ളതും എന്നാല്‍ വിജയസാധ്യത ഇല്ലാത്തതുമായ കേന്ദ്രങ്ങളില്‍ സി.പി.എമ്മുമായി ചില നീക്കുപോക്ക് ഉള്‍പ്പെടെ മറ്റുചില പോംവഴികളെപ്പറ്റി ലീഗ് നേതൃത്വവും ആലോചിച്ചിരുന്നു. ഇതോടെയാണ് അപകടം തിരിച്ചറിഞ്ഞ് ബി.ജെ.പിയുടെ കരുനീക്കങ്ങള്‍ക്കെതിരെ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസും തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
