വരവറിയിച്ച് വെള്ളാപ്പള്ളി, മനസ്സറിയിക്കാതെ ബി.ജെ.പി
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായേയും കണ്ട് വിജയഭേരിയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തലസ്ഥാനത്തത്തെിയപ്പോള്‍ മനസ്സറിയിക്കാതെ ബി.ജെ.പി നേതൃത്വം. എല്ലാ കാര്യങ്ങള്‍ക്കും തീരുമാനമായെന്ന മട്ടിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമാനത്താവളത്തിലെ പ്രതികരണം.
എന്നാല്‍, എസ്.എന്‍.ഡി.പി യോഗവുമായി ഇഴയടുപ്പമുണ്ടായി എന്നല്ലാതെ മറ്റൊന്നും വിട്ടുപറയാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ തയാറായില്ല. അവര്‍ പാര്‍ട്ടിയുണ്ടാക്കുമോ സ്ഥാനാര്‍ഥിയെ നിര്‍ത്തുമോ എന്നതിലൊക്കെ വ്യക്തത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുണ്ടാക്കിയാല്‍ത്തന്നെ അത് സഖ്യസാധ്യതയിലേക്ക് നീങ്ങാമെന്നല്ലാതെ, അതില്‍പ്പോലും ഉറപ്പ് പറഞ്ഞുമില്ല. ‘കുഞ്ഞ് ജനിക്കട്ടെ, അതിനുശേഷമാവാം കല്യാണാലോചന’ എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രതികരണം. മോദിയുമായി നടന്ന ചര്‍ച്ചക്കുശേഷം ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണം ഉണ്ടായിട്ടുമില്ല. അതിനാല്‍ത്തന്നെ വെള്ളാപ്പള്ളി പറയുന്നതല്ലാതെ ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നുമറിയില്ല എന്നതാണ് വസ്തുത.
ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട്, കേരളത്തിലെ ഏറ്റവും വലിയ സമുദായത്തിന്‍െറ നേതാവുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയിരിക്കെ, അതിന്‍െറ ഫലം എന്താണെന്നതില്‍ ഒരു വിശദീകരണം സ്വാഭാവികമായും ഉണ്ടാവേണ്ടതുണ്ട്. അതുണ്ടാവാത്തതിനാല്‍ വെള്ളാപ്പള്ളി നടിക്കുംപോലെ കാര്യമായൊന്നും സംഭവിച്ചിട്ടില്ല എന്നുവേണം കരുതാന്‍. എസ്.എന്‍.ഡി.പി യോഗവുമായി മാത്രമല്ല, ഹിന്ദുസമുദായങ്ങളെയാകെ ഒന്നിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും മുരളീധരന് വിശദീകരിക്കുന്നുണ്ട്. അതു മാത്രമല്ല, യോഗം കൂടി എത്തിയതോടെ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ണമായെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദത്തെയും സി.പി.എമ്മും യു.ഡി.എഫും സര്‍വനാശത്തിലേക്കെന്ന അഭിപ്രായത്തെയും മുരളീധരന് ഖണ്ഡിച്ചു. ഒരു പാര്‍ട്ടിയുടെ വളര്‍ച്ചയെപ്പറ്റി മറ്റൊരാളല്ല അഭിപ്രായം പറയേണ്ടതെന്ന് വ്യക്തമാക്കിയതിലൂടെ ബി.ജെ.പിയുടെ കാര്യം മറ്റാരും പറയേണ്ടതില്ളെന്നും വ്യക്തമാക്കുന്നു. സി.പി.എം ഉള്‍പ്പെടെ ആരുടെയും വളര്‍ച്ച അവസാനിച്ചെന്ന് പറയാന്‍ തയാറല്ളെന്നും അദ്ദേഹം തുടര്‍ന്നു. ഏതെങ്കിലും വാക്കിന്‍െറ പേരില്‍ പ്രകോപനത്തിനില്ളെന്നും മുരളീധരന് അറിയിച്ചു.
വന്‍ സ്വീകരണമാണ് യോഗം പ്രവര്‍ത്തകര്‍ വെള്ളാപ്പള്ളിക്ക് വിമാനത്താവളത്തില്‍ നല്‍കിയത്. സംവരണത്തില്‍ മാറ്റമുണ്ടാവില്ളെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി വെള്ളാപ്പള്ളി അറിയിച്ചു. മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങള്‍ നടത്തും. ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. എന്‍.എസ്.എസ് പിന്തുണയും ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നു. ബി.ജെ.പി ബന്ധത്തിന്‍െറ പേരില്‍ യോഗത്തില്‍ പിളര്‍പ്പുണ്ടാക്കാനാവില്ല. സി.പി.എമ്മും കോണ്‍ഗ്രസും ന്യൂനപക്ഷ പ്രീണനം തിരുത്താന്‍ തയാറായില്ല. സി.പി.എം എന്ന പാര്‍ട്ടിയോടല്ല, നേതാക്കളോടാണ് എതിര്‍പ്പ്. വി.എസ്. അച്യുതാനന്ദന് ആരോ എഴുതിക്കൊടുക്കുന്നത് വായിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.