തെരഞ്ഞെടുപ്പ് തോൽവി: നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് ഹൈകമാൻഡ് മുമ്പാകെ ചെന്നിത്തല
text_fieldsന്യൂഡൽഹി: പാർട്ടിയിലും സർക്കാറിലും കാര്യമായ തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തുക ദുഷ്കരമാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പാർട്ടി ഹൈകമാൻഡിനെ അറിയിച്ചു. കെ.എം. മാണിയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളിൽ ഹൈകമാൻഡ് മുമ്പാകെ തെൻറ നിരപരാധിത്വവും ചെന്നിത്തല വിശദീകരിച്ചതായാണ് വിവരം. വ്യാഴാഴ്ച ഡൽഹിയിലെത്തിയ ചെത്തിത്തല കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹ്മദ് പട്ടേൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
മുതിർന്ന നേതാവ് എ.കെ. ആൻറണിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും യു.ഡി.എഫിനും ഏറ്റ തിരിച്ചടിയെക്കുറിച്ചുള്ള ഐ ഗ്രൂപ്പിെൻറ വാദങ്ങളാണ് ചെന്നിത്തല ഹൈകമാൻഡിന് മുന്നിൽവെച്ചത്. കേരളത്തിലെ വിഷയങ്ങളിൽ തൽകാലം ഇടപെടുന്നില്ലെന്ന് ഹൈകമാൻഡ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ചെന്നിത്തല ഉന്നയിച്ചില്ല.
അതേസമയം, പാർട്ടി എത്തിപ്പെട്ട പ്രതികൂല സാഹചര്യത്തിലേക്ക് എത്തിച്ചതിൽ പ്രധാനം ഭരണത്തിലെയും പാർട്ടിയുടെയും വീഴ്ചയാണെന്നാണ് ഐ ഗ്രൂപ് വിശദീകരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് പ്രസ്തുത ആക്ഷേപങ്ങൾ.
അതേസമയം, ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ നടന്ന അന്വേഷണവും രാജിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും ചെന്നിത്തല ഹൈകമാൻഡ് മുമ്പാകെ വിശദീകരിച്ചു. മന്ത്രി കെ. ബാബുവിനെ സംരക്ഷിച്ച ആഭ്യന്തര വകുപ്പ് പക്ഷേ, മാണിയുടെ കാര്യത്തിൽ രക്ഷക്ക് എത്തിയില്ലെന്ന ആക്ഷേപം കേരള കോൺഗ്രസും എ ഗ്രൂപ്പും ഉന്നയിക്കുന്നുണ്ട്. നേതൃമാറ്റത്തിനായുള്ള ചെന്നിത്തലയുടെ നീക്കമാണിതെന്ന് എ ഗ്രൂപ് കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
