മുന്‍നിലപാടില്‍ ഉറച്ചും റിവിഷന്‍ ഹരജിയില്‍ പ്രതീക്ഷയര്‍പ്പിച്ചും മാണി
text_fieldsകോട്ടയം: രാജിവെക്കില്ളെന്ന മുന്‍ നിലപാടില്‍ ഉറച്ചും ബാര്‍ കോഴക്കേസിലെ കോടതി വിധിക്കെതിരെ വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിക്കുന്ന റിവിഷന്‍ ഹരജിയില്‍ പ്രതീക്ഷയര്‍പ്പിച്ചും മന്ത്രി കെ.എം. മാണി. രാജിവെക്കണമെന്ന് വിവിധ തലങ്ങളില്‍നിന്ന് സമ്മര്‍ദം ശക്തമാകുമ്പോഴും റിവിഷന്‍ ഹരജിയില്‍ ഹൈകോടതിയുടെ അനുകൂല വിധിയുണ്ടാകുമെന്ന അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഉപദേശവും രാജിവെക്കേണ്ടതില്ളെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കടുത്ത നിലപാടും ചെവിക്കൊണ്ട് മൂന്നാം ദിവസവും മന്ത്രി കെ.എം. മാണി കഴിച്ചുകൂട്ടിയത് പാലായിലെ വസതിയില്‍ തന്നെ. തെരഞ്ഞെടുപ്പ് വേളയില്‍ വിവാദമായേക്കാവുന്ന വിധികള്‍ പുറപ്പെടുവിക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമായി വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചതിനെ ഹൈകോടതിയില്‍ ചോദ്യംചെയ്യാന്‍ സ്വന്തം നിലയില്‍ കോടതിയെ സമീപിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. എങ്കിലും വിജിലന്‍സ് നല്‍കുന്ന റിവിഷന്‍ ഹരജിയിലാണ് മാണിയുടെ പ്രതീക്ഷയെല്ലാം.
അതിനിടെ കോടതിയുടെ കടുത്ത പരാമര്‍ശങ്ങളില്‍നിന്ന് മുഖം രക്ഷിക്കാന്‍ സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്നറിയാന്‍ നിയമവിദഗ്ധരുമായുള്ള രഹസ്യകൂടിക്കാഴ്ചകളും തകൃതി.
കൂടിക്കാഴ്ചകളിലും രഹസ്യചര്‍ച്ചകളിലും അടുത്ത വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തുന്നതില്‍ ജോസഫ് വിഭാഗത്തിലെ പലരും അതൃപ്തരാണ്. മന്ത്രി ജോസഫുമായി പോലും ചര്‍ച്ചകളില്ളെന്നാണ് വിവരം.
പാര്‍ട്ടി എം.എല്‍.എമാരും അസ്വസ്ഥരാണ്. പാര്‍ട്ടിയിലെ പ്രമുഖനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിട്ടും എം.എല്‍.എമാരടക്കമുള്ള നേതാക്കളുമായി പോലും ചര്‍ച്ച ചെയ്യാത്തതും നേതൃനിരയില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി ഉന്നതാധികാര സമിതി ഈമാസം ആറിനകം വിളിച്ചുകൂട്ടണമെന്ന നിലപാടിലാണ് പഴയ ജോസഫ് വിഭാഗം. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗമായ പി.സി. ജോസഫ് ശനിയാഴ്ചയും നിലപാട് ആവര്‍ത്തിച്ചു. ഇടതുമുന്നണിയുടെ സമരഭീഷണിയെ തുടര്‍ന്ന് വെള്ളിയാഴ്ച ഇടുക്കിയിലെ പൊതുപരിപാടികള്‍ ഉപേക്ഷിച്ചതിന് പിന്നാലെ ശനിയാഴ്ച പത്തനംതിട്ടയിലെ പരിപാടികളും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ നിര്‍ദേശപ്രകാരം റദ്ദാക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ചക്കാമ്പുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ മാണി പങ്കെടുത്തിരുന്നു. അതേസമയം, തന്നെ കേരള കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉയരുന്ന പടപ്പുറപ്പാടും യു.ഡി.എഫ് നേതാക്കളുടെ നിലപാടുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.
സ്വന്തം പാര്‍ട്ടിയിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം തനിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന നീക്കങ്ങള്‍ക്കിടയിലും ശനിയാഴ്ചയും അടുത്ത വിശ്വസ്തരുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നു. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളില്‍ ചിലരുമായി മാണി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍, കോണ്‍ഗ്രസിലെ ആരുമായും മാണി ബന്ധപ്പെടുന്നില്ല. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിലപാടുകളിലുള്ള അതൃപ്തി അടുത്ത വിശ്വസ്തരെ അറിയിക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മധ്യകേരളത്തില്‍ പലയിടത്തും പാര്‍ട്ടി നടത്തുന്ന സൗഹൃദ മത്സരങ്ങളുടെ ഗതിയെന്താകുമെന്ന ആശങ്ക പാര്‍ട്ടി നേതാക്കള്‍ മാണിയുമായി പങ്കുവെച്ചതിനെ തുടര്‍ന്ന് മകന്‍ ജോസ് കെ. മാണിയെയും മരുമകള്‍ നിഷയെയും പ്രചാരണത്തിനിറക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.