സി.പി.എം–കോണ്‍ഗ്രസ് സഖ്യനീക്കം: എതിര്‍പ്പുമായി ഇടതു ഘടകകക്ഷികള്‍
text_fieldsകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് നീക്കുപോക്കിനുള്ള സി.പി.എമ്മിലെ ആലോചനകള്‍ക്കിടെ, എതിര്‍പ്പുമായി ഇടതു ഘടകകക്ഷികള്‍. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും തയാറല്ളെന്നും കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്നും ഫോര്‍വേഡ് ബ്ളോക് ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ് പറഞ്ഞു. കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ സി.പി.എം തീരുമാനിക്കുമെന്ന് കരുതുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ആര്‍.എസ്.പിയുടെ ബംഗാള്‍ ഘടകം കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്.
ഇടതുമുന്നണിയില്‍ ഭിന്നനിലപാട് പുതിയ കാര്യമല്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പറഞ്ഞു. പാര്‍ട്ടി പ്ളീനം നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ സി.പി.എം പിന്തുണച്ചപ്പോള്‍ ഫോര്‍വേഡ് ബ്ളോക് പോലുള്ള പാര്‍ട്ടികള്‍ എതിര്‍നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ആര്‍.എസ്.പി കോണ്‍ഗ്രസ് മുന്നണിയിലാണെന്നും സലീം ചൂണ്ടിക്കാട്ടി. കേരളത്തില്‍ ആര്‍.എസ്.പി ചെയ്തത് ബംഗാളില്‍ സി.പി.എം ചെയ്യാന്‍ പോവുകയാണോ എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ച രാഷ്ട്രീയ അടവുനയം അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കുക.
ബംഗാളിലെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുമായുള്ള സഖ്യം പ്ളീനത്തിനുശേഷം ജനുവരിയില്‍ ചേരുന്ന സി.പി.എം സംസ്ഥാന സമിതി ചര്‍ച്ചചെയ്യും. കേന്ദ്ര നേതൃത്വത്തിന്‍െറയും പാര്‍ട്ടി അടവുനയത്തിന്‍െറയും അടിസ്ഥാനത്തിലും മാത്രമേ സഖ്യത്തില്‍ ഏര്‍പ്പെടുകയുള്ളൂ. കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്‍െറ സാധ്യതയെക്കുറിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഇടതുപാര്‍ട്ടികളുടെ മാത്രം മുന്നണിയല്ല, മറിച്ച് ഇടതുപാര്‍ട്ടികള്‍ക്കൊപ്പം ജനാധിപത്യ പാര്‍ട്ടികളും ഉള്‍പ്പെട്ട ഇടതുജനാധിപത്യ മുന്നണിയാണ് ഇപ്പോഴുള്ളതെന്നായിരുന്നു സലീമിന്‍െറ മറുപടി. കേന്ദ്രത്തില്‍ ഐക്യമുന്നണിയും യു.പി.എയും ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയ ചരിത്രവും സി.പി.എമ്മിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളില്‍നിന്നുള്ള മുതിര്‍ന്ന നേതാവുകൂടിയായ സലീമിന്‍െറ വാക്കുകള്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സി.പി.എം ബംഗാള്‍ ഘടകം ആഗ്രഹിക്കുന്നുവെന്നതിന്‍െറ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മറ്റു വഴിയില്ളെന്ന നിലക്കാണ് ബംഗാള്‍ ഘടകം കോണ്‍ഗ്രസിലേക്ക് ചായുന്നത്. കോണ്‍ഗ്രസ് സഖ്യം ബംഗാള്‍ സംസ്ഥാന സമിതി ചര്‍ച്ചചെയ്യുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം ഈ നീക്കത്തിന് എതിരാണ്. സ്വാഭാവികമായും കേരള ഘടകം കാരാട്ടിനൊപ്പമാണ്. പ്ളീനം വേദിയില്‍ സംഘടനയിലെ തിരുത്തല്‍ നടപടികള്‍ മാത്രമാണ് ചര്‍ച്ചയെങ്കിലും വേദിക്ക് പുറത്ത് നേതാക്കള്‍ക്കിടയില്‍ ബംഗാളിലെ സി.പി.എം-കോണ്‍ഗ്രസ് സഖ്യമാണ് ചൂടേറിയ വിഷയം.
ചര്‍ച്ച മാത്രം പോരാ; നടപടിയും വേണം
കൊല്‍ക്കത്ത: പാര്‍ട്ടിയില്‍ തെറ്റുതിരുത്തല്‍ ചര്‍ച്ച മാത്രം പോരെന്നും ഫലപ്രദമായ നടപടിയും വേണമെന്ന് പ്ളീനം ചര്‍ച്ചയില്‍ ആവശ്യം. വീഴ്ചകള്‍ പലപ്പോഴായി പാര്‍ട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് തെറ്റുതിരുത്തല്‍ രേഖകള്‍ പലകുറി പാര്‍ട്ടി തയാറാക്കുകയും ചെയ്തു. ഘടകങ്ങള്‍തോറും തെറ്റുതിരുത്തല്‍ രേഖകളില്‍ ചര്‍ച്ചകളും നടന്നു. എന്നിട്ടും പാര്‍ട്ടിയില്‍ കാര്യമായ മാറ്റമൊന്നും സംഭവിച്ചില്ല. മുമ്പ് കണ്ടത്തെിയ കുഴപ്പങ്ങള്‍ ഏറിയും കുറഞ്ഞും തുടരുന്ന സാഹചര്യമാണുള്ളതെന്നും പ്ളീനം ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഞായറാഴ്ച തുടങ്ങിയ പ്ളീനം ചര്‍ച്ച ബുധനാഴ്ച പൂര്‍ത്തിയാകും. തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയും പി.ബിയും ചേര്‍ന്ന് പ്ളീനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടി തയാറാക്കും. വ്യാഴാഴ്ച രാവിലെ ചേരുന്ന സെഷനില്‍ മറുപടി അവതരിപ്പിച്ചശേഷം ഉച്ചയോടെ പ്ളീനത്തിന് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
