ജെ.ഡി.യുവിന്‍റെ മുന്നണിമാറ്റം: അണികളുടെ നിലപാട് നിർണായകം
text_fieldsകോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ച് ജനതാദൾ (യു) ജില്ല–സംസ്ഥാന കൗൺസിലുകളുടെ അഭിപ്രായം തേടാനിരിക്കെ പാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങളിലെ അണികളുടെ നിലപാട് നിർണായകമാകുമെന്ന് സൂചന. ഭൂരിപക്ഷം ജില്ലാ കൗൺസിലുകളും മുന്നണി മാറ്റത്തിന് അനുകൂലമായാൽപ്പോലും അണികൾ കൂടുതലുള്ള ജില്ലകൾ മറിച്ച് നിലപാട് സ്വീകരിച്ചാൽ ജെ.ഡി.യുവിന് യു.ഡി.എഫ് വിടുക എളുപ്പമാകില്ല. നേതാക്കളിൽ ഭൂരിപക്ഷവും എൽ.ഡി.എഫിലേക്ക് പോകുന്നതിന് അനുകൂലമാണെങ്കിലും കീഴ്ഘടകങ്ങളിൽ വിശേഷിച്ച് സ്വാധീന മേഖലകളിൽ എതിർ വികാരവും ശക്തമാണ്.
സംസ്ഥാനത്ത് ജെ.ഡി.യുവിന് ഏറ്റവുമധികം അണികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ വടക്കൻ മേഖലയിൽ എട്ടോളം പഞ്ചായത്തുകളിൽ പലയിടത്തും തെരഞ്ഞെടുപ്പ് ഫലത്തെ നിർണയിക്കാൻപ്പോലും കഴിയുന്ന ശേഷി ജെ.ഡി.യുവിനുണ്ട്. ഈ മേഖലകളിൽ പരമ്പരാഗതമായി ‘മാർക്സിസ്റ്റ് വിരുദ്ധ’രാണ് ജനതാദളുകാർ. ഏറാമല, അഴിയൂർ പോലുള്ള ശക്തിദുർഗ പഞ്ചായത്തുകളിൽ എൽ.ഡി.എഫിലുള്ള സമയത്തുപോലും സി.പി.എമ്മുമായി നല്ല ബന്ധമായിരുന്നില്ല. മാത്രവുമല്ല, അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും യു.ഡി.എഫിൽ ലഭിക്കുന്ന സ്വാതന്ത്ര്യം എൽ.ഡി.എഫിൽ കിട്ടില്ലെന്ന അഭിപ്രായവും ഇവർക്കുണ്ട്.
വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ജില്ലകളാണ് സ്വാധീനമുള്ള മറ്റ് മേഖലകൾ. ഇവിടങ്ങളിലും മുന്നണിവിടണമെന്ന കാര്യത്തിൽ ഏകാഭിപ്രായമില്ല. സാങ്കേതിക ഭൂരിപക്ഷത്തിനപ്പുറത്ത് പാർട്ടിയുടെ ഏക മന്ത്രി കെ.പി. മോഹനെൻറയും സ്വാധീന മേഖലകളിലെ സംസ്ഥാന നേതാക്കളുടെയും അഭിപ്രായവും നേതൃത്വത്തിന് പരിഗണിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
