ബാബുവിന്‍െറ മറുപടി വേണ്ടെന്ന് പ്രതിപക്ഷം; വഴങ്ങാതെ സര്‍ക്കാര്‍
text_fieldsതിരുവനന്തപുരം: ബാര്‍ കോഴ ആരോപണവിധേയനായ മന്ത്രി കെ. ബാബു വിഴിഞ്ഞം പദ്ധതിയെ കുറിച്ച മറുപടി പറയുന്നതിനെതിരെയും പ്രതിപക്ഷം നിയമസഭയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. മുഖ്യമന്ത്രിയോ പരിസ്ഥിതി മന്ത്രിയോ മറുപടി നല്‍കിയാല്‍ മതിയെന്നു പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കിയില്ളെന്ന് ആരോപിച്ച് ജമീല പ്രകാശം കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. എന്നാല്‍, ബാബുതന്നെ മറുപടി പറയുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പ്രതിപക്ഷബഹളത്തിനിടെ അദ്ദേഹംതന്നെ മറുപടി പറയുകയും ചെയ്തു. ഒടുവില്‍ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന ആശങ്കയെന്ന് ബാബു ആരോപിച്ചു.
പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയത് മന്ത്രി ബാബുവാണെന്നും അദ്ദേഹത്തിന്‍െറ മറുപടിക്ക് ശേഷം വിശദീകരണം നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷം പറയുന്നത് അനുസരിച്ച് മറുപടി പറയാന്‍ കഴിയില്ളെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം മന്ത്രിയുടെ ആദ്യമറുപടി പൂര്‍ത്തിയായശേഷം സീറ്റിലേറ്റ് പോയെങ്കിലും രണ്ടാമത്തെ മറുപടി തുടങ്ങിയതോടെ വീണ്ടും ബഹളം തുടങ്ങി.
മന്ത്രിയുടെ മറുപടിക്ക് ശേഷവും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയാറായില്ല. ഇതിനിടെ വി.എസ്. അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. മറുപടി കേള്‍ക്കാനല്ല പ്രതിപക്ഷം അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് ഇറങ്ങിപ്പോക്കിന് മുന്നോടിയായി സി. ദിവാകരന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. പുനരധിവാസത്തിന്‍െറ പേരില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. എന്നാല്‍, ആക്ഷേപം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് മൂലം ഒരാള്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ളെന്നും ആരുമായും ചര്‍ച്ച നടത്താന്‍ തുറന്ന മനസ്സാണെന്നും മന്ത്രി ബാബുവും പറഞ്ഞു.
നിര്‍മാണം തുടങ്ങുംമുമ്പ് പുനരധിവാസം നടത്തുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ളെന്ന് ജമീല പ്രകാശം ആരോപിച്ചു. ജനങ്ങള്‍ നല്‍കിയ പരാതിയില്‍ ഹിയറിങ് പോലും നടത്തിയില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. മോദിയുടെ ഉറ്റതോഴനായ അദാനിയുമായുള്ള അവിഹിത ഇടപാടാണ് വിഴിഞ്ഞം പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. തറപൊട്ടിക്കല്‍ പ്രഹസനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിക്രിയകളാണെന്നും വി.എസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
