ബിഹാര്‍: മോദിക്ക് വിശാല മതേതരമുന്നണിയുടെ മുന്നറിയിപ്പ്
text_fieldsപട്ന: ബിഹാറില്‍ ബി.ജെ.പി വിരുദ്ധ വിശാല മതേതരമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. ഞായറാഴ്ച പട്നയിലെ ഗാന്ധിമൈതാനിയില്‍ നടന്ന സ്വാഭിമാന്‍ റാലിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, ആര്.ജെ.ഡി തലവന്‍ ലാലുപ്രസാദ് യാദവ് തുടങ്ങിയ പ്രമുഖര്‍ അഭിസംബോധന ചെയ്തു. നേതാക്കളുടെ പ്രസംഗത്തിലുടനീളം മോദിസര്‍ക്കാറിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
പ്രകടനങ്ങള്‍ക്കപ്പുറം മോദി സാധാരണക്കാര്‍ക്കായി ഒന്നുംചെയ്തില്ളെന്ന് സോണിയ കുറ്റപ്പെടുത്തി. ഒരുഭാഗത്ത് വാഗ്ദാനങ്ങള്‍ നിരത്തുമ്പോള്‍ മറുഭാഗത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിപോലുള്ള കാര്യങ്ങള്‍ മോദി എടുത്തുകളയുകയാണെന്നും അവര്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്‍െറ കാര്യത്തില്‍ മോദി പ്രതിപക്ഷത്തിന്‍െറ മുന്നില്‍ മുട്ടുമടക്കിയെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. യുവാക്കള്‍ക്കായി മോദിക്ക് ഒന്നും ചെയ്യാനായില്ളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ അദ്ദേഹം സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായതിനെക്കാള് വലിയ തിരിച്ചടിയായിരിക്കും മോദിക്ക് ബിഹാറിലുണ്ടാവുകയെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു.
പതിനായിരങ്ങള്‍ പങ്കെടുത്ത റാലിക്കിടെ, നേരത്തേ ലാലുവും നിതീഷും പ്രഖ്യാപിച്ച ‘ശബ്ദ് വാപസി’ കാമ്പയിനും നടത്തി. ജൂലൈ 25ന് മുസഫര്‍നഗറില്‍ നടത്തിയ പ്രസംഗത്തിനിടെ മോദി നിതീഷിനെതിരെ നടത്തിയ വിവാദ ഡി.എന്‍.എ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശബ്ദ് വാപസി കാമ്പയിന് സംഘടിപ്പിച്ചത്. ഇടക്കിടെ മുന്നണിമാറ്റം നടത്തുന്ന നിതീഷിന്‍െറ ഡി.എന്‍.എക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ 50 ലക്ഷം ആളുകളുടെ ഡി.എന്‍.എ സാമ്പിളുകള്‍ മോദിക്ക് അയച്ച് പ്രതിഷേധിക്കുമെന്ന് ഇരുനേതാക്കളും അറിയിച്ചിരുന്നു. ഞായറാഴ്ച ഗാന്ധിമൈതാന്‍ പരിസരത്ത് പാര്‍ട്ടിപ്രവര്‍ത്തകരുടെ ഡി.എന്‍.എ പരിശോധനക്കായി 80 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
പരിശോധനക്ക് വിധേയരായവര്‍ക്ക് കൗണ്ടറില്‍നിന്ന് മോദിയെ വിമര്‍ശിക്കുന്ന വാചകങ്ങളടങ്ങിയ ഒരു കാര്‍ഡും നല്കി. ‘ഒരു ബിഹാറിയായതില് ഞാന്‍ അഭിമാനിക്കുന്നു. എന്‍െറ ഡി.എന്‍.എക്ക് ഒരു കുഴപ്പവുമില്ല. പക്ഷേ, താങ്കള്‍ക്ക് (മോദി) സംശയമുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്’-ഇതായിരുന്നു കാര്ഡിലെഴുതിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
