ഒപ്പം നിന്നവരെ മുന്നണിക്കുള്ളിലാക്കാന്‍ സി.പി.എം
text_fieldsതിരുവനന്തപുരം: തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി ഐ.എന്‍.എല്‍ ഉള്‍പ്പെടെ ചെറുപാര്‍ട്ടികളെ ഇടതു മുന്നണിക്കുള്ളിലാക്കാന്‍ സി.പി.എമ്മില്‍ ആലോചന മുറുകുന്നു. ഒപ്പം സമൂഹത്തിലെ വിവിധ മത, സാമുദായിക സംഘടനകളുമായുള്ള സംവാദത്തിന്‍െറ വാതില്‍ അടക്കേണ്ടതില്ളെന്നുമാണ് സംസ്ഥാന നേതൃത്വത്തിന്‍െറ നിലപാട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ പരാജയമാണ് മുന്നിലുള്ള വലിയ ലക്ഷ്യമായി സി.പി.എം കാണുന്നത്.
ഐ.എന്‍.എല്‍, കെ.ആര്. ഗൗരിയമ്മയുടെ നേതൃത്വത്തിലെ ജെ.എസ്.എസ്, കെ.ആര്. അരവിന്ദാക്ഷന്‍െറ സി.എം.പി, ഫോര്‍വേഡ് ബ്ളോക് എന്നീ പാര്‍ട്ടികളാണ് നിലവില്‍ എല്‍.ഡി.എഫ് പ്രവേശം കാത്തുനില്‍ക്കുന്നത്. ഇതില്‍ ജെ.എസ്.എസിന്‍െറ സി.പി.എം ലയനം സാങ്കേതിക കാരണങ്ങളാല്‍ നീളുകയാണ്. വര്‍ഷങ്ങളായി മുന്നണിക്കൊപ്പമുള്ള വിശ്വസ്ത കക്ഷികളുടെ കാര്യത്തില്‍ അനുകൂല നിലപാട് വേണമെന്നാണ് ആലോചന.
രണ്ട് ദശാബ്ദമായി എല്‍.ഡി.എഫിനൊപ്പമുള്ള ഐ.എന്‍.എല്ലിന്‍െറ കാര്യത്തില്‍ സി.പി.എം നേതൃത്വം അനുകൂല നിലപാടിലാണ്.
മുസ്ലിം ലീഗുമായി തെറ്റിയ ശേഷം എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുന്ന തങ്ങളോടുള്ള സമീപനത്തില്‍ വ്യക്തത വരുത്തണമെന്ന് ഈയടുത്ത് സി.പി.എമ്മിനോട് ഐ.എന്‍.എല്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സി.പി.എം സംസ്ഥാന സമിതിയില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചക്ക് പരിഗണിച്ചു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലുമായി കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയത്.
മുന്നണിക്കൊപ്പം നില്ക്കുന്ന വിവിധ ചെറുപാര്‍ട്ടികളെ തമ്മില്‍ ലയിപ്പിച്ചും മറ്റു ചിലവയെ ഉള്‍ക്കൊണ്ടുമുള്ള നടപടികള്‍ കൂടി സി.പി.എം ലക്ഷ്യം വെക്കുന്നു. പി.ടി.എ. റഹീമിന്‍െറ നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലുമായി ലയിക്കണമെന്ന താല്പര്യമാണ് ഇതില്‍ പ്രധാനം.
കെ.ടി.എ. ജലീലും നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ഐ.എന്‍.എല്ലിന്‍െറ ഭാഗമാകണമെന്ന അഭിപ്രായക്കാരനാണ്. ഐ.എന്‍.എല്‍ നേതൃത്വമാകട്ടേ വിഷയത്തില്‍ ഗൗരവ ചര്‍ച്ചക്ക് തുടക്കം ഇട്ടിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഐ.എന്‍.എല്ലിന് നീക്കിവെക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ ഭാഗമാക്കാനുമാണ് ആലോചന.
സി.എം.പി, ഫോര്‍വേഡ് ബ്ളോക് എന്നിവ കൂടാതെ, ആര്. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്, സെക്കുലര്‍ കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായും സഹകരണമുണ്ടാവും. ഇതില്‍ മുന്നണിയില്‍ എതിര്‍പ്പുണ്ടാവില്ളെന്നാണ് കണക്കുകൂട്ടല്‍.
ഒപ്പമാണ് വിവിധ മത, സാമുദായിക സംഘടനകളുമായി സംവാദ സാഹചര്യം ഒരുങ്ങിയാല്‍ പുറംതിരിഞ്ഞ് നില്‍ക്കേണ്ടതില്ളെന്ന നിലപാടും നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങള്‍ മാത്രമല്ല, ഭൂരിപക്ഷ വിഭാഗ സംഘടനകളും സംവാദ വാതില്‍ തുറന്നാല്‍ പ്രയോജനപ്പെടുത്തണമെന്നാണ് നിലപാട്. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന വര്‍ഗീയ സംഘടനകളുമായി സഹകരണമുണ്ടാവില്ളെന്ന നിലപാടില്‍ ഉറച്ചുനിന്നാവും ഈ നീക്കം. മത വിശ്വാസ സംരക്ഷണത്തെ ജനാധിപത്യ അവകാശമായി വേര്‍തിരിച്ച് കണ്ടാവും നിലപാട് സ്വീകരിക്കുക.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സാമുദായിക സംഘടനകള്‍ക്കെതിരായ ആക്രമണത്തിനല്ല ഗുണപരമായ സംവാദങ്ങള്‍ക്കാണ് വഴി തെളിയേണ്ടത് എന്നാണ് നേതൃത്വ നിലപാട്. ക്രൈസ്തവ, ഹിന്ദു പിന്നാക്ക, ദലിത് സാമൂഹിക സംഘടനകളുമായും ചര്‍ച്ചക്ക് സി.പി.എം മുന്‍കൈ എടുക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കുന്ന സുന്നി വിഭാഗവുമായി കെ.ടി.എ. ജലീലും പി.ടി.എ. റഹീമും ചര്‍ച്ച നടത്തുന്നതിനെയും ഇത്തരത്തിലാണ് കാണുന്നത്. ഈ വാതില്‍ പ്രയോജനപ്പെടുത്തണമെന്ന നിലപാടാണ് നേതൃത്വത്തിന്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് ഒരു എതിര്‍പ്പോ നിര്‍ദേശമോ സംസ്ഥാന ഘടകത്തിന് ലഭിച്ചിട്ടില്ല.
ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകളെ അവഗണിക്കുന്ന സമീപനമാവും നേതൃത്വം സ്വീകരിക്കുക. എസ്.എന്‍.ഡി.പി നേതൃത്വത്തിലെ ഒരു വിഭാഗം ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതിനെ ഗൗരവമായാണ് കേന്ദ്ര, സംസ്ഥാന നേതൃത്വം കാണുന്നത്. അതിനാല്‍ ബി.ജെ.പി തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന വര്‍ഗീയ പ്രീണനമെന്ന ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കാതെയാവും സി.പി.എമ്മിന്‍െറ പുതിയ നീക്കങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
