അരുവിക്കര : ഭരണവിരുദ്ധ വോട്ടില്‍ ഒരുഭാഗം ബി.ജെ.പിക്ക് പോയെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരായ പ്രതിഷേധ വോട്ടില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.ജെ.പിക്കെതിരായ പ്രചാരണത്തില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല. അതില്‍ വീഴ്ച പറ്റി. ബി.ജെ.പി സര്‍വസന്നാഹത്തോടെ അണിനിരന്നു. ഉമ്മന്‍ ചാണ്ടി അവരെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചു. മത്സരം യു.ഡി.എഫും ബി.ജെ.പിയുമായാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കുന്നതായി. ബി.ജെ.പിയെയും യു.ഡി.എഫിനെയും മുഖ്യകക്ഷിയാക്കുകയായിരുന്നു തന്ത്രം. പക്ഷേ, അത് വിജയിച്ചില്ളെന്നും സംസ്ഥാന സമിതിയുടെ തീരുമാനം വിശദീകരിച്ച് കോടിയേരി പറഞ്ഞു.
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ ആപത്കരമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ട്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഹിന്ദുത്വ ശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ഇതിനെതിരെ ന്യൂനപക്ഷ വര്‍ഗീയതയും ശക്തിപ്പെടുന്നു. ഇവ രണ്ടിനുമെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കും. ഇതിനായി മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സംഘടനകളെ പരമാവധി യോജിപ്പിക്കും. സെപ്റ്റംബര്‍ 15 നുള്ളില്‍ അതത് ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങള്‍ വര്‍ഗീയവിരുദ്ധ സെമിനാര്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം അഡ്മിനിസ്ട്രേറ്റര്‍മാരെ ഏല്‍പ്പിക്കുകയും യു.ഡി.എഫ് താല്‍പര്യ പ്രകാരം വാര്‍ഡ് വിഭജിച്ച് തെരഞ്ഞെടുപ്പില്‍ കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കുകയുമാണ് സര്‍ക്കാര്‍ ശ്രമം. ഇതിനെതിരെ ആഗസ്റ്റ് 20ന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ ഓഫിസ് ധര്‍ണ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.