പാര്‍ലമെന്‍റ് തല്ലിപ്പിരിഞ്ഞു; മഴക്കാല സമ്മേളനം വീണ്ടും വിളിക്കാന്‍ സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ലളിത് മോദി വിവാദവും വ്യാപം ക്രമക്കേടും കോളിളക്കമുണ്ടാക്കിയ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം അവസാനിച്ചു. ജി.എസ്.ടി ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാനാകാതെയാണ് 17 ദിവസം നീണ്ട സമ്മേളനം പിരിഞ്ഞത്. എന്നാല്‍, വര്‍ഷകാല സമ്മേളനം അവസാനിച്ചതായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടില്ല. നവംബറില്‍ നടക്കേണ്ട ശീതകാല സമ്മേളനത്തിനുമുമ്പ് വര്‍ഷകാല സമ്മേളനത്തിന്‍െറ തുടര്‍ച്ചയായി കുറച്ചുദിവസത്തേക്ക് വീണ്ടും സഭ ചേരാനുള്ള സാധ്യത നിലനിര്‍ത്തിയാണ് സഭ പിരിഞ്ഞത്.
അതേസമയം, സഭാസമ്മേളനം ബഹളത്തില്‍ ഒലിച്ചുപോയതിന് കോണ്‍ഗ്രസും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍െറ ജനാധിപത്യവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ നേതാക്കാള്‍ വിജയ് ചൗക്കില്‍നിന്ന് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാര്‍ച്ച്’ നടത്തി. മാര്‍ച്ചിന് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന മോദി സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ അംഗങ്ങള്‍ പാര്‍ലമെന്‍റ് കവാടത്തില്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ ധര്‍ണയും നടത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ ധര്‍ണ.
പാര്‍ലമെന്‍റില്‍ കൊമ്പുകോര്‍ത്ത ബി.ജെ.പിയും കോണ്‍ഗ്രസും പോരാട്ടം പുറത്തേക്കും വ്യാപിപ്പിക്കുകയാണ്. പാര്‍ലമെന്‍റ് സമ്മേളനം സമാപിച്ചതിന് പിന്നാലെ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ കോണ്‍ഗ്രസിന്‍െറ ജനാധിപത്യവിരുദ്ധ സമീപനം തുറന്നുകാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍.ഡി.എ എം.പിമാരോട് ആവശ്യപ്പെട്ടു.
ഇക്കാര്യം വിശദീകരിച്ച് കോണ്‍ഗ്രസ്, ഇടത് എം.പിമാരുടെ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ കാമ്പയിന്‍ നടത്താന്‍ എന്‍.ഡി.എ യോഗം തീരുമാനിച്ചതായി മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. മന്ത്രിമാരായ സുഷമ സ്വരാജും ജെയ്റ്റ്ലിയും കള്ളപ്പണക്കാരെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കള്ളപ്പണക്കാരും രാഷ്ട്രീയക്കാരും തമ്മിലുള്ള മുഖ്യകണ്ണിയാണ് ലളിത് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ലളിത് മോദിയെ പേടിയാണ്. എങ്കിലും ലളിത് മോദിയെ തിരിച്ചുകൊണ്ടുവരാനുള്ള സമ്മര്‍ദം കോണ്‍ഗ്രസ് തുടരുമെന്നും രാഹുല്‍ തുടര്‍ന്നു.
അവസാനദിനമായ വ്യാഴാഴ്ചയും കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ രാജി ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. സുഷമ നല്‍കിയ വിശദീകരണം തൃപ്തികരമല്ളെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നുമായിരുന്നു ആവശ്യം.
അടിയന്തര പ്രമേയത്തില്‍ താന്‍ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്ക് സുഷമ മറുപടി നല്‍കിയിട്ടില്ളെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി സഭയില്‍ എത്തിയെങ്കിലും സംസാരിക്കാന്‍ തയാറായില്ല. കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയതിന് പിന്നാലെ ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയും ചെയ്തു. രാജ്യസഭയും പ്രധാന നടപടികളിലേക്ക് കടക്കാതെ 12 മണിയോടെ പിരിഞ്ഞു.
അതേസമയം, ലോക്സഭയില്‍ രാജീവ്ഗാന്ധിക്കെതിരെ സുഷമ സ്വരാജ് നടത്തിയ ആരോപണങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുഷമക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
