ജാതി സമവാക്യങ്ങള്‍ മാറുന്നു; തന്ത്രങ്ങളുമായി സി.പി.എം
text_fieldsകണ്ണൂര്‍: അരുവിക്കരയിലെ ബി.ജെ.പി മുന്നേറ്റവും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംഘ്പരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും കേരളത്തില്‍ ജാതിരാഷ്ട്രീയം വര്‍ഗീയവത്കരിക്കപ്പെടുന്നതിന്‍െറ സൂചനയാണെന്ന് തിരിച്ചറിഞ്ഞ് അത് പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ സി.പി.എം മെനയുന്നു. ബി.ജെ.പിയുമായി കൂട്ടുകൂടുന്നത് എസ്.എന്‍.ഡി.പി യോഗത്തില്‍ പിളര്‍പ്പിന് വഴിയൊരുക്കുമെന്ന് സി.പി.എം നേതൃത്വം അണികളെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും കാര്യങ്ങളെ കരുതലോടെ സമീപിക്കണമെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം.
സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നതിനുമുമ്പ് അണികള്‍ക്കയച്ച ചോദ്യാവലിയിലും സി.പി.എം അംഗങ്ങളുടെയും അനുഭാവികളുടെയും ജാതി, മത സംഘടനാ ബന്ധം പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടിക്ക് കേരളത്തില്‍ വന്‍ സ്വാധീനമുണ്ടാക്കിയതില്‍ സുപ്രധാന പങ്കുവഹിച്ച ഈഴവ സമുദായം ബി.ജെ.പിയുടെ പ്രേരണയാല്‍ വര്‍ഗീയവത്കരിക്കപ്പെടുകയാണോ എന്ന് നേതൃത്വം പരിശോധിക്കുമെന്നാണ് സി.പി.എം നല്കുന്ന സൂചന.
സംസ്ഥാനത്ത് ഒട്ടനവധി സി.പി.എം പ്രവര്‍ത്തകര്‍ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേതൃത്വത്തിന് നന്നായറിയാം. പാര്‍ട്ടി അംഗങ്ങളെ ഇതില്‍നിന്ന് വിലക്കാന്‍ നേതൃത്വത്തിന് ഏറക്കുറെ കഴിഞ്ഞിട്ടുണ്ടെങ്കിലും അനുഭാവികളുടെ കാര്യത്തില്‍ ഇത് സാധ്യമല്ല. ആയിരക്കണക്കിന് വരുന്ന ബ്രാഞ്ച് കമ്മിറ്റികള്‍ പരിശോധിച്ച് അണികളുടെ സാമുദായിക പാര്‍ട്ടി ബന്ധം തടയാന്‍ പാര്‍ട്ടി ശ്രമിക്കാറുമില്ല. മാത്രമല്ല, വിവിധ മതവിഭാഗങ്ങളില്പെട്ടവരുടെ ആരാധനാലയങ്ങളുടെ ഭരണത്തില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാറുള്ളതിനാല്‍ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ സാമുദായിക പാര്‍ട്ടികളുമായി അണികള്‍ പുലര്‍ത്തുന്ന ബന്ധം പൂര്‍ണമായി തടയാന്‍ സി.പി.എം ശ്രമിക്കാറുമില്ല.
എന്നാല്‍, കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാനത്തെ പ്രബല സമുദായത്തെ കൂട്ടുപിടിക്കാന്‍ ഒരുങ്ങുമ്പോള്‍ സാമുദായിക പാര്‍ട്ടികളുമായുള്ള ബന്ധത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് തന്നെയാണ് സി.പി.എം കരുതുന്നത്. എസ്.എന്‍.ഡി.പി യോഗവുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍പോലും പ്രാദേശിക തലത്തില്‍ നീക്കുപോക്കിന് തയാറാവില്ളെന്ന് മാത്രമല്ല, സംഘടനയിലേക്ക് അണികള്‍ പോവുന്നത് തടയാനും പാര്‍ട്ടി ശ്രമം നടത്തും.എസ്.എന്‍.ഡി.പിക്ക് കാര്യമായി സ്വാധീനമില്ലാത്ത മലബാറില്‍, പ്രത്യേകിച്ച് ഉത്തര കേരളത്തില്‍ ഈഴവരുടെ അതേ ഗണത്തില്‍തന്നെപെട്ട തീയ സമുദായം ബി.ജെ.പിയിലേക്ക് പോകുന്നത് തടയാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് സി.പി.എം തീരുമാനമെന്നറിയുന്നു.
സംസ്ഥാന സി.പി.എം നേതൃത്വത്തില്‍ എക്കാലത്തും അജയ്യ ശക്തിയായി നിലകൊള്ളുന്ന കണ്ണൂര്‍ ലോബി ജില്ലയിലെ പ്രബല സമുദായങ്ങളായ നായര്‍, തീയ സമുദായങ്ങളുടെ സന്തുലിത സമവാക്യം നേതൃനിരയില്‍ കാലങ്ങളായി നിലനിര്‍ത്താറുണ്ട്. എ.കെ. ഗോപാലന്-സി.എച്ച്. കണാരന് എന്നിവരുടെ നേതൃത്വം മുതല്‍ പിണറായി വിജയന്-കോടിയേരി ബാലകൃഷ്ണന് കൂട്ടുകെട്ട് വരെ ഇതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെയാണ് പാര്‍ട്ടി ഗ്രാമങ്ങളിലൂടെയും കെട്ടുറപ്പുള്ള സഹകരണ സംഘങ്ങളിലൂടെയും മറ്റും സി.പി.എം ജില്ലയില്‍ ഇന്നും അജയ്യശക്തിയായി നിലനില്‍ക്കുന്നത്.
സി.പി.എമ്മിനെ രാഷ്ട്രീയമായും കായികമായും നേരിടുന്ന ബി.ജെ.പിയാകട്ടെ കേന്ദ്രത്തിലെ ഭരണവും എസ്.എന്‍.ഡി.പിയുടെ പുതിയ നിലപാടും തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്താകമാനം സംഘ്പരിവാര്‍ പയറ്റുന്ന രീതിയില്‍ ജാത്യാഭിമാനം ഓര്‍മപ്പെടുത്തി തീയ സമുദായത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനാണ് അവരുടെ നീക്കം. കണ്ണൂര്‍ ജില്ലയിലെ തീയ സമുദായം എന്തുകൊണ്ടും നായര്‍ സമുദായത്തെപോലെ പ്രബലമാണ്. തലശ്ശേരി ജഗന്നാഥ ക്ഷേത്രം കൈയ്യടക്കാനും പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയുടെ മാതൃകയില്‍ സ്വന്തം കേന്ദ്രം തുടങ്ങാനും ആര്.എസ്.എസ് ശ്രമം തുടങ്ങിക്കഴിഞ്ഞു. ജില്ലയില്‍ വ്യാപാര മേഖലയിലും മറ്റും മുസ്ലിംകള്ക്ക് നേരത്തെയുണ്ടായിരുന്ന ആധിപത്യവും ഗള്‍ഫ് പണത്തിന്‍െറ സ്വാധീനവും ചൂണ്ടിക്കാട്ടി തീയ സമുദായത്തെ വര്‍ഗീയവത്കരിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
