Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 4:48 PM IST Updated On
date_range 2 Dec 2020 4:48 PM ISTകടയ്ക്കാവൂർ വിമത ഭീഷണിക്കിടയിലും ഇരു മുന്നണികളും ആത്മവിശ്വാസത്തിൽ
text_fieldsbookmark_border
ആറ്റിങ്ങല്‍: വിമതര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും കടയ്ക്കാവൂരില്‍ ഇരുമുന്നണികളും ഭരണം നേടുമെന്ന ആത്മവിശ്വാസത്തില്‍. ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിച്ചിട്ടുള്ള ചരിത്രമാണ് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിനുള്ളത്. 2005ല്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു കടയ്ക്കാവൂര്‍. എല്‍.ഡി.എഫിന് 12ഉം യു.ഡി.എഫിന് രണ്ടും സീറ്റ്. 2010ല്‍ ഫലം മാറി മറിഞ്ഞു. യു.ഡി.എഫ്. അധികാരത്തിലേറി. 2015 ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ഭരണം തിരിച്ച് പിടിച്ചു. 16 അംഗ കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് 10 ഉം യു.ഡി.എഫിന് 5ഉം ബി.ജെ.പിക്ക് ഒരു അംഗവുമാണ് നിലവിലുള്ളത്. ഈ ഭരണം നിലനിര്‍ത്തുവാന്‍ ഇടതുപക്ഷവും തിരിച്ച് പിടിക്കുവാന്‍ യു.ഡി.എഫും പതിനെട്ടടവും പയറ്റുന്നു. ഇരുമുന്നണികള്‍ക്കും വിമതര്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വിമതരെ പിന്മാറ്റുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ എല്‍.ഡി.എഫിലാണ് വിമത ശല്യം കൂടുതല്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വരെ വിമതരായി മത്സരരംഗത്ത് ഉണ്ട്. ആറ് വാര്‍ഡുകളിലാണ് സി.പി.എം. വിമതര്‍ മത്സരിക്കുന്നത്. ഇവര്‍ എല്ലാവരും ആട്ടോറിക്ഷ ചിഹ്നമാണ് സ്വീകരിച്ചത്. പ്രചരണത്തിലും ഏകീകൃത രൂപമുണ്ട്. അഞ്ചാം വാര്‍ഡില്‍ പ്രിജി, 7ല്‍ ഗീത, 9ാം വാര്‍ഡില്‍ പഞ്ചായത്ത് വികസന സമിതി ചെയര്‍മാനായിരുന്ന കെ.സുഭാഷ്, 11ല്‍ മഹിളാ അസോസിയേഷന്‍ നേതാവ് അജിത, 12ല്‍ നിലവിലെ വൈസ് പ്രസിഡന്റ് ഷമാം ബീഗം, 13ല്‍ അജികുമാര്‍ എന്നിവരാണ് എല്‍.ഡി.എഫ്. വിമതര്‍. യു.ഡി.എഫിന് നാലാം വാര്‍ഡില്‍ ദിലീപ്കുമാറും 16ാം വാര്‍ഡില്‍ ചന്ദ്രികയും വിമത സ്ഥാനാര്‍ത്ഥികളായി രംഗത്തുണ്ട്. പഞ്ചായത്തിലെ നിലവിലെ ഭരണസമിതിയിലെ പ്രശ്‌നങ്ങളും അഴിമതി ആരോപണങ്ങളും മുന്‍ നിര്‍ത്തിയാണ് യു.ഡി.എഫ്. പ്രചരണം. ആരോപണങ്ങള്‍ക്ക് കാരണമായതും ജനപ്രതിനിധികള്‍ക്കെതിരേ വിധി വന്നതുമായ സംഭവങ്ങള്‍ പഞ്ചായത്തിലുണ്ടായിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നിരന്തര സമരം നടത്തി വരുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായ പ്രചരണം തെരഞ്ഞെടുപ്പ് രംഗത്തും യു.ഡി.എഫ്. നടത്തുന്നു. നാല് എല്‍.ഡി.എഫ്. അംഗങ്ങളുടെ പത്രിക തടഞ്ഞുവെക്കപ്പെടുന്നതിനും ലോകായുക്ത ഉത്തരവ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കാരണമായിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ ഈ പത്രികകള്‍ സ്വീകരിച്ചെങ്കിലും ഇവര്‍ വിജയിച്ച് വരുകയാണെങ്കില്‍ നിയമയുദ്ധം ഉറപ്പ്. ഇതെല്ലാം വ്യാജ പ്രചരണങ്ങളാണന്നും പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്നുമാണ് എല്‍.ഡി.എഫ്. പ്രചരണം. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ ഇലക്ഷന്‍ കാമ്പയിന്‍. ജനകീയാസൂത്രണ പദ്ധതിയിലൂടെയും സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെയും ക്ഷേമപെന്‍ഷനുകളും ഇവര്‍ ഉയര്‍ത്തികാട്ടുന്നു. എല്‍.ഡി.എഫിനെ യു.ഡിഎഫ്. വിമര്‍ശിക്കുന്നതിനേക്കാള്‍ ശക്തമായ രീതിയില്‍ ആക്രമിച്ചാണ് വിമതരുടെ പ്രചരണം. ഇതിനിടയില്‍ ബി.ജെ.പി. തങ്ങളുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുവാന്‍ കഠിനപരിശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story