Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2020 3:39 PM IST Updated On
date_range 29 Sept 2020 3:39 PM ISTകലിപ്പിലാണെങ്കിലും മുരളി വഴക്കിനില്ല
text_fieldsbookmark_border
കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിലെ പ്രസ്റ്റീജ് പോരാട്ടത്തിൽ പി.ജയരാജനെ മലർത്തിയടിച്ച കെ.മുരളിധരനെ കലിപ്പിലാക്കുന്നത് സംസ്ഥാന നേതൃത്വത്തിെൻറ അവഗണന. നിർണായക ഘട്ടത്തിൽ വട്ടിയൂർക്കാവിലെ എം.എൽ.എ സ്ഥാനം രാജിവെച്ച്, വിജയം ഉറപ്പില്ലാത്ത വടകര മണ്ഡലത്തിൽ ലോകസഭയിലേക്ക് പോരാടാനുള്ള മുരളിയുടെ സന്നഗ്ധതയെ കോൺഗ്രസും യു.ഡി.എഫും പ്രകീർത്തിച്ചിരുന്നു. ‘അപാര ധൈര്യം തന്നെ’ എന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. യു.ഡി.എഫ് തരംഗത്തിനും രാഹുൽ ഗാന്ധി ഇഫക്ടിനുമപ്പുറം മുരളീധരെൻറ പോരാട്ട വീര്യത്തിെൻറ പ്രതിഫലനമായിരുന്നു വടകരയിലെ വിജയം. എന്നാൽ, എം.പിയായ ശേഷം സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നെ 'മൈൻഡ് ചെയ്യുന്നില്ല' എന്നാണ് മുരളിയുടെ പരാതി. കോൺഗ്രസ് പുനസംഘടനയിൽ തെൻറ അനുയായികളെ പരിഗണിച്ചില്ലെന്നതും പാർട്ടിയുടെ കാര്യങ്ങളൊന്നും അറിയുന്നില്ലെന്നതുമാണ് പ്രധാന പരിഭവം. അവഗണനയുണ്ടെങ്കിലും പരസ്യമായ വഴക്കിനും വിഴുപ്പലക്കലിനും പോകാതെ പക്വതയോടെ ഇടപെടാനാണ് തീരുമാനം. പരിഭവം വൻപൊട്ടിത്തെറിയാക്കാതെ കെ.പി.സിസിയുടെ പ്രചാരണസമിതി ചെയർമാൻ സ്ഥാനം രാജിവെക്കുന്നത് ഹൈക്കമാൻഡിലേക്കറിയിച്ച് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുരളി. കെ.പി.സി.സി പുനസംഘടനയിൽ പല ജില്ലകളിലുമുള്ള മുരളിയുടെ അനുയായികൾക്ക് അർഹമായ പരിഗണന കിട്ടിയിരുന്നില്ല. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ചില ജില്ലകളിൽ ഭാരവാഹികളെ ലഭിച്ചത് മാത്രമായിരുന്നു ആശ്വാസം. ഏറ്റവും പ്രമുഖരായ അഞ്ച് കോൺഗ്രസ് നേതാക്കളിൽപ്പെടുന്ന ഒരാളായി അണികൾ വിലയിരുത്തുന്ന മുരളീധരനുമായി ഒരുകാര്യവും ആലോചിക്കുന്നില്ലെന്ന് അനുയായികൾ കുറ്റെപ്പടുത്തുന്നു. രാഷ്ട്രീയകാര്യ സമിതി അംഗമെന്ന പരിഗണനയും ലഭിക്കുന്നില്ല. െക.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവർക്കെതിരെയാണ് ഒളിയമ്പ്. ഇടതു മുന്നണിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായി പ്രതികരിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡണ്ടിനോട് സാമൂഹിക അകലം പാലിക്കുന്നതിൽ ഗ്രൂപ്പ്ഭേദമന്യേ കോൺഗ്രസുകാർക്കും ഘടകകക്ഷികൾക്കും അമർഷമുണ്ട്. സംസ്ഥാന സർക്കാറിനെതിരെ ആഴ്ച തോറും വാർത്തസമ്മേളനം നടത്തിയിരുന്ന മുരളീധരൻ കുറച്ചുനാളായി മൗനത്തിലാണ്. െക.ടി ജലീലിനെ ചോദ്യം ചെയ്ത വിഷയത്തിലൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം, കെ.പി.സി.സി പ്രസിഡണ്ട് പദവി നേടാനുള്ള നീക്കമാണ് മുരളിയുടേതെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ നറുക്ക്വീഴുക പദവികളുടെ ഭാരമില്ലാത്ത മുതിർന്ന നേതാവായ മുരളീധരനാകും. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story