ഭൂപ്രക്രിയക്ക് കടലാസ് രഹിത ഏകീകൃത സംവിധാനവുമായി സർക്കാർ
text_fieldsകൃഷ്ണ ബൈരെ ഗൗഡ
ബംഗളൂരു: പൗരന്മാർക്ക് ഭൂമിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ, കർണാടക സർക്കാർ ഏകീകൃത ഭൂമി മാനേജ്മെന്റ് സിസ്റ്റം (യു.എൽ.എം.എസ്) വികസിപ്പിക്കുന്നു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും കടലാസ് രഹിത സംവിധാനത്തിന് കീഴിൽ ഏകീകരിക്കാൻ രൂപകൽപന ചെയ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമാണിതെന്ന് റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ഒരിക്കൽ നടപ്പാക്കിയാൽ പൗരന്മാർക്ക് അവരുടെ ജോലി പൂർത്തിയാക്കാൻ ഒന്നിലധികം വകുപ്പുകൾ സന്ദർശിക്കേണ്ടിവരില്ല. സംസ്ഥാനത്തെ എല്ലാ സ്ഥാവര സ്വത്തുക്കളും നിലവിൽ വികസന ഘട്ടത്തിലുള്ള യു.എൽ.എം.എസിൽ സംയോജിപ്പിക്കും.
ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിലെ നാനൂറ് ഉദ്യോഗസ്ഥർക്ക് പുതിയ സാങ്കേതിക പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകും. സർവേ, സെറ്റിൽമെന്റ്, ലാൻഡ് റെക്കോഡുകൾ (കാർഷിക ഭൂമി), ടൗൺ പ്ലാനിങ് അംഗീകാരങ്ങൾ, കാവേരി (സ്വത്ത് രജിസ്ട്രേഷൻ), ഇ-ആസ്തി (ഖത്തകൾ) എന്നിവയുൾപ്പെടെ സർക്കാറിന്റെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റാബേസുകളും പ്ലാറ്റ്ഫോം ഏകീകരിക്കും.ഭൂഭരണത്തിന് യു.എൽ.എം.എസിനെ ‘തുടക്ക പരിഹാരം’ എന്ന് വിശേഷിപ്പിച്ച മന്ത്രി വകുപ്പുകൾ തമ്മിലുള്ള സുഗമമായ ഏകോപനം ഈ സംവിധാനം ഉറപ്പാക്കുമെന്ന് പറഞ്ഞു. ഒരു ഭൂമി, അതിന്റെ ഉത്ഭവം മുതൽ ഒരു സൈറ്റാക്കി മാറ്റുന്നതുവരെയോ സ്വത്തായി മാറുന്നതുവരെയോ യു.എൽ.എം.എസിനുള്ളിൽ ഒരു വകുപ്പിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കും.
ഈ ആശയം പൂർണമായി പുതിയതല്ലെങ്കിലും ഗൗരവമായ ശ്രമം ഒരിക്കലും നടത്തിയിട്ടില്ല. സർക്കാർ ഇപ്പോൾ അത് ഗൗരവമായി ചെയ്യുന്നു. ഏതൊരു സ്വത്തും നിലവിൽവരാനും നിർവചിക്കാനും സർവേ വകുപ്പിന് മാത്രമേ കഴിയൂ. പരിവർത്തനം ആവശ്യമുണ്ടെങ്കിൽ അവിടെ നിന്ന് അത് റവന്യൂ വകുപ്പിലേക്ക് പോകുന്നു.
ഒരു ലേഔട്ട് രൂപവത്കരിക്കുന്നതിന് അംഗീകാരം ആവശ്യമുണ്ടെങ്കിൽ അത് ടൗൺ പ്ലാനിങ്ങിന് പോകുന്നു. ഒരാൾക്ക് ഭൂമി വിൽക്കണമെങ്കിൽ അത് കാവേരിക്ക് പോകുന്നു. അവിടെ നിന്ന് അത് ഖത്തക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് പോകുന്നു. കാര്യങ്ങൾ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് യാന്ത്രികമായി നീങ്ങും.
ഫയലിന് പിന്നാലെ ജനങ്ങൾ നിരവധി വാതിലുകളിൽ മുട്ടേണ്ടതില്ല. പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലാണ് ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരണം എളുപ്പമാക്കുകയും പൗരന്മാരുടെ കാലതാമസം കുറക്കുകയും ചെയ്യുക എന്നതാണ് ആദ്യ ലക്ഷ്യം. ഇത് തട്ടിപ്പുകൾക്കുള്ള സാധ്യതയും കുറക്കും. തട്ടിപ്പുകൾ കുറയുന്നത് വ്യവഹാരങ്ങൾ കുറയുന്നതിന് കാരണമാകുന്നു. അത് ആത്യന്തികമായി പൗരന്മാരുടെ ചെലവ് കുറക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

