ജീവനെടുത്തിട്ടും നിർത്തില്ല, സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ
text_fieldsകോട്ടയം: നിരത്തുകൾ ചോരക്കളമാക്കി സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ. ബസിൽ യാത്രചെയ്യുന്നവരുടെയോ മറ്റ് വാഹന യാത്രികരുടെയോ ജീവൻ ഇവർക്ക് ബാധകമല്ല, വാഹനഗതാഗത-റോഡ് നിയമങ്ങളും മുഖവിലയ്ക്കെടുക്കില്ല, കലക്ഷൻ കൂട്ടാൻ റോഡുകളിൽ ആധിപത്യം ഉറപ്പിച്ചാണ് ഇവരുടെ തേർവാഴ്ച തുടരുന്നത്. വേഗപ്പൂട്ട് ഇല്ലാത്തതും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതും അമിതവേഗത്തിൽ പായുന്നതുമായ നൂറിലധികം ബസുകളാണ് ജില്ലയിൽ സർവിസ് നടത്തുന്നത്. നഗരപരിധിയിൽ വേഗപരിധി 35 കിലോമീറ്റാണ്. എന്നാൽ, സ്വകാര്യ ബസുകൾക്ക് 50ന് മുകളിലാണ്.
റോഡിന് നടുവിൽ നിർത്തി ആളെക്കയറ്റുന്നതിനിടെ റോഡിലേക്ക് വീണ വീട്ടമ്മ മരണപ്പെട്ടത് കഴിഞ്ഞദിവസമാണ്. ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതോടെ റോഡിൽ വീണ വീട്ടമ്മയുടെ കാലിലൂടെ ബസ് കയറുകയായിരുന്നു.
കുമാരനല്ലൂർ സ്വദേശിനി ശോഭനയാണ് (62) മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞവർഷം തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിലെ ഗുരുമന്ദിരത്തിന് സമീപത്തെ വളവിലൂടെ അമിതവേഗത്തിലെത്തിയ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 40ഓളം യാത്രക്കാർ അപകടത്തിൽപെട്ടിരുന്നു.
ആഴ്ചകൾക്ക് മുമ്പ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽനിന്ന് കഞ്ചാവുമായി രണ്ട് സ്വകാര്യബസ് ജീവനക്കാരെ പിടികൂടിയിരുന്നു. ചെവിയിൽ ഹെഡ് സെറ്റ്വെച്ചും പരസ്യമായി നിരോധിത ലഹരിപദാർഥങ്ങൾ ഉപയോഗിച്ചുമാണ് ഡ്രൈവർമാർ ബസ് ഓടിക്കുന്നത്. ഓരോ സ്റ്റോപ്പില്‍നിന്നും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നതിനായി പായുന്നതാണ് അപകടത്തില്‍ കലാശിക്കുന്നത്. മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍ റൂട്ടുകളിലുമെല്ലാം ഇത്തരത്തിലുള്ള രീതിയുള്ളതായി യാത്രക്കാര്‍ പറയുന്നു.
കോട്ടയം-എറണാകുളം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വേഗം യാത്രക്കാരെ ഭയപ്പെടുത്തും. തിരുനക്കര ബസ്സ്റ്റാൻഡിൽ ഉൾപ്പെടെ കൃത്യസമയത്ത് കയറിയില്ലെങ്കില്‍ അടുത്ത ബസ് ഇടംപിടിക്കുമെന്നതിനാല് വേഗത്തില്‍ പായുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മോട്ടോർവാഹനവകുപ്പിന്റെ സ്ക്വാഡുകൾ തിരിച്ചുള്ള പരിശോധനകളിൽ വിവധ കേസുകളിൽ നിരവധി പെർമിറ്റ് റദ്ദാക്കപ്പെടുമെങ്കിലും ഇവർ വീണ്ടും ബസുമായി നിരത്തിലിറങ്ങുന്നുണ്ട്. സ്കൂൾതുറപ്പ് അടുക്കുന്നതോടെ പരിശോധന കർശനമാക്കി ബസുകളുടെ മത്സരയോട്ടത്തിന് അറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

