'ജയ് ജവാൻ, ജയ് കിസാൻ'; കർഷകർക്ക് പിന്തുണയുമായി 'ദി ഗ്രേറ്റ് കലി'യെത്തി
text_fieldsകേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങൾക്കെതിരെ തുടരുന്ന കർഷക പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി മുന്‍ ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ഗ്രേറ്റ് കലിയെത്തി. കർഷകർക്ക് പിന്തുണ അറിയിച്ച റെസ്ലിങ് താരം, പ്രതിഷേധക്കാർക്കൊപ്പമുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
കർഷകരെ അഭിസംബോധന ചെയ്ത ദലീപ് സിങ് റാണ എന്ന ഇടിക്കൂട്ടിലെ ഗ്രേറ്റ് കലി 'ജയ് ജവാൻ, ജയ് കിസാൻ' എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. കർഷക പ്രതിഷേധത്തിന് രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുടെ പിന്തുണ വേണമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ഡൽഹിയുടെ വിവിധ അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന കർഷക സമരം തുടർച്ചയായ ആറാം ദിവസം പിന്നിട്ടു.
കർഷകരെ ആയുധം ഉപയോഗിച്ച് അടിച്ചമർത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി പഞ്ചാബിൽ നിന്നുള്ള മുൻ കായിക താരങ്ങളും പരിശീലകരും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് ലഭിച്ച അവാർഡുകളും മെഡലുകളും തിരിച്ച് നൽകുമെന്നാണ് പഞ്ചാബ് രാജ്യത്തിന് സമ്മാനിച്ച പ്രമുഖ കായിക താരങ്ങൾ പ്രഖ്യാപിച്ചത്.ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കർതാർ സിങ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ഹോക്കി താരം ഗുർമെയ്ൽ സിങ്, മുൻ ഇന്ത്യൻ ഹോക്കി ടീം നായിക രാജ്ബീർ കൗർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, മോണ്ടി പനേസർ തുടങ്ങിയവരും കർഷക സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.

