അടുത്ത ഐ.പി.എല്ലിൽ ബാംഗ്ലൂരിനായി കളിപ്പിക്കാമോ?; കോഹ്ലിയോട് ഹാരി കെയ്ൻ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമൻമാരായി തുടരുന്ന ടോട്ടൻഹാം ഹോട്സ്പർ ടീമംഗങ്ങൾ ഏതാനും ദിവസങ്ങളായി ക്രിക്കറ്റിന് പിറകെയാണ്. ഡ്രസിങ് റൂമിൽ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നതിനിടിയിലുള്ള ഡെലെ അലിയുടെ ക്യാച്ചിങ് വിഡിയോ വൈറലായതിന് പിന്നാലെ പുതിയ വിഡിയോ ടോട്ടൻഹാം ഹോട്സ്പർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഹാരി കെയ്ൻ, ഗാരെത് ബെയ്ൽ, ജോ ഹാർട്ട്, എറിക് ഡയർഅടക്കമുള്ള ലോകോത്തര താരങ്ങൾ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തിൽ ഹാരികെയ്നിൻെറ ബാറ്റിങ്ങും ജോ ഹാർട്ടിൻറ ബാറ്റിങ്ങുമാണ്ഏറെ ശ്രദ്ധിക്കപ്പെട്ടത്.
തൻെറ ബാറ്റിങ് വിഡിയോ പങ്കുവെച്ച് ഹാരികെയ്ൻ വിരാട് കോഹ്ലിയോട് ട്വിറ്ററിൽ പറഞ്ഞതിങ്ങനെ: ഞാനൊരു മാച്ച് വിന്നിങ് ട്വൻറി 20 പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. അടുത്ത ഐ.പി.എല്ലിൽ ആർ.സി.ബിക്കായി കളിപ്പിക്കാമോ?.
ഇംഗ്ലണ്ട് സൂപ്പർ താരമായ ഹാരി കെയ്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും സുഹൃത്തുക്കളാണ്. 2019 ലോകകപ്പിനെത്തിയ കോഹ്ലി കെയ്നെ സന്ദർശിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.

