Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോർച്ചറി കാഴ്ചകൾ
cancel

വെളിച്ചം പരന്നുതുടങ്ങുന്നതേയുള്ളൂ. റോഡരികിൽ തണൽവിരിച്ചു നിൽക്കുന്ന ചീനിമരത്തിന്റെ ഇലകൾ വെയിലിലേക്ക് നടുനിവർത്തി തുടങ്ങിയിരിക്കുന്നു. രാത്രി അവശേഷിപ്പിച്ചു പോയ കുളിരിനെ കുടഞ്ഞെറിയാൻ മടിയുള്ളപോലെ മരം. മരച്ചില്ലകൾക്കിടയിലൂടെയെത്തുന്ന പുലർവെളിച്ചം നിലത്ത് പലരൂപത്തിലുള്ള കളങ്ങൾതീർത്തിരിക്കുന്നു. അതിനിടയിൽ ആരേയോ കാത്തുകിടക്കുന്നതുപോലെ ഒരാംബുലൻസ്. മോർച്ചറിക്ക് മുന്നിൽ അപ്പോഴും ചിലരുണ്ട്. ചെറുകൂട്ടങ്ങളായും ഇരുന്നും നടന്നും അസ്വസ്ഥതയുടെ നാഴിക താണ്ടുന്നവർ. എല്ലാ മുഖങ്ങളിലും ഒരേ വികാരം. ദു:ഖം കനംകെട്ടിയ കണ്ണുകൾ, പാതി മുറിഞ്ഞ കരച്ചിലുകൾ അടക്കിപിടിച്ച രൂപഭാവം. ആശങ്ക നിറഞ്ഞ സംസാരങ്ങൾ, ഫോൺ വിളികൾ. കാത്തിരിപ്പുകൾ.

********

മോർച്ചറികൾ, ആത്മാവ് പുറപ്പെട്ടുപോയവന്റെ ഒടുവിലത്തെ ഇടങ്ങൾ. ആകാശത്തിനും ഭൂമിക്കുമിടയിലെ സത്രം. മണ്ണായ്മറയും മുമ്പ് ജീവിച്ചിരുന്നതിന്റെ അവസാന തെളിവിനായി ഇവിടെ ചിലർ കാത്തുകിടക്കുന്നു. മരണകാരണം വെളിപ്പെടുത്തി മുറിപ്പാടുകളോടെ കടന്നുപോകുന്നു. മോർച്ചറിക്കു മുന്നിൽ നിൽക്കവെ മരണം പല രൂപത്തിൽ ചുറ്റും വന്നു നിറയും. മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന പലവിധ കാരണങ്ങൾ ജീവിതത്തെ കുറിച്ച് ഞെട്ടലോടെ ഓർമിപ്പിക്കും.

ആ ദിവസം, ആദ്യം പുറത്തേക്കുവന്നത് ഒരു സ്ത്രീയുടെ മൃതദേഹമാണ്. മോർച്ചറിയുടെ ഇടനാഴിയിൽ നിന്ന് നാലഞ്ചാളുകൾ ചേർന്ന് വെളുത്തപൊതികെട്ട് പുറത്തേക്കെടുത്തു. ശ്രദ്ധയോടെ ആംബുലൻസിലേക്ക് കയറ്റി. ചുറ്റും കൂടിയ പെണ്ണുങ്ങളുടെ സാന്നിധ്യം അതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് സൂചിപ്പിച്ചു. തലമുതൽ കാൽപാദം വരെ പൊതിഞ്ഞുകെട്ടിയ തുണിക്ക് ലിംഗഭേദമില്ലല്ലോ. മോർച്ചറിയിലെത്തിയാൽ പിന്നെ ആൺ/പെൺ എന്ന വേർതിരിവുമില്ല. എല്ലാവരും തുല്യർ. മരണ നിമിഷം, അതുമാത്രമാണിവിടെ മുഖ്യം.


ബോഡി വിട്ടുകിട്ടി, അതികം വെക്കാൻ പറ്റില്ല, ഒരു രാത്രി കഴിഞ്ഞില്ലേ, പള്ളിപറമ്പിലേക്ക് ആളയച്ചോ -പലവിധ നിർദേശങ്ങൾ ആ മൃതദേഹത്തിനൊപ്പം ആംബുലൻസ് കയറിപ്പോയി. എന്തായിരിക്കും ആ സ്ത്രീയുടെ മരണകാരണം എന്നാലോചിച്ചു. സത്യത്തിൽ മരണത്തിന് കാരണം വേണോ? ജീവിത സമയം തീരുന്നു, തിരിച്ചുപോകുന്നു. അകാല മരണം എന്ന വാക്കിനോട് ആ നിമിഷത്തിൽ നീരസം തോന്നി.

ശൂന്യമായ ചീനിമരച്ചോട്ടിലേക്ക് അപ്പോൾ മറ്റൊരാംബുലൻസ് വന്നു നിന്നു. അടുത്തത് അതിന്റെ ഊഴമാണ്.

ഇതുതന്നെയല്ലേ മോർച്ചറി? കൂട്ടത്തിലേക്ക് പുതുതായി എത്തിചേർന്ന ചെറുപ്പക്കാരന്റേതാണ് ചോദ്യം. പരിഭ്രമിച്ച മുഖം, അസ്വസ്ഥത നിറച്ച ശരീര ചലനങ്ങൾ. എവിടെനിന്നോ ഓടിപ്പിടിച്ചുള്ള വരവാണെന്ന് വേഷങ്ങൾ തോന്നിപ്പിച്ചു. ഒരുപക്ഷേ അയാളുടെ ഏറ്റവും പ്രിയപ്പെട്ടൊരാൾ അകത്തുണ്ടാകാം. അല്ലെങ്കിൽ ഇവിടേക്ക് വന്നുചേർന്നേക്കാം.

ചെറുപ്പകാരന് ചുറ്റും സമപ്രായക്കാർ കൂടിവന്നു. ആരെയോ കാത്തുനിൽപ്പാണവർ. അപ്പോൾ, മോർച്ചറിക്ക് ഇടതുവശത്തെ കെട്ടിടങ്ങൾക്കിടയിലെ റോഡിൽ ഒരു സ്ട്രച്ചർ പ്രത്യക്ഷപ്പെട്ടു. വെള്ളപുതച്ചൊരു മൃതദേഹം ചിലർ ഉരുട്ടികൊണ്ടുവരികയാണ്. ചെറുകുഴികളിൽ പോലും വീഴാതെ, ഇളകാതെ സൂക്ഷിച്ചുള്ള പ്രവർത്തനം. ചെറുപ്പക്കാരുടെ കൂട്ടത്തിലെ ഒരുവനിൽ നിന്ന് അപ്പോളൊരു നിലവിളി ഉയർന്നു. കൂട്ടുകാർ അവനെ സാന്ത്വനിപ്പിക്കുന്നതിനിടയിൽ സ്ട്രച്ചർ മോർച്ചറിക്കകത്തേക്ക് കയറിപ്പോയി.

ഇരുപത് വയസായിട്ടേയുള്ളൂ, വലിയൊരു അപകടവുമായിരുന്നില്ല. എന്തുപറയാൻ വിധി ഇങ്ങനെയായിരിക്കും. ബൈക്ക് മറിഞ്ഞതാണ്. ഇന്നലെ സർജറി കഴിഞ്ഞപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഇന്ന് എല്ലാം തകിടം മറിഞ്ഞു. കൂട്ടത്തിലൊരാൾ പറഞ്ഞു.

അകത്ത്പോസ്റ്റ്മോർട്ടം ടേബിളിൽ ആ ചെറുപ്പക്കാരൻ കണ്ണടച്ച് നിശ്ചലനായി കിടക്കുന്നതും, ദൂരയെവിടെയോ ഒരു വീട്ടിൽ ഉറങ്ങാത്ത കണ്ണും മനസുമായി ചിലർ കാത്തിരിക്കുന്നതും ചിന്തയിലെത്തി. എന്തിനൊക്കയോ വേണ്ടി വീട്ടിൽ നിന്ന്പുറപ്പെട്ടു പോയവർ, തുന്നിക്കെട്ടിയ ശരീരമായി മടങ്ങിവരുന്നത് എത്രവേദനയാർന്നതാണ്!

********

പുറത്ത് ചെറുകൂട്ടങ്ങൾ വർധിച്ചുവന്നു. മുന്നിലെ മരബെഞ്ചും കസേരകളും പൊലീസുകാർ കൈയടക്കി. അപകടമരണങ്ങളും ദുരൂഹമരണങ്ങളും രേഖപ്പെടുത്തുന്ന തിരക്കിലാണവർ. മരിച്ചവന്റെ ബന്ധുക്കളെ, അപകടത്തിന് സാക്ഷിയായവരെ അടുത്തിരുത്തി വായിച്ചുകേൾപ്പിക്കുന്നു. ആവശ്യമുള്ളിടത്തെല്ലാം കൈരേഖ പതിപ്പിക്കുന്നു. മൃതദേഹങ്ങളെ പുതപ്പിക്കാൻ വെളുത്ത തുണിയുമായി കാത്തിരിക്കുന്നു ചിലർ. തൊട്ടപ്പുറത്ത് ശുചീകരണതൊഴിലാളികളുടെ വേഷത്തിൽ രണ്ട് പേരെ കണ്ടു. സമയം പിന്നെയും നീങ്ങി. ഇടക്ക് ശുചീകരണ തൊഴിലാളികൾ പി.പി കിറ്റും കൈയുറയും വലിയ കണ്ണടകളും ധരിച്ച് അകത്തേക്ക് പോയി. മരണത്തിനൊപ്പം കോവിഡും വന്നവരുടെ അവസാന ഒരുക്കത്തിനാണ്. അതിക സമയമെടുത്തില്ല, പുറത്തേക്കിറങ്ങി 'ഉറകൾ' ഊരി പൈപ്പിൽ നിന്നു കൈയും മുഖവും കഴുകി ഒട്ടും പരിഭ്രമമില്ലാതെ അവർ മറ്റു ജോലിയിലേക്ക് തിരിഞ്ഞു. മരണങ്ങളും മൃതദേഹങ്ങളും കണ്ടുകണ്ടു പരിജിതരായതിനാലാകാം ആ നിസ്സംഗഭാവം!


ഓരോ മരണത്തിനും പല കാഴ്ചകളാണ്. മോർച്ചറിക്കു മുന്നിൽ അവയുടെ രൂപകങ്ങൾ കാണാം.

ദിവസങ്ങൾക്കുമുമ്പാണ് കാസർകോട്ടുനിന്നെത്തിയൊരു കുഞ്ഞ് മരിച്ചിട്ടും മടങ്ങാൻ സമയമാകാതെ ഇവിടെ ഏറെനേരം കാത്തുകിടന്നത്. പിഞ്ചു കുഞ്ഞായിരുന്നു. ഒന്നരവയസുകാരി. എൻഡോസൾഫാനെന്ന മനുഷ്യനിർമിത ദുരന്തത്തിന്റെ ഇര. പെരിഞ്ച മൊഗേർ ആദിവാസി കോളിനിയിലെ കുഞ്ഞ്. തലവളരുന്ന ഹൈഡ്രോസെഫാലസ് രോഗമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലും. 14 മണിക്കൂറാണ് ആ കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം നാട്ടിലെത്തിക്കാൻ ആംബുലൻസിനായി കാത്തുനിന്നത്. ജീവിതം മാത്രമല്ല, മരണവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളോടു ബന്ധപ്പെട്ടു കിടക്കുന്നു എന്നതിന്റെ സാക്ഷ്യം.

രാഷ്ട്രീയ കൊലകത്തികൾക്ക് ഇരയാകുന്നവരുടെ മൃതദേഹങ്ങൾ മോർച്ചറിക്ക് മുമ്പിൽ വികാരങ്ങളുടെ പ്രക്ഷുബ്ധത തീർക്കും. മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളും അലയടിക്കും. പാർട്ടികൊടികൾകൊപ്പം കറുത്ത തുണികൾ വാഹനങ്ങളിലും വസ്ത്രങ്ങളിലും പ്രദർശനത്തിനെത്തും. ആളുകൾ ഒഴുകി എത്തികൊണ്ടേയിരിക്കും വിലാപയാത്രയായി മൃതദേഹം പുറത്തേക്കിറങ്ങും. മരണപ്പെട്ടവൻ മാത്രം ഒന്നുമറിയാതെ വെള്ളപുതച്ചുറങ്ങും. ശരീരത്തിനേറ്റ മുറിവിൽ നിന്ന് അപ്പോഴും രക്തം പൊടിയും. രാഷ്ട്രീയത്തിനുമപ്പുറമുള്ള ആ നഷ്ടത്തിന്റെ ഭാരം താങ്ങാനാകാതെ ചുരുക്കം ചിലർമാത്രം നെഞ്ചുപിടഞ്ഞു നിൽക്കും.

ആളും ആരവുമില്ലാതെ, ഉറ്റവരുടെയും ബന്ധുക്കളുടെയും സാന്നിധ്യമില്ലാതെ അജ്ഞാതരായി മോർച്ചറിക്കകത്തേക്കും പുറത്തേക്കും കയറിയിറങ്ങുന്ന ചിലരുമുണ്ട്. തെരുവിൽ, തീവണ്ടി പാളങ്ങളിൽ, കട വരാന്തകളിൽ, ജലാശയങ്ങളിൽ ഏതേതോ നിമിഷങ്ങളിൽ ജീവനറ്റുപോകുന്നവർ. അജ്ഞാത മൃതദേഹമെന്ന അറിയിപ്പുമായി മോർച്ചറികളിൽ ദിവസങ്ങളോളം അവ കാത്തുകിടക്കും. പത്രങ്ങളിൽ അറിയിപ്പ് വരും. ജീവിച്ചിരുന്നതിന്റെ അടയാളങ്ങളുമായി ചിലരെ തേടി ആളുകൾ വരും. അല്ലാത്തവർ ഏതെങ്കിലും ശ്മശാനങ്ങളിൽ അജ്ഞാതരായി ഒടുങ്ങും.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട അന്തേവാസിയുടെ മൃതദേഹം പത്തുദിവസമാണ് അടുത്തിടെ മോർച്ചറിയിൽ കിടന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം പൊലീസ് നടപടികളും കേസ് അന്വേഷണവും ബാക്കിയുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ ആ യുവതിയുടെ സംസ്കാരം നടന്നത് കോഴിക്കോട്ടെ ശ്മശാനത്തിൽ. ജനിച്ച നാട്ടിൽ നിന്നും പ്രദേശത്തു നിന്നും ഒരുപാട് ദൂരെ. ജീവിതത്തിൽ എപ്പോഴെങ്കിലും അതവർ പ്രതീക്ഷിച്ചിരിക്കുമോ? ജീവിതവും മരണവും അവരോട് ദയ കാട്ടിയില്ല.

ഭർത്താവുമായി പിരിഞ്ഞതോടെ തലശ്ശേരിയിലെത്തി അലഞ്ഞു തിരിയുകയായിരുന്നു യുവതിയും അവരുടെ കുഞ്ഞും. പൊലീസ് യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലും കുഞ്ഞിനെ ബാലമന്ദിരത്തിലും എത്തിച്ചു. അതോടെ അവർക്ക് 'സ്വാതന്ത്ര്യവും' കുഞ്ഞും ഒരുമിച്ച് നഷ്ടപ്പെട്ടു. സഹമുറിയന്റെ കൈകളാൽ പിന്നെ ജീവനും. മുഖത്തും തലയിലും മുറിവുകളുമായി ഒരു ദിവസം രാവിലെ സെല്ലിലെ വെറും നിലത്ത് അവർ മരിച്ചു മരവിച്ചുകിടന്നു. പിന്നെ പത്തുനാൾ മോർച്ചറിയിലും. ജീവിതകാലത്ത് കിട്ടാത്ത ശാന്തത ഒരുപക്ഷേ, മോർച്ചറിയിലെ തണുപ്പിൽ അവർ അനുഭവിച്ചിരിക്കാം! മരണം ചിലപ്പോഴെങ്കിലും ഒരു രക്ഷപ്പെടലാണ്.

********

ചെറിയ പ്രായമായിരുന്നു പെൺകുട്ടിക്ക്. മരണത്തിന് പത്തു ദിവസം മുമ്പാണ് വിവാഹിതയായത്. ഒരുദിവസം രാവിലെ ഭർതൃ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. മധുവിധു നാളുകെളിലൊന്നിൽ ആ പെൺകുട്ടി ജീവതമവസാനിപ്പിക്കാൻ എന്തായിരിക്കും കാരണമെന്നാലോചിച്ചു. ചിലർക്ക് സ്വപ്നങ്ങൾ അവസാനിക്കുന്നിടത്ത് ജീവിതലക്ഷ്യവും അവസാനിക്കുന്നു.


മോർച്ചറിക്കു മുന്നിൽ മൃതദേഹത്തിനായി കാത്തിരിക്കുന്നവരിൽ അവളുടെ ഭർത്താവുണ്ടാകാം. ഉറ്റ ബന്ധുക്കളുണ്ടാകാം. ആ മരണത്തിന് കാരണക്കാരുമുണ്ടാകാം. അവരെ ലോകം തിരിച്ചറിയണമെന്നില്ല. മനസ്സിലേൽപ്പിച്ച മുറിവുകൾ പോസ്റ്റുമോർട്ടം ടേബിളിൽ തെളിയില്ലല്ലോ! അതുകൊണ്ടുതന്നെ ദുഖത്തിന്റെ മുഖം മൂടിയണിഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ അവർക്ക് എളുപ്പത്തിൽ ഒളിച്ചിരിക്കാം.

മരിച്ചവർ എപ്പോഴും ചില കഥകൾ ബാക്കിവെക്കുന്നുണ്ട്. ജീവിച്ചിരിക്കുന്നവർ ഓർത്തെടുത്ത് പൂരിപ്പിക്കേണ്ട കഥകൾ. മരണങ്ങളുടെ നിഗൂഢതകൾ തേടി മോർച്ചറിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലും കോടതികളിലേക്കും നീണ്ടുപോകുന്ന വഴികൾ സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്. പല മരണകാരണങ്ങളുടെയും നിഗൂഢതകൾ മോർച്ചറിയിൽ എത്തുന്നതോടെ ചുരുളഴിയുന്നു. സ്വാഭാവിക മരണമെന്ന് കരുതുന്ന ചിലത് കൊലപാതകവും ആത്മഹത്യകളുമാണെന്ന് തെളിയുന്നു. നേരെ തിരിച്ചും സംഭവിക്കുന്നു.

വൈത്തിരി സുഗന്ധഗിരി അമ്പതേക്കറിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് തെളിഞ്ഞത് അങ്ങനെയാണ്. അമ്മയുടെ മൃതദേഹം തറയിലും മകൻ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. അമ്മയുടെ ശരീരത്തിൽനിന്ന് രക്തംവമിക്കുന്നത് കണ്ടതിനെ തുടർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിൽ അമ്മയുടെ മരണം കഴുത്തുഞെരിച്ചാണെന്ന് കണ്ടെത്തി. പൊലീസിന്റെ സംശയം മകനിലേക്ക് നീണ്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നുവത്രെ മകൻ. ചില സമയങ്ങളിൽ അയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടെന്നും ആളുകളെ ഉപദ്രവിക്കാറുണ്ടെന്നും തെളിഞ്ഞു. അത്തരം ഏതെങ്കിലുമൊരു നിമിഷത്തിൽ അമ്മയുടെ കഴുത്തിൽ മകൻ കുരുക്കായി അമർന്നിരിക്കാം!

ഇങ്ങനെ എത്രയെത്ര മരണങ്ങൾ. ഓരോ ദിവസവും മാറിമറിയുന്ന കഥകൾ. മോർച്ചറിയുടെ പതിവ് കാഴ്ചകൾ. തണുത്ത മൃതദേഹങ്ങൾ കണ്ട് തുടങ്ങുന്ന ദിവസത്തിന്റെ ആരംഭവും ഒടുക്കവും. മരണകാരണങ്ങളിൽ മാത്രമാകും പലപ്പോഴും മാറ്റം. അവസാനമായി കണ്ടത് ഒറ്റമരകൊമ്പിൽ തൂങ്ങിയാടിയ കമിതാക്കളുടെ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് കയറിപോകുന്നതാണ്. അതിനൊപ്പം കണ്ണീരുമായി ഒരുപറ്റം മനുഷ്യരുമെത്തി.

മനുഷ്യരുടെ ഒടുങ്ങാത്ത സങ്കടങ്ങളുടെ, വേദനകളുടെ, ആശങ്കകളുടെ ഇടമാണ് ഓരോ മോർച്ചറികളും. മരവിച്ച ഓർമകളുടെ ശ്മശാന ഭൂമിക. അതിന് പുറത്ത് എപ്പോഴും കുറച്ചുപേരുണ്ടാകും. ഇനി ഒരിക്കലും ഉണരാത്ത ചിലരെ കാത്ത്, ഉറക്കം മുറിഞ്ഞ കണ്ണുമായി കാത്തിരിക്കുന്നവർ. ഓർമകളുടെ അടയാളങ്ങൾ ഓർത്തെടുത്തും നഷ്ടങ്ങളുടെ ഭാരം പ്രവർത്തിയിലും ഭാവത്തിലും പ്രകടിപ്പിച്ചും കുറെപേർ.

അകത്ത് അവസാനയാത്രക്ക് മുന്നിലുള്ള ഇടവേളയിൽ കൊടും തണുപ്പിൽ ഊഴം കാത്ത് മറ്റു ചിലർ. വെള്ളപുതച്ച്, മിഴിയടച്ച് കാലിൽ വിലാസം കൊരുത്തുള്ള മരവിച്ച കിടപ്പ്. ജീവിതം മടുത്ത് സ്വയം അവസാനിപ്പിച്ചവർ. ജീവിച്ച് കൊതി തീരും മുമ്പെ മരണം തട്ടിയെടുത്തവർ. മറ്റുള്ളവരുടെ പ്രവർത്തികളാൽ പൊടുന്നനെ അടഞ്ഞുപോയവർ, കാത്തുകാത്തിരുന്നു ഒടുക്കം മരണം വന്നെത്തിയവർ. അങ്ങനെയങ്ങനെ...

ഓർത്തോർത്തിരിക്കെ വെയിൽ താണു, പകൽ വെളിച്ചം അതിന്റെ അന്ത്യത്തിലേക്കുള്ള യാത്രയിലാണ്. മോർച്ചറിയുടെ അന്നത്തെ ദിവസത്തിന്റെ പ്രവർത്തനം അവസാനിക്കാറായിരിക്കുന്നു.

ഉള്ളിലുള്ളവരെല്ലാം പുറത്തേക്കിറങ്ങി. മരണവും ജീവിതവും ഞാണിന്മേൽ കളിച്ച അന്ത്യ നിമിഷത്തിന്റെ കാരണം അറിയാൻ കിടക്കുന്ന കുറച്ചുപേർ മാത്രം അകത്ത് ബാക്കിയായി. അപ്പോഴാണ് ഒരു മൃതദേഹം എത്തിയത്. ഇനി നാളെ രാവിലെ വരെ കാക്കണം. അകത്തെ തണുപ്പിലേക്ക് മറ്റുള്ളവരുടെ കൈകളാൽ ആ ദേഹം കയറിപോയി.

പുറത്തെ ചീനിമരത്തിൽ അപ്പോളൊരു കാറ്റു വീശി. കുറെ ഇലകൾ കാറ്റിനൊപ്പം നിലം തൊട്ടു. ജീവിതത്തിന്റെ നശ്വരതയെ ആ ഇലകൾ ഓർമിപ്പിച്ചു. പൊതുവെ നിശബ്ദമായ മോർച്ചറി ശബ്ദമില്ലായ്മകളുടെ കൂടുതൽ ആഴങ്ങളിലേക്ക് ഊളിയിട്ടു.

(കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിലെ കാഴ്ചകളാണ് ഈ എഴുത്തിനാധാരം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical College
News Summary - Mortuary views
Next Story