കന്റോൺമെന്റ് ഹൗസിലേക്ക് എന്തുകൊണ്ട് താമസം മാറിയില്ല ? ആദ്യം അവിടെയുള്ളയാൾ മാറട്ടെയെന്ന് പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: എന്തുകൊണ്ട് കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറിയില്ലെന്ന ചോദ്യത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അവിടെയുള്ളയാൾ മാറട്ടെ, എന്നാലല്ലേ അവിടേക്ക് മാറാനാകൂവെന്ന് പിണറായി പറഞ്ഞു. വി.ഡി. സതീശൻ സർക്കാറിന്റെ നയപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുന്നുണ്ടെന്നും അതിന് ശേഷം അല്ലറചില്ലറ അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അതുകൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും താൻ അങ്ങോട്ട് മാറുകയെന്നും പിണറായി വിജയൻ പറഞ്ഞു. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ താമസം മാറാത്തത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ലിഫ് ഹൗസിലേക്ക് താമസം മാറാത്തത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധന നടത്താനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണെന്ന് സി.പി.എം നേതാവ് എം. സ്വരാജ് വിമർശനം ഉന്നയിച്ചിരുന്നു. ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുവെന്ന കാരണം പറഞ്ഞാണ് മുഖ്യമന്ത്രി അവിടെ താമസിക്കാത്തതെങ്കിലും ഇതിന് പിന്നിൽ മറ്റൊരു രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം. ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറിയെന്നും പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു. ഇത് സംസ്ഥാനത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമായവ നഷ്ടപ്പെടാൻ ഇടയാക്കും.
കേന്ദ്രസർക്കാരുമായി നല്ലബന്ധം ആഗ്രഹിക്കുന്നതിൽ തെറ്റില്ല. പക്ഷേ കേന്ദ്രം കേരളത്തോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന അനുഭവമുണ്ട്. ഫെഡറലിസം അംഗീകരിക്കുന്ന നിലപാടല്ല കേന്ദ്ര സർക്കാരിന്റേത്. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. ആദ്യത്തെ രണ്ട് ഈരടികളാണ് നിയമസഭയിൽ ചൊല്ലിയത്. അത് ചൊല്ലുമ്പോൾ ദേശീയഗാനത്തെ പോലെ എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ല. പൊതുസമീപനത്തിൽ നിന്ന് വ്യത്യസ്തത വേണ്ടെന്ന് കരുതിയാണ് ഞങ്ങളും എഴുന്നേറ്റ് നിന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ ഒരു ബ്ലൂപ്രിന്റ് ആവിഷ്കരിച്ചിരുന്നു. അത് എങ്ങനെയൊക്കെയാണ് മുന്നോട്ടുപോകുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. 5429 കോടി രൂപ ഖജനാവിൽ നീക്കിവെച്ചാണ് എൽ.ഡി.എഫ് സർക്കാർ ഇറങ്ങിയത്. പക്ഷേ ആ ഭാഗം മറച്ചുവെച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാൻ നയപ്രഖ്യാപനത്തിൽ ശ്രമിച്ചു. കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ എന്നിവയെക്കുറിച്ച് മനംപാലിച്ചു. തൊഴിലുറപ്പ് നിയമത്തിലെ സർക്കാർ നിലപാട് പരാമർശിച്ചില്ല. സംസ്ഥാനം അതിദാരിദ്ര്യ നിർമാർജന മുക്തമായതിന്റെ അടുത്തഘട്ടവും നയപ്രഖ്യാപനത്തിൽ പരാമർശിച്ചില്ല. സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കുറയുകയാണുണ്ടായത്. ധവളപത്രം വരട്ടെ. കൂടുതൽ പറയാനുള്ള കാര്യങ്ങൾ അപ്പോൾ വ്യക്തമാക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

