Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമോദി ശിലയിടുന്നത്​...

മോദി ശിലയിടുന്നത്​ ഹിന്ദുരാഷ്​ട്രത്തിനാണ്​

text_fields
bookmark_border
മോദി ശിലയിടുന്നത്​ ഹിന്ദുരാഷ്​ട്രത്തിനാണ്​
cancel
camera_alt

© Deemuk

ക്ഷേത്ര നിർമാണ-പുനർനിർമാണ-പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന പങ്കാളിത്തം ഇന്ത്യൻ സ്​റ്റേറ്റിനും സമൂഹത്തിനും അപകടകരമാണ്​. ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുന്നതിലോ പുനർനിർമിക്കുന്നതിലോ പുനരുദ്ധാരണം നടത്തുന്നതിലോ തെറ്റൊന്നുമില്ല. തങ്ങളുടെ പരിപാവനമായ ആരാധനാ മൂർത്തികളുടെ വാസസ്ഥാനങ്ങൾ നിർമിക്കുന്നതിനും പുനർനിർമിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും ഹിന്ദു സമൂഹത്തിന്​ എല്ലാവിധ അവകാശവുമുണ്ട്​. പക്ഷേ, പ്രധാനമന്ത്രി എന്തിന്​ അതിൽ പങ്കാളിയാകണം?

നരേന്ദ്ര മോദി സ്വയം തുറന്നുപ്രഖ്യാപിച്ച ഹിന്ദു വിശ്വാസിയാണ്​. മറ്റു ഹിന്ദു വിശ്വാസികൾക്കൊപ്പം ചേർന്ന്​ ഒരു സാധാരണ വ്യക്​തിയായി ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കുകയോ പുനർനിർമിക്കുകയോ പുനരുദ്ധാരണം നടത്തുകയോ ചെയ്യുമ്പോൾ ആരും അതിനെതിരെ ഒന്നും പറയില്ല.


മറ്റു ഭക്​തരെപോലെ അദ്ദേഹത്തിനും കാവിയുടുത്ത്​ നെറ്റിയിൽ തിലകക്കുറി ചാർത്തി അവയുടെ ശിലാസ്ഥാപനത്തിലും ഉദ്​ഘാടന ചടങ്ങിലും പങ്കാളിയാകാം. പൂജാവിധികൾ ചെയ്യാം. ആരും എതിർപ്പു പറയില്ല. പ്രധാനമന്ത്രിയെന്ന നിലക്ക്​ ഇനി മാധ്യമങ്ങളുടെ കണ്ണ്​ പതിഞ്ഞാലും അത്​ ഗുണമായേ ഭവിക്കൂ, അദ്ദേഹത്തിനും ഇന്ത്യൻ സ്​റ്റേറ്റിനും സമൂഹത്തിനും. കാരണം, ഒരു സാധാരണ ഹിന്ദുവായി അത്തരം ചടങ്ങുകളുടെ ഭാഗമാകുകയാണല്ലോ.

ഹിന്ദു വിശ്വാസം പിന്തുടരാനും അനുഷ്ഠിക്കാനും അവയിൽ വിശ്വസിക്കാനുമുള്ള നരേന്ദ്ര മോദിയുടെ അവകാശത്തെ ഒരാൾക്കും എടുത്തുകളയാനാകില്ല. ഇന്ത്യയിലെ ഓരോ വ്യക്​തിക്കും അവനവന്‍റെ വിശ്വാസം പാലിക്കാൻ അവകാശമുള്ളതാണ്​. പ്രശ്നം ഉയരുന്നത്​, ഇത്തരം പദ്ധതികളിലും ചടങ്ങുകളിലും ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലക്ക്​ പങ്കാളിയാകുമ്പോഴാണ്​.

പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്നത്​ ഇന്ത്യൻ സ്​റ്റേറ്റിനെയാണെന്നത്​ പൂർണമായി അദ്ദേഹം അവഗണിച്ചുതള്ളുന്നു. പകരം അദ്ദേഹം ചെയ്യുന്നത്​, തന്‍റെ വിശ്വാസം ഇന്ത്യൻ സ്​റ്റേറ്റിന്‍റെ വിശ്വാസമാക്കി മാറ്റലാണ്​. സത്യമായും, അതുതന്നെയാണ്​ ആർ.എസ്​.എസ്​ പദ്ധതി. ​വ്യാപകമായി സംപ്രേഷണം ചെയ്യപ്പെട്ടും ഉന്മാദം തുള്ളിത്തുളുമ്പിയും അത്യാഡംബരമായും അദ്ദേഹത്തെ മധ്യത്തിൽ നിർത്തി സംഘടിപ്പിക്കപ്പെടുന്ന പരിപാടികൾ ഹിന്ദു വിശ്വാസം​ ഇന്ത്യയുടെ ദേശീയ മതമാണെന്ന്​ വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ്​. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി ഔദ്യോഗിക പ്രഖ്യാപനം നടത്താൻ വിവിധ പ്രാദേശിക, രാജ്യാന്തര ഘടകങ്ങൾ വിലങ്ങുതടിയായുണ്ടെങ്കിൽ, ചുരുങ്ങിയ പക്ഷം അത്​ അനൗദ്യോഗികമായിട്ടാകാം എന്ന്​ ആർ.എസ്​.എസും മോദിയും തീരുമാനമെടുത്ത പോലെ തോന്നുന്നു.

പക്ഷേ, ആ പ്രക്രിയയിൽ ഇന്ത്യൻ സ്​റ്റേറ്റിനും സമൂഹത്തിനും ആഴത്തിലുള്ള ക്ഷതമാണ്​ അവർ ഏൽപിക്കുന്നത്​. ചരിത്രത്തിലുടനീളം ഇന്ത്യയിലെ ഭരണാധികാരികൾ ഹിന്ദുവോ ബുദ്ധമതക്കാരനോ ജൈനനോ സിഖുകാരനോ മുസ്​ലിമോ ആകട്ടെ- അത്യപൂർവം അപവാദങ്ങൾ മാറ്റിനിർത്തിയാൽ- തങ്ങളുടെ പ്രജകൾ ഭിന്നമത വിശ്വാസങ്ങൾ പിന്തുടരുന്നവരാണെന്ന യാഥാർഥ്യത്തെ അവഗണിച്ചില്ല. സ്വന്തം വിശ്വാസങ്ങളെ അവർക്കുമേൽ അടിച്ചേൽപിക്കുകയും ചെയ്തില്ല.


അതുകൊണ്ടുതന്നെയാണ്,​ പോപ്​ മുന്നോട്ടുവെച്ച അതിതീവ്ര മതാധിപത്യം അവസാനിപ്പിക്കാൻ ഭരണാധികാരികൾക്ക്​ ശുദ്ധ മതേതരത്വം പുൽകേണ്ടിവന്ന യൂറോപ്പിൽനിന്ന്​ ഭിന്നമായി, ഇന്ത്യയിൽ മതാധിഷ്ഠിത ഭരണത്തിന്​ ഇടം ലഭിക്കാതെപോയത്​. സ്വതന്ത്ര ഇന്ത്യയിൽ മതവും സ്​റ്റേറ്റും തമ്മിലെ ബന്ധമെന്ന സങ്കൽപം സ്വാഭാവികമായും രാജ്യം കാത്തുപോന്ന രാഷ്​ട്രീയ പൈതൃകത്തിന്‍റെ തുടർച്ച തന്നെയായിരുന്നു. മൂന്നു തത്ത്വങ്ങളിലായിരുന്നു ഈ സങ്കൽപം പടുത്തുയർത്തിയത്​: ഒന്ന്​, ഓരോരുത്തരും അവരുടെ വിശ്വാസം പിന്തുടരാൻ സ്വാതന്ത്ര്യമുള്ളവരാകും. രണ്ട്​, ഭരണാധികാരി സ്വന്തം വിശ്വാസം മറ്റുള്ളവർക്കുമേൽ അടിച്ചേൽപിക്കില്ല. മൂന്ന്​, എല്ലാ വിശ്വാസങ്ങളെയും അദ്ദേഹം ആദരിക്കും.

വിവിധ മതവിശ്വാസികൾക്ക്​ തങ്ങളുടെ ആരാധന കേന്ദ്രങ്ങൾ പണിയാൻ സ്ഥലവും പണവും രാജാക്കന്മാർ നൽകിയത്​ ചരിത്രത്തിൽ നിറയെ കാണാം. അതേ രാഷ്ട്രീയ പാരമ്പര്യം പിന്തുടർന്ന്​, ഇന്ത്യൻ ഭരണകൂടം മുസ്​ലിംകൾക്ക്​ ഹജ്ജിന്​ മക്കയിലേക്ക്​ പോകാൻ സബ്​സിഡി അനുവദിച്ചു.ഹിന്ദുക്കൾക്ക്​ കുംഭമേളക്കും സിഖുകാർക്ക്​ പാകിസ്താനിൽ തീർഥാടനത്തിനും പോകാനും ഇതേ ഇളവ്​ നൽകി. എല്ലാ മതങ്ങൾക്കും തുല്യ ആദരവും ബഹുമാനവും ലഭിച്ചു. സ്​റ്റേറ്റ്​ പക്ഷപാതമില്ലാതെ എല്ലാവരോടും പെരുമാറി. മോദി പ്രധാനമന്ത്രി പദത്തിലെത്തിയതോടെ അവക്കെല്ലാമാണ്​ മാറ്റം വരുന്നത്​. അദ്ദേഹത്തിനു കീഴിൽ, സ്​റ്റേറ്റ്​ ഹിന്ദുമതത്തോട്​ പക്ഷപാതിത്വമുള്ളതായി മാറിയിരിക്കുന്നു.

മറ്റു മതങ്ങളുടെയും വിശുദ്ധ കേന്ദ്രങ്ങളുടെ നിർമാണ-പുനർനിർമാണ-പുനരുദ്ധാരണ പ്രവൃത്തികളിൽ വ്യക്​തിപരമായി അദ്ദേഹം പങ്കാളിയായിരുന്നുവെങ്കിൽ, ഇന്ത്യ ഇപ്പോഴും പിന്തുടരുന്നത്​ എല്ലാ മതങ്ങളോടും തുല്യ ബഹുമാനമെന്ന പാരമ്പര്യമാണെന്ന്​ ലോകം പറയുമായിരുന്നു. അദ്ദേഹം പക്ഷേ, ഹിന്ദു വിശ്വാസത്തിന്​ മാത്രമാണ്​ അതൊക്കെയും ചെയ്തുനൽകുന്നത്​. അദ്ദേഹത്തിനു കീഴിൽ ഭരണകൂടം ഒരു വിശ്വാസത്തിന്‍റെ മാത്രം നിർമാണ, പുനർനിർമാണ, പുനരുദ്ധാരണത്തിനായി​ പൊതുമുതൽ അനുവദിക്കുന്നു​. സർക്കാർ ട്രഷറിയിലെ പണം എല്ലാ വിശ്വാസികളിൽനിന്നും വരുന്നതാണ്​. അത്​ ഹിന്ദുവിന്‍റെ മാത്രം വിശുദ്ധ സ്ഥലങ്ങളുടെ നിർമാണ, പുനർനിർമാണ, പുനരുദ്ധാരണത്തിനായി ഉപയോഗിക്കുകയാണ്​.


ഹിന്ദുവിശ്വാസത്തിന്​ പ്രത്യേക അവകാശങ്ങളും അദ്വിതീയ പദവിയും നൽകാനുള്ള മോദിയുടെ ശ്രമങ്ങൾ, എല്ലാ വിശ്വാസങ്ങളോടും തുല്യ ബഹുമാ​നമെന്ന ഇന്ത്യ കാലങ്ങളായി കാത്തുപോന്ന ചരിത്രപരമായ പൈതൃകത്തിൽനിന്നുള്ള തിരിഞ്ഞുനടത്തമാണ്​. 1979ലെ ഇസ്​ലാമിക വിപ്ലവത്തോടെ ഇറാൻ മാറിയതുപോലെ അദ്ദേഹത്തിനു കീഴിൽ ഇന്ത്യ മാറരുതായിരുന്നു. പക്ഷേ, തീർച്ചയായും അത്​ സദ്ദാം ഹുസൈന്‍റെ ഇറാഖിനോട്​ ചില സാമ്യം കാണിക്കുകയാണ്​. കടലാസിൽ മതേതരമായി നിലനിന്നെങ്കിലും, പൊതുജീവിതത്തിലും ഇറാഖികളുടെ ജീവിതത്തിലും അഭിലഷണീയ മതമായി ഇസ്​ലാമിനെ മുന്നിൽനിർത്താനുള്ള വിശ്വാസ കാമ്പയിനായിരുന്നു സദ്ദാമിനു കീഴിൽ നടന്നത്​.

ഹിന്ദു വിശുദ്ധ സ്ഥലങ്ങളുടെ പുനരുദ്ധാരണത്തിൽ മാത്രമല്ല, ഹിന്ദു വിശ്വാസത്തെ മോദി പ്രചരിപ്പിക്കുന്നതിലും ഈ സാമ്യം പ്രകടം. മഹത്തായ ഹിന്ദു പുണ്യകേന്ദ്രങ്ങളുടെ പുനരുദ്ധാരണവും അവക്കുചുറ്റും അടിസ്ഥാന സൗകര്യ വികസനവും വഴി കൂടുതൽ പേർ സന്ദർശകരായി എത്തലാണ്​ ലക്ഷ്യമെന്ന്​ പറയുന്നതിൽ അദ്ദേഹം അഭിമാനം കൊള്ളുന്നു. കഴിഞ്ഞ വർഷം നവംബറിൽ കേദാർനാഥിൽ ജനത്തെ അഭിസംബോധന ചെയ്ത്​ മോദി ആഹ്വാനം ചെയ്തത്​, ​പ്രായം ചെന്നവർ യുവ തലമുറകളെയും ഹിന്ദു തീർഥ സ്ഥലങ്ങളിലേക്ക്​ കൊണ്ടുവന്ന്​ അവരെ 'നമ്മുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും' പരിചയപ്പെടുത്തണമെന്നാണ്​.

ഹിന്ദുത്വയോടുള്ള മോദിയുടെ പക്ഷപാതം, ഇന്ത്യൻ സ്​റ്റേറ്റ്​ ബഹുമതമെന്നതിൽനിന്ന്​ മാറി ഏകമതമെന്നതിലേക്ക്​ ഇന്ത്യക്കാരും പുറത്തുള്ളവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ഹിന്ദുസ്ഥാനി സ്​റ്റേറ്റിൽനിന്ന്​ ഹിന്ദു സ്​റ്റേറ്റായി മാറുകയാണ്​. അത്​ കൂടു തുറന്നവിട്ട, വിഷം വമിക്കുന്ന വ്യാളികൾ രാജ്യം മുഴുക്കെ ഇതര മതവിശ്വാസികൾക്കെതിരെ കടന്നാക്രമിക്കുകയാണ്​.

(പ്രമുഖ കോളമിസ്റ്റും ഗ്രന്ഥകാരനുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu nationHindutva
News Summary - Modi is laying foundation stone for Hindu nation
Next Story