മലബാറിൽ നിന്നും ആദ്യം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത് മാളിയേക്കൽ മറിയുമ്മയാണോ; യാഥാർഥ്യം ഇതാണ്
text_fieldsഅതീവ ഒഴുക്കോടെ ഇംഗ്ലീഷിലും മലയാളത്തിലും സംസാരിച്ച് അടുത്തെത്തുന്നവരുടെ ഹൃദയം കവരുന്ന വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കണ്ണൂർ മാളിയേക്കൽ മറിയുമ്മ. മലബാറിൽ ആദ്യമായി എല്ലാ വിലക്കുകളെയും ലംഘിച്ച് സ്കൂളിൽ പോയി ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച വനിത എന്ന നിലയിലാണ് മാധ്യമങ്ങൾ അവരെക്കുറിച്ച് വാർത്തകൾ എഴുതിയത്. എന്നാൽ യാഥാർഥ്യം അതല്ല.
മലബാറിൽ ഒന്നാമതായി ഇംഗ്ലീഷ് വിദ്യാഭ്യാസം കരസ്ഥമാക്കിയത് അവരായിരുന്നില്ല. വി.സി. മായന്റെ (കാഫർ മായൻ) പെൺമക്കളായ ആമിനയും ആയിഷയുമായിരുന്നു ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം അഭ്യസിച്ചത്..
ആയിഷ തലശ്ശേരിയിലെ വിദ്യാഭ്യാസത്തിനുശേഷം 1930കളിൽ മദ്രാസ് ക്വീൻ മേരീസ് കോളജിലും തുടർന്ന് ബാംഗളൂർ സെന്റ് ജോസഫ് കോളജിലും പഠിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പ്രശസ്തയായി.
1943ൽ മലബാർ -തെക്കൻ കർണാടക ജില്ല വിദ്യാഭ്യാസ സ്പെഷൽ ഓഫിസറായി. കോയമ്പത്തൂരിലെ റഉൗഫുമായി വിവാഹിതയായതോടെ ശ്രീലങ്കയിലെ 'സാഹിറ' വിമൻസ് കോളജ് സ്ഥാപക പ്രിൻസിപ്പലും 1949ൽ കൊളംബോ കോർപറേഷൻ ഡെപ്യൂട്ടി മേയറുമായി. ജ്യേഷ്ഠത്തി ആമിന പഞ്ചാബിലെ മെഡിക്കൽ കോളജിലായിരുന്നു പഠിച്ചത്.
മലബാറിന്റെ മുസ്ലിം വിദ്യാഭ്യാസ ചരിത്രത്തിൽ മാളിയേക്കൽ മറിയുമ്മക്ക് സവിശേഷമായ ഇടമുണ്ട് എന്ന് തീർത്തുപറയാനാകും. പക്ഷെ, മലബാറിലെ മുസ്‌ലിം സമൂഹത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിത മറിയുമ്മ അല്ല. 1938-43 കാലത്ത് തലശ്ശേരി കോൺവെൻറ് സ്കൂളിൽ നിന്നാ ണ് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയത്.
വയ്യപ്രത്ത് കുന്നത്ത് കുഞ്ഞിമായന്റെ മൂന്നു പെണ്മക്കൾ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നത് 1920നും 30 നുമിടയിലാണ്.
മൂത്തയാൾ ആമിന തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് ക്വീൻ മേരീസ് കോളജിലും ആഗ്ര കോളജിലുമായി ഉപരിപഠനം നടത്തി. പിന്നീട് പഞ്ചാബ് സർവകലാശാലയിൽ എം. ബി. ബി. എസിന് ചേർന്നു. ഇത് 1932ലാണ്. നീലഗിരി ഡെപ്യൂട്ടി കലക്ടർ ആയിരുന്ന ഹാഷിമിനെ വിവാഹം ചെയ്യുന്നത് 1936ൽ. ആരോഗ്യമേഖലയിൽ ആമിന നൽകിയ സംഭാവനകൾ മാനിച്ച് അന്നത്തെ ബ്രിട്ടീഷ് സർക്കാർ കൈസർ ഹിന്ദ് അവാർഡ് നൽകി അവരെ ആദരിച്ചു.
അവരുടെ അനുജത്തി ആയിഷ. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിൽ തന്നെ. മദ്രാസ് ക്വീൻ മേരീസ്, ബാംഗ്ലൂർ സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിൽ ഉപരിപഠനം. മദ്രാസ് വെല്ലിങ്ടൺ കോളജിൽ നിന്ന് ബി. എ. എൽ. ടി ബിരുദം. ശ്രീലങ്കയിലെ സാഹിറ വിമെൻസ് കോളജിലെ ആദ്യ പ്രിൻസിപ്പൽ.
മൂന്നാമത്തെ മകൾ ഹലീമ. തദ്ദേശീയർക്കും ബ്രിട്ടീഷുകാർക്കുമിടയിൽ പലപ്പോഴും ദ്വിഭാഷി ആയ വനിത. മാളിയേക്കൽ തറവാട്ടിലെ ടി. സി കുഞ്ഞാച്ചുമ്മയുടെ മകൻ അബൂട്ടി ആയിരുന്നു ഹലീമയുടെ ഭർത്താവ്. കുഞ്ഞാച്ചുമ്മയുടെ പേരമകൾ ആണ് ഇന്നലെ അന്തരിച്ച മാളിയേക്കൽ മറിയുമ്മ.
ഇംഗ്ലീഷ് മറിയുമ്മ എന്ന ടി.സി. മറിയുമ്മ
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചിയിലെ വൻകിട വ്യാപാരിയായിരുന്ന ഖാൻ ബഹദൂർ കാടാങ്കണ്ടി കുട്ട്യാമു ഹാജിയുടെ പേരക്കുട്ടിയായി അദ്ദേഹം തലശ്ശേരി ടി.സി റോഡിൽ പണിത ടി.സി മാളിയക്കലിലാണ് മറിയുമ്മ ജനിച്ചത്.
1920-40കളിൽ ഇന്ത്യയിലെ പ്രശസ്തരായ പല രാഷ്ട്രീയ നേതാക്കളും ഈ ഭവനത്തിൽ അതിഥികളായിട്ടുണ്ട്. മൗലാന മുഹമ്മദലിയുടെയും ശൗക്കത്തലിയുടെയും ഉമ്മ 'ബിയ്യുമ്മ' ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി വന്നപ്പോൾ ഈ ഭവനത്തിലായിരുന്നു സ്വീകരണം നൽകിയത്.
കോൺഗ്രസ് നേതാവായിരുന്ന യാഖൂബ് ഹസന് മുൻകാല മലബാർ ജില്ല ബോർഡ് പ്രസിഡന്റ് ടി.എച്ച്. മൊയ്തു സാഹിബിന്റെ നേതൃത്വത്തിൽ ആതിഥ്യം നൽകിയിരുന്നതും ഇവിടെയായിരുന്നു.
ഖാൻ ബഹദൂർ കുട്ട്യാമു ഹാജിയുടെ മകൻ ടി.സി. പോക്കുട്ടി പി.സി. ജോഷിയിൽനിന്നും കമ്യൂണിസം മനസ്സിലാക്കിയിരുന്നു. കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന എ.കെ. ഗോപാലനും സി.എച്ച്. കണാരനും ഒളിവുകാലത്ത് ഈ ഭവനത്തിൽ താമസിച്ചിരുന്നു. ബ്രിട്ടീഷ് ചക്രവർത്തിയിൽനിന്നും ഖാൻ ബഹദൂർ പദവി ലഭിച്ച ആളുടെ വീട് ബ്രിട്ടീഷ് ഇന്ത്യൻ പൊലീസ് പരിശോധിക്കില്ലെന്ന് അവർക്കുറപ്പായിരുന്നു. ഇങ്ങനെയുള്ള സമ്മിശ്ര രാഷ്ട്രീയ സംസ്കാരത്തിനിടയിലാണ് കുട്ടിക്കാലത്ത് മറിയുമ്മ വളർന്നത്. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂളിലായിരുന്നു അവർ പഠിച്ചത്.
ഈ കുറിപ്പുകാരൻ അവരുടെ അകന്ന ബന്ധുവായിരുന്നതിനാൽ ചിലപ്പോഴെല്ലാം അവരുടെ വീട്ടിൽ പോയി സംസാരിച്ചിരുന്നു. മേശപ്പുറത്ത് എപ്പോഴും ഇംഗ്ലീഷ് പത്രങ്ങളും മാസികകളുമായിരുന്നു കണ്ടിരുന്നത്. അവർ ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. പാചക വിദഗ്ധയായിരുന്നു. സംസാരിക്കുന്നതിനിടയിൽ നമസ്കാര സമയമായാൽ പോയി നമസ്കരിക്കുമായിരുന്നു. അവരുടെ പരേതനായ മകൻ മഷ്ഹൂദ് സജീവ കോൺഗ്രസുകാരനായിരുന്നുവെങ്കിലും മറിയുമ്മക്ക് അടുപ്പം കമ്യൂണിസ്റ്റുകാരുമായിട്ടായിരുന്നു.