Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightദർഗകൾ തകർത്തു,...

ദർഗകൾ തകർത്തു, മിനാരങ്ങളിൽ കാവിപ്പതാക പാറുമെന്ന് ഭീഷണി; മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അരങ്ങേറിയത്

text_fields
bookmark_border
ദർഗകൾ തകർത്തു, മിനാരങ്ങളിൽ കാവിപ്പതാക പാറുമെന്ന് ഭീഷണി; മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അരങ്ങേറിയത്
cancel

മാർച്ച്

2022 മാർച്ച് മാസത്തിൽ മുസ്‌ലിംകൾക്കെതിരായ ശാരീരിക അതിക്രമങ്ങൾക്ക് രാജ്യത്ത് മൂർച്ചകൂടി. ശാരീരിക ആക്രമണം മുതൽ വാക്കാലുള്ള അധിക്ഷേപം വരെയുള്ള അതിക്രമങ്ങളുടെ ഒരു പരമ്പരക്ക് രാജ്യം സാക്ഷ്യം വഹിച്ചു.

മാർച്ച് മൂന്ന്: ഹിജാബ് സമരത്തി​​ന്റെ മുൻപന്തിയിൽ ഉണ്ടായിരുന്ന സമരനായികയായിരുന്നു ഹിബ ശൈഖ്. ഈ 18 വയസുകാരിയെ ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിലെ പ്രവർത്തകർ ചേർന്ന് മർദിച്ചു. നോർത്ത് മംഗളൂരുവിലെ ദയാനന്ദ് പൈ-സതീഷ് പൈ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം.

മാർച്ച് മൂന്ന്: കർണാടക ഗുൽബർഗ ജില്ലയിലുള്ള അലന്ദ് താലൂക്കിലെ ഹസ്രത്ത് ലാഡിൽ മഷൈഖ് അൻസാരി ശരീഫ് ദർഗ വലതുപക്ഷ ഗ്രൂപ്പുകൾ ആക്രമിച്ചു.

ദർഗയുടെ പരിസരത്ത് ഒരു ഹിന്ദു ദൈവമുണ്ടെന്നും ഒരു ശിവലിംഗമുണ്ടെന്നുമാണ് സംഘടനകളുടെ വാദം. സ്ത്രീകളെയും പുരുഷന്മാരെയും പൊലീസ് ഉദ്യോഗസ്ഥർ മർദിക്കുകയും ചോദ്യം ചെയ്ത സംഘങ്ങൾ പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.

മാർച്ച് നാല്: മംഗലാപുരത്തെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളജിൽ ദുപ്പട്ട ധരിച്ച് പരീക്ഷയെഴുതിയ ഏതാനും മുസ്‍ലിം വിദ്യാർഥിനികളെ ഹിന്ദു യുവാക്കൾ ഉപദ്രവിച്ചു. കോളജ് അധികൃതരുടെ അനുമതിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിനികളെ തീവ്രഹിന്ദുത്വ സംഘടനയിലെ യുവാക്കൾ ആക്രമിക്കുകയായിരുന്നു.

മാർച്ച് എട്ട്: മുഗ്തഹള്ളിയിലെ സർക്കാർ കോളജിൽ ചിക്മഗ്ലൂർ ലോക്കൽ പഞ്ചായത്ത് അംഗം മധുവും സഹോദരൻ മനോഹറും അനുവാദമില്ലാതെ പ്രവേശിച്ച് ഹിജാബ് ധരിച്ച വിദ്യാർഥികളോട് കോളജ് വിടാൻ നിർബന്ധിച്ചു. കോളജ് ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

മാർച്ച് 12: ഉത്തർപ്രദേശിൽ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) റെക്കോർഡ് വിജയം നേടിയ ശേഷം, ഹിന്ദു യുവവാഹിനി ജില്ലാ പ്രസിഡന്റ് ആയുഷ് ത്യാഗി ഗാസിയാബാദിലെ മുസ്‍ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തി. ‘ഒന്നുകിൽ അവർ (മുസ്‍ലിംകൾ) പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഹിന്ദു യുവവാഹിനി പള്ളികളിൽ കയറി ഉച്ചഭാഷിണി അഴിച്ചുമാറ്റും’ -അവർ ഭീഷണിമുഴക്കി.

മാർച്ച് 12: പശ്ചിമ ബംഗാൾ അരംബാഗിലെ ഒരു മസ്ജിദിലെ ഇമാമായ റസാഖ് സർക്കാർ വീട്ടിലേക്ക് മടങ്ങുമ്പോൾ ഒരു സംഘത്തി​ന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മാർച്ച് 14: മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന 50 വർഷം പഴക്കമുള്ള ഒരു ആരാധനാലയം ഒരു കൂട്ടം ഗുണ്ടകൾ നശിപ്പിക്കുകയും കാവി ചായം പൂശുകയും ചെയ്തു.

സംസ്ഥാനപാത നമ്പർ 22-ന്റെ നർമദ്‌പുരം ഹെഡ്ക്വാർട്ടേഴ്‌സിലാണ് സംഭവം. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് പള്ളി തകർത്തതും കാവി പൂശിയതും പുറംലോകം അറിഞ്ഞത്.

മാർച്ച് 18: "കട്ടാർ ഹിന്ദുത്വ ഏകതാ" എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. മുസ്‍ലിംകളെ കൊല്ലാനുള്ള വഴികൾ ഇതിലെ അംഗങ്ങൾ ചർച്ച ചെയ്തു. അംഗങ്ങളിൽ ഒരാളായ ലോകേഷ് സോളങ്കി താൻ അഞ്ച് മുസ്‍ലിംളെ കൊന്ന് അവരുടെ ശരീരം കത്തിച്ചതെങ്ങനെയെന്ന് വീമ്പിളക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.

മാർച്ച് 20: ‘ദി കശ്മീർ ഫയൽസ്’ എന്ന ഹിന്ദുത്വ പ്രൊപഗൻഡ സിനിമയുടെ റിലീസിന് ശേഷം, രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

മാർച്ച് 21: കർണാടകയിലെ ജില്ലയായ ശിവമോഗയിലുള്ള കോട്ടെ മാരികംബ ജാത്രയുടെ (ശിവമോഗയിൽ നടക്കുന്ന ഒരു ഉത്സവം) സംഘാടക സമിതി മുസ്‍ലിംകൾ ഉത്സവത്തിന് സ്റ്റാളുകൾ സ്ഥാപിക്കുന്നത് തടയാൻ നിർബന്ധിതരായി. ഉത്സവത്തിൽ മുസ്‍ലിം കച്ചവടക്കാർ കട നടത്തുന്നതിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നതിനെ തുടർന്നാണ് തീരുമാനം.

മാർച്ച് 22: മഥുരയിൽ 'ബീഫ് കടത്തുകയും കന്നുകാലികളെ കടത്തുകയും ചെയ്തു' എന്ന് ആരോപിച്ച് റാൽ ഗ്രാമത്തിൽ 35കാരനായ പിക്കപ്പ് വാൻ ഡ്രൈവറെ പശു ഗുണ്ടകൾ നിഷ്കരുണം മർദിച്ചു.

മാർച്ച് 22: ഉത്തർപ്രദേശിലെ നൂർപൂർ ഗ്രാമത്തിൽ ഹിന്ദുത്വ പ്രവർത്തകർ ഒരു മുസ്‍ലിമിനെ മർദിച്ചു​കൊലപ്പെടുത്തി.

മാർച്ച് 23: 16 പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിൽ നിന്ന് സിറ്റി പൊലീസ് മുസ്‍ലിംകളെ തടഞ്ഞു.

മാർച്ച് 25: ഫേസ്ബുക്കിൽ ‘മുഷ്താഖ് അലി’ എന്ന വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് ഹിന്ദുക്കളെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ ഇട്ട ‘സിദ്ധരുദ ശ്രീകാന്ത്’ എന്ന യുവാവിനെ ബാഗൽകോട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നേതാവിനെ ഓൺലൈൻ വഴി ഭീഷണിപ്പെടുത്തിയതിനും ശ്രീകാന്ത് പ്രതിയാണ്.

മാർച്ച് 26: കർണാടകയിലെ കുടക് ജില്ലയിലെ ഹിന്ദുത്വ ഗുണ്ടകൾ, സംസ്ഥാനതല കാർഷിക പരിപാടി നടത്താൻ നിശ്ചയിച്ചിരുന്ന വേദിയുടെ പരിസരത്ത് കച്ചവടം നടത്തുകയായിരുന്ന മുസ്‍ലിംകച്ചവടക്കാരുടെ കടകൾ തെരഞ്ഞുപിടിച്ച് തല്ലിത്തകർത്തു.

മാർച്ച് 26: സൗത്ത് വെസ്റ്റ് ഡൽഹിയിലെ നജഫ്ഗഡിൽ നിന്നുള്ള ഒരു ഹിന്ദുത്വ യുവാവ് ലൈംഗികാതിക്രമത്തിന് പ്രേരിപ്പിക്കുകയും ഒരു മുസ്ലീം വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. @vipul_singh0077 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് ഇയാൾ കൊലവിളി നടത്തിയത്. അത് ഇപ്പോൾ ഡിലീറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്.

മാർച്ച് 27: മധ്യപ്രദേശ് സാഗർ ജില്ലയിലെ ഹരിസിങ് ഗൗർ സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ ഒരു മുസ്ലീം പെൺകുട്ടി ക്ലാസ് മുറിക്കുള്ളിൽ പ്രാർത്ഥന നടത്തുന്ന വീഡിയോ പ്രചരിക്കുന്നു. കർണാടക ഹിജാബ് നിരോധനത്തെ പരാമർശിച്ച് ഹിജാബ് ധരിച്ച വിദ്യാർഥിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ദേശീയ സംഘടനകൾ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു.

മാർച്ച് 28: ഗുരുഗ്രാമിലെ മില്ലേനിയം സിറ്റിയിലുടനീളമുള്ള പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിന് അടിയന്തര നിരോധനം ഏർപ്പെടുത്തിയില്ലെങ്കിൽ സംസ്ഥാനത്തുടനീളം വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംയുക്ത് ഹിന്ദു സംഘർഷ് സമിതി ഭീഷണിപ്പെടുത്തി.

മാർച്ച് 30: ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് വലതുപക്ഷ ഗ്രൂപ്പുകൾ ആഹ്വാനം ചെയ്തതോടെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ഹലാൽ ഭക്ഷണത്തെ ‘സാമ്പത്തിക ജിഹാദിനോട്’ ഉപമിച്ചു. ഹലാൽ മാംസം ഒഴിവാക്കണമെന്ന് ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്ന സന്ദേശങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി.

മാർച്ച് 30: ബംഗളൂരുവിലെ നീലമംഗല ഉഗാദി മേളയിൽ മുസ്‍ലിം കച്ചവടക്കാരിൽ നിന്ന് മാംസം വാങ്ങരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ രംഗത്ത്.

മാർച്ച് 31: കർണാടകയിലെ ശിവമോഗ ജില്ലയിലെ ഭദ്രാവതി നഗരത്തിൽ ഒരു കോഴിക്കട ഉടമയെ തീവ്ര വലതുപക്ഷ പ്രവർത്തകർ ആക്രമിച്ചതായി റിപ്പോർട്ട്. കടയിലെ സ്ഥിരം ഇടപാടുകാരായ ഇവർ ഹലാലില്ലാത്ത ഇറച്ചി ആവശ്യപ്പെട്ടാണ് എത്തിയത്. കടയുടമ സയ്യിദ് അൻസാർ ഹലാൽ അല്ലാത്ത ഇറച്ചി വിൽക്കാൻ വിസമ്മതിച്ചതോടെ ഇയാളെയും ബന്ധുവായ തൗസിഫിനെയും ഗുണ്ടകൾ മർദിക്കാൻ തുടങ്ങി.

ഏപ്രിൽ

രാമനവമി ഘോഷയാത്രയുടെ ഭാഗമായി രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ട മാസമായിരുന്നു 2022 ഏപ്രിൽ. മുസ്‍ലിംകൾക്ക് ഏപ്രിലിൽ റമദാൻ വ്രതകാലവും ആയിരുന്നു.

ഏപ്രിൽ ഒന്ന്: ശൈലേന്ദ്ര പ്രതാപ് സിംഗ് ജദൗൻ എന്നയാൾ എയർപോർട്ട് വളപ്പിലെ പൊതു പ്രാർത്ഥനാ ഹാളിൽ മുസ്‍ലിംകളുടെ നമസ്കാര കേന്ദ്രം സൂചിപ്പിക്കുന്ന അടയാളത്തിനെതിരെ വിമാനത്താവള അധികൃതരോട് പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് അയാൾ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കു​വെക്കുകയും ചെയ്തു. മുസ്‍ലിംകൾ നിയമവിരുദ്ധമായി പൊതു പ്രാർഥനാ ഹാൾ ഉപയോഗിക്കുന്നു എന്നതായിരുന്നു അയാളുടെ വാദം.

ഏപ്രിൽ നാല്:

ഹിന്ദു മേളകളിൽ മുസ്‍ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ കർണാടകയിൽ വ്യാപകമായി പ്രചരിച്ചു. ചിക്കമംഗ്ലൂർ ജില്ലയിലെ അൽദൂർ ഗ്രാമത്തിൽ 12 ദിവസത്തെ ഉത്സവത്തിനിടെ മുസ്‍ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന മറ്റൊരു ബാനർ സ്ഥാപിക്കപ്പെട്ടു.

ഏപ്രിൽ ഏഴ്:

ഹിജാബ്, ഹലാൽ, ക്ഷേത്ര മേളകളിലെ മുസ്ലീം വ്യാപാരികളുടെ സാന്നിധ്യം എന്നിവക്കെതിരെ കർണാടകയിൽ വ്യാപക പ്രചാരണം ആരംഭിച്ചു. മുസ്‍ലിംകളായ മാമ്പഴ വ്യാപാരികൾ ആക്രമിക്കപ്പെട്ടു. മുസ്‍ലിം ശിൽപികൾ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് വിലക്കാനുള്ള പ്രചാരണം ആസൂത്രണം ചെയ്തു.

ബേലൂരിലെ ചരിത്രപ്രസിദ്ധമായ ചെന്നകേശവ ക്ഷേത്രത്തിന് സമീപത്തെ 72കാരിയായ മുസ്ലീം സ്ത്രീ കട പൂട്ടാൻ നിർബന്ധിതയായി.

2002ലെ ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെയും ചട്ടങ്ങൾ അനുസരിച്ച് ക്ഷേത്രപരിസരത്ത് മുസ്‍ലിം കച്ചവടക്കാരെ നിരോധിച്ചു. കർണാടക ബി.ജെ.പി മന്ത്രി ജെ.സി മധുസ്വാമി ഇതിനെ ന്യായീകരിച്ച് രംഗത്തെത്തി.

ഏപ്രിൽ എട്ട്:

ഹിന്ദു-മുസ്ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ചരിത്രപരമായ കരഗ ഉത്സവത്തെ ചുറ്റിപ്പറ്റി വിവാദങ്ങൾ ഉയർന്നു. 300 വർഷം പഴക്കമുള്ള ദർഗ സന്ദർശിക്കുന്ന കരാഗ ഘോഷയാത്ര അവസാനിപ്പിക്കാൻ ഹിന്ദു സംഘടനകൾ പ്രചാരണം ശക്തമാക്കി. അതേസമയം, കരാഗ ആഘോഷങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക പൊലീസ് ഹൈന്ദവ സംഘടനകൾക്ക് മുന്നറിയിപ്പ് നൽകി.

നവരാത്രി ആ​ഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഖൈരാബാദ് പട്ടണത്തിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മഹന്ത് ബജ്‌റംഗ് മുനി ദാസ് പ്രസംഗിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഏപ്രിൽ ഒമ്പത്:

കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഹനുമാൻ ക്ഷേത്രത്തിന് പുറത്ത് കച്ചവടം നടത്തുന്ന മുസ്ലീം തണ്ണിമത്തൻ കച്ചവടക്കാരുടെ ഉന്തുവണ്ടികൾ ഹിന്ദുത്വ ഭീകരർ തകർത്തു.

മുസ്‍ലിം വ്യാപാരികൾ, ഹലാൽ മാംസ കച്ചവടക്കാർ, ഹിജാബ് ധരിച്ച വിദ്യാർഥികൾ എന്നിവർക്കെതിരെ തിരിഞ്ഞ ശേഷം ഹിന്ദുത്വ ഭീകരർ കർണാടകയിലെ മുസ്‍ലിം ഓട്ടോ ഡ്രൈവർമാരിലേക്ക് ശ്രദ്ധ തിരിച്ചു. മഹാലിംഗേശ്വര് ജാത്രയോടനുബന്ധിച്ച് ഹിന്ദു ജാഗരണ വേദികെ പുത്തൂർ ജില്ലയിലെ ഹിന്ദു ഓട്ടോ ഡ്രൈവർമാർക്ക് കാവി പതാക വിതരണം ചെയ്തു.

ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ മുസ്ലീം ഓട്ടോ ഡ്രൈവർമാരെ ബഹിഷ്‌കരിക്കാൻ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു.

ഏപ്രിൽ 10:

ഹൈദരാബാദ് ഗോഷാമഹലിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ രാജാ സിങിന്റെ നേതൃത്വത്തിൽ നടന്ന രാമനവമി റാലിയിൽ അക്രമത്തിനുള്ള ആഹ്വാനങ്ങൾ ഉയർന്നു. ഗംഗാബൗഡിയിലെ റാണി അവന്തി ഭവനിൽ ഉച്ചക്ക് രണ്ടിന് നഗരത്തിൽ റാലി ആരംഭിച്ചു.

രാമനവമി ഘോഷയാത്രയുടെ മറവിൽ ഗുജറാത്തിലെ വിവിധ ജില്ലകളിൽ മുസ്‍ലിംകൾക്കെതിരെ വ്യാപക ആക്രമണങ്ങൾ അരങ്ങേറി. മസ്ജിദുകൾക്കും മുസ്‍ലിം വ്യാപാര സ്ഥാപനങ്ങൾക്കും എതിരെ കല്ലേറും തീവയ്പും ഉണ്ടായി. ഗോവയിലും ആക്രമണങ്ങൾ ഉണ്ടായി. ഇസ്‍ലാംപുരയിലെ അൽ അഖ്സ പള്ളിയിലേക്ക് ഇഫ്താർ സമയത്ത് ഹിന്ദുത്വ ആക്രമികൾ കടന്നുകയറി പള്ളി തകർത്തു.

പശ്ചിമ ബംഗാളിലെ ബാങ്കൂരിൽ രാമനവമി ഘോഷയാത്ര അക്രമാസക്തമായതിനെ തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാഥക്കിടെ തന്റെ വാഹനത്തിന് നേരെ ഇഷ്ടിക എറിഞ്ഞെന്ന് ആരോപിച്ച കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ ഇതിന് തൃണമൂൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി.

കർണാടകയിൽ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി റായ്ച്ചൂരിലെ ഉസ്മാനിയ മസ്ജിദിനു മുന്നിൽ പ്രകോപനപരമായ ഗാനങ്ങൾ ആലപിച്ചു. ഘോഷയാത്രയിൽ പാടിയ ഗാനം യൂട്യൂബിൽ "ബനാഏംഗേ മന്ദിർ" (ക്ഷേത്രം നിർമ്മിക്കും) എന്ന പേരിൽ ഇപ്പോഴും ലഭ്യമാണ്. ബാബറി മസ്ജിദ് തകർത്തതിന്റെ ദൃശ്യങ്ങളാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്നത്.

ഏപ്രിൽ മൂന്നിന് രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ബീവാറിൽ 55 കാരനായ ഒരാളെ അടിച്ചുകൊന്നു.

കനത്ത സുരക്ഷക്കിടയിൽ രാമനവമി ശോഭ യാത്ര ഞായറാഴ്ച ഹൈദരാബാദിൽ സമാധാനപരമായി സമാപിച്ചു. എന്നാൽ, അക്രമത്തിന്റെ ആഹ്വാനത്തോടൊപ്പം ഹിന്ദു മേൽക്കോയ്മ സ്ഥാപിക്കാൻ ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വ മുദ്രാവാക്യങ്ങളും യാത്രയിൽ ഉയർന്നു. “ഹർ മിനാർ പെ ലഗേംഗെ ഹിന്ദു കാ ഝണ്ട” (എല്ലാ മസ്ജിദ് മിനാരങ്ങളിലും ഹിന്ദു പതാക ഉയരും), അതുപോലെ “തൽവാർ ഉത്തേഗ” (വാളുകൾ ഉയർത്തും) തുടങ്ങിയ മുദ്രാവാക്യൾ ശോഭായാത്രയിൽ ഉയർന്നു.

ഏപ്രിൽ 11:

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിൽ (ജെ.എൻ.യു) ഇടതുപാർട്ടി വിദ്യാർഥികളെ എ.ബി.വി.പി അംഗങ്ങൾ രാമനവമി ദിനത്തിൽ ആക്രമിച്ചു. മെസ് സെക്രട്ടറി ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ രാമനവമി ഘോഷയാത്രക്കിടെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മുസ്‍ലിം സ്ത്രീകൾക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങളടങ്ങുന്ന വീഡിയോയുമായി ബജ്‌റംഗ് മുനി എന്ന സന്യാസി രംഗത്തെത്തി. സീതാപൂർ ജില്ലയിലെ ഖൈരാബാദ് പട്ടണത്തിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിലെ മഹന്താണ് മുനി. സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു​കൊണ്ട് ഇത് താൻ മുസ്‍ലിം സ്ത്രീകൾക്ക് നൽകും എന്നും ഇയാൾ വീഡിയോയിൽ ആക്രോശിക്കുന്നു.

ഏപ്രിൽ 12:

ഭരണകക്ഷിയായ ബി.ജെ.പി സർക്കാർ കർണാടകയിലെ ക്ഷേത്ര പരിസരത്തുനിന്ന് മുസ്‍ലിം കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടികൾ തുടങ്ങി. ക്ഷേത്ര പരിസരങ്ങളിലും മതപരമായ മേളകളിലും അഹിന്ദുക്കൾക്ക് അവരുടെ ബിസിനസ്സ് നടത്താൻ വ്യവസ്ഥയില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 15:

രാമനവമി റാലിക്കിടെ ഖാർഗോണിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തെത്തുടർന്ന് മധ്യപ്രദേശിലെ മുസ്‍ലിംകൾക്ക് നേരെയുള്ള പൊലീസിന്റെ ക്രൂരത പ്രതിഫലിപ്പിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. കലാപബാധിത നഗരത്തിന്റെ ചില ഭാഗങ്ങൾ സമാധാനം ഉറപ്പാക്കുന്നതിനായി സെക്ഷൻ 144 പ്രകാരം കർഫ്യൂ ഏർപ്പെടുത്തി

മധ്യപ്രദേശിലെ ഖർഗോൺ പട്ടണത്തിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഒരു മുസ്‍ലിം കുടുംബത്തിന്റെ വീടിനുനേരെ ആക്രമണം ഉണ്ടായി. വൈകുന്നേരം കുടുംബം ഇഫ്താർ നോമ്പ് തുറക്കാനിരിക്കെ 60-ലധികം വരുന്ന ഹിന്ദുത്വ സംഘം കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഹിന്ദു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുസ്‍ലിം യുവാവിന്റെ കുടുംബത്തിന്റെ രണ്ട് വീടുകൾ തീവ്ര വലതുപക്ഷ ജനക്കൂട്ടം കത്തിച്ചു. എന്നാൽ, യുവാവിനൊപ്പം സ്വമേധയാ പോയതാണെന്ന് യുവതി പറയുന്നു.

ഏപ്രിൽ 18:

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മുസ്ലീം വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാവാഹിനി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രണ്ട് ദിവസത്തിനകം നഗരത്തിൽ ധർമ്മ സൻസദ് സംഘടിപ്പിക്കുമെന്ന് സംഘടന ഭീഷണിപ്പെടുത്തി.

ഏപ്രിൽ 19:

മധ്യപ്രദേശിലെ ഛത്തർപൂർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ ട്വിറ്ററിൽ വൈറലായി. പണ്ഡിറ്റ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി എന്നയാൾ വീഡിയോയിൽ മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷം വിതറുന്നത് കാണാം.

ഏപ്രിൽ 21:

മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്ന് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ആവർത്തിച്ച് തെലങ്കാന കോൺഗ്രസ് പാർട്ടി ഹൈദരാബാദിൽ വൻ ധർണ നടത്തി. ന്യൂനപക്ഷ സമുദായങ്ങൾക്ക് ടി.ആർ.എസ് സർക്കാർ ജോലിയും വായ്പയും നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

ഏപ്രിൽ 16ന് വർഗീയ കലാപം നടന്ന റൂർക്കിയിൽ ഹിന്ദുത്വ വലതുപക്ഷ സംഘടനയായ കാളി സേന അക്രമത്തിന് ആഹ്വാനം ചെയ്തു. മുസ്‍ലിംകളെ പരാജയപ്പെടുത്തിയില്ലെങ്കിൽ അവർ ആക്രമണാത്മകമായി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

ഏപ്രിൽ 25:

അക്ഷയ തൃതീയ അടുത്തിരിക്കെ, കർണാടകയിലെ ഹിന്ദു സംഘടനകൾ ഉത്സവ ദിനത്തിൽ മുസ്‍ലിംകളുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏപ്രിൽ 26:

മേവാത്തിൽ പശുക്കടത്ത് നടക്കുന്നുവെന്ന് ആരോപിച്ച് മുസ്‍ലിം പുരുഷന്മാരെ ഹിന്ദുത്വ പശു സംരക്ഷക ഗുണ്ടാ സംഘം തല്ലിക്കൊന്നു.

ഏപ്രിൽ 29:

ഉത്തർപ്രദേശിലെ അയോധ്യയിലെ ചില പള്ളികളിൽ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിന് പന്നിയിറച്ചി കഷണങ്ങൾ, മുസ്‍ലിംകളെ അധിക്ഷേപിക്കുന്ന കത്തുകൾ, ഇസ്ലാമിക ഗ്രന്ഥത്തിന്റെ കീറിയ പേജുകൾ എന്നിവ എറിഞ്ഞുവെന്നാരോപിച്ച് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സർക്കാർ ഉത്തരവിനെത്തുടർന്ന് ഉത്തർപ്രദേശിൽ ഉടനീളം 22,000 അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

-തുടരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hate speechmuslim hatred in india
News Summary - the account of muslim hatred in india
Next Story