Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightമുസ്‍ലിംകളുടെ...

മുസ്‍ലിംകളുടെ വോട്ടവകാശം എടുത്തുകളയണം; ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അരങ്ങേറിയത്

text_fields
bookmark_border
മുസ്‍ലിംകളുടെ വോട്ടവകാശം എടുത്തുകളയണം; ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അരങ്ങേറിയത്
cancel

ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷകുറ്റകൃത്യങ്ങൾ അനുദിനം രാജ്യത്ത് വർധിച്ചുവരികയാണ്. തീവ്ര ഹിന്ദുത്വ നേതാക്കളാണ് മുഖ്യമായും ഇതിന് പിന്നിൽ. പൊതുസമൂഹത്തിൽനിന്നും അധികൃതരിൽനിന്നും ഇവർക്ക് നിർലോഭം പിന്തുണയും ലഭിക്കുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും വിദ്വേഷ പ്രാസംഗികർക്കെതിരെ ചെറുവിരലനക്കാൻ കേന്ദ്ര സർക്കാറോ, വിവിധ സംസ്ഥാന സർക്കാറുകളോ തയ്യാറാകുന്നില്ല.

നരേ​ന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണം ഭീതിദമായ നിലയിൽ വർധിച്ചിരിക്കുകയാണ്. ബി.ജെ.പി-സംഘ്പരിവാർ സംഘടനകൾ കുറ്റവാളികൾക്ക് നൽകുന്ന പിന്തുണയും വിദ്വേഷ കുറ്റങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ആൾക്കൂട്ടക്കൊലകൾ, ശാരീരിക ആക്രമണങ്ങൾ, നേതാക്കളുടെ വിദ്വേഷ പ്രസ്താവനകൾ എന്നിവ അനുദിനം രാജ്യത്ത് വർധിച്ചുവരുന്നു.

മുസ്‍ലിംകൾക്കെതിരെ വിദ്വേഷം വമിക്കുന്ന ഗാനങ്ങൾ പുറത്തിറക്കുന്ന ഹിന്ദുത്വ പോപ് സംഘംവരെ നാട്ടിൽ സജീവമായി വ്യാപരിക്കുന്നു. ‘ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കുള്ളതാണ്. മുല്ലകൾ പാകിസ്താനിലേക്ക് പോകൂ’ എന്ന ഹിന്ദുത്വ പോപ് സംഘത്തിന്റെ ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലാണ്. ഇത് സംബന്ധിച്ച് ജൻമൻ മാധ്യമം അടക്കം പ്രത്യേക വാർത്ത നൽകിയിരുന്നു. 2022ൽ മാത്രം നൂറ് കണക്കിന് മുസ്‍ലിം വിരുദ്ധ പ്രവർത്തനങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ആൾക്കൂട്ട കൊലകളും ആക്രമണങ്ങളും കലാപങ്ങളും അടക്കമുണ്ട് ഇതിൽ. ഇത് സംബന്ധിച്ച് ഒരു എകദേശ ചിത്രമാണ് ഇവിടെ നൽകാൻ ശ്രമിക്കുന്നത്. ഈ കണക്കുകൾ പോലും അപൂർണമാണ്.



2022 ജനുവരി ഒന്ന്: മുസ്‍ലിം സ്ത്രീകളെ ലേലത്തിന് വെച്ചുകൊണ്ടുള്ള അതിനീചമായ ഒരു വിദ്വേഷ പ്രചാരമായിരുന്നു ഹിന്ദുത്വ തീവ്രവാദികൾ തുടങ്ങിവെച്ച ‘ബുള്ളിബായ്’ ആപ്പ്. സുള്ളി ഡീൽസ് ആപ്പിന് ശേഷം ‘ബുള്ളി ബായ്’ ആപ്പ് ഉപയോഗിച്ച് മുസ്ലീം സ്ത്രീകളെ വീണ്ടും ‘ലേലത്തിന്’ വെക്കുകയായിരുന്നു ഇവർ. നീരജ് ബിഷ്‌ണോയിയും മറ്റ് ചിലരും കൈകാര്യം ചെയ്യുന്ന ‘ബുള്ളി ബായ്’ എന്ന ആപ്പ് മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് അവരുടെ ചിത്രങ്ങൾ ലേലത്തിൽ വെച്ചു. ആദ്യ ആപ്പ് സുള്ളി ഡീൽസ് ആയിരുന്നു. മലയാളികളായ മുസ്‍ലിം പെൺകുട്ടികളുടെ അടക്കം ചിത്രങ്ങൾ ഇവർ വ്യാജ ലേലത്തിന് വെച്ചു. ‘ബുള്ളി ബായ്’യുടെ മുഖ്യ സൂത്രധാരനും സ്രഷ്ടാവും ആപ്പിന്റെ പ്രധാന ട്വിറ്റർ അക്കൗണ്ട് ഉടമയുമാണെന്ന് പറയപ്പെടുന്ന നീരജ് ബിഷ്‌നോയ് (20) പിടിക്കപ്പെട്ടിരുന്നു. ഇതിൽ തരിമ്പും കുറ്റബോധമില്ലെന്നാണ് വിദ്യാർഥിയായ ഇയാൾ പറഞ്ഞത്.

ജനുവരി രണ്ട്: ജാർഖണ്ഡിലെ ബൊക്കാറോയിൽ മുസ്‍ലിം ദമ്പതികൾ പൊലീസ് കസ്റ്റഡിയിൽ ഒരു കാരണവുമില്ലാതെ പീഡിപ്പിക്കപ്പെട്ടു. ജാർഖണ്ഡിലെ ബൊക്കാറോ നഗരത്തിൽ മോഷണം ആരോപിച്ച് മുസ്‍ലിം ദമ്പതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി ‘ദ ക്വിന്റ്’ റിപ്പോർട്ട് ചെയ്തു. ബലിദിഹ് പൊലീസ് സ്‌റ്റേഷനിൽ വെച്ച് തന്നെയും ഭാര്യയെയും ക്രൂരമായി മർദ്ദിച്ചതിന് ശേഷം തന്റെ കാൽവിരലുകൾ പിഴുതെടുത്തെന്ന് 47 കാരനായ അമാനത്ത് ഹുസൈൻ എന്ന അധ്യാപകൻ പറയുന്നു. പൊലീസിന്റെ സമൻസ് ലഭിച്ചതിനെ തുടർന്ന് കാര്യം അന്വേഷിക്കാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു അദ്ദേഹം.

ജനുവരി മൂന്ന്: സന്യാസിയായ യതി നരസിംഹാനന്ദ് മുസ്‍ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രസംഗം നടത്തി. എല്ലാ മേഖലകളിലും മുസ്‍ലിംകൾ അധിനിവേശം നടത്തിയെന്ന് പുരോഹിതനായ യതി നരസിംഹാനന്ദും മറ്റു സന്യാസിമാരും ട്വിറ്ററിലെ വീഡിയോയിൽ പറഞ്ഞു. മുസ്‍ലിം സ്ത്രീകൾ ഹിന്ദുക്കൾ കുട്ടികളെ ഉൽപാദിപ്പിക്കണം എന്നും ഈ സന്യാസി ആഹ്വാനം ചെയ്തു.

ജനുവരി എട്ട്: ജാർഖണ്ഡിലെ ബി.ജെ.പി പ്രവർത്തകർ മുസ്‍ലിം യുവാവിനെ മർദ്ദിക്കുകയും 'ജയ് ശ്രീറാം' വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ധൻബാദിൽ ബി.ജെ.പി പ്രവർത്തകർ മറ്റൊരു മുസ്‍ലിം യുവാവിനെ മർദിക്കുകയും സ്വന്തം തുപ്പൽ നക്കാൻ നിർബന്ധിക്കുകയും 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാർട്ടിയുടെ ജാർഖണ്ഡ് പ്രസിഡന്റിനെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചക്കെതിരെ ധൻബാദിലെ ഗാന്ധി പ്രതിമക്ക് സമീപം ബി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. യുവാവ് വഴിയാത്രക്കാരൻ ആയിരുന്നു.

ജനുവരി ഒമ്പത്: ഹിമാചൽ പ്രദേശിൽ, ഒരു സംഘം തീവ്ര ഹിന്ദുത്വ ആശയക്കാർ ഒരു മസ്ജിദിന്റെ ശ്മശാനം തകർത്തു. ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

ജനുവരി ഒമ്പത്: കർണാടകയിലെ കോലാറിൽ വിദ്വേഷ കുറ്റകൃത്യത്തിന്റെ മറ്റൊരു സംഭവത്തിൽ, ശനിയാഴ്ച ഉസ്മാൻ ഷാ ദർഗയിൽ നിന്ന് മടങ്ങുകയായിരുന്ന ഒരു മുസ്‍ലിം യുവാവിനെയും കുടുംബത്തെയും ഹിന്ദുത്വ സംഘം ആക്രമിച്ചു.

ജനുവരി 18: മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് ഒരു മുസ്‍ലിം ആൺകുട്ടിയും ഹിന്ദു പെൺകുട്ടിയും ട്രെയിനിൽ യാത്ര ചെയ്യവേ ഏതാനും ഹിന്ദു സംഘടന പ്രവർത്തകർ അവിടെയെത്തി. ആൺകുട്ടിയെ ആക്രമിച്ചു. പൊലീസ് സ്‌റ്റേഷനിലേക്ക് സംഘം ഇവരെ കൊണ്ടുപോയി. പൊലീസ് അന്വേഷണത്തിൽ ഇവർ വിവാഹിതരായിരുന്നു എന്ന് കണ്ടെത്തി.

ജനുവരി 18: ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ചിന്റെ ഗുണ്ടകൾ ഹിമാചൽ പ്രദേശിലെ മറ്റൊരു ആരാധനാലയം തകർത്തു. അതിന്റെ വീഡിയോകൾ സംഘടനയിലെ അംഗങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്തു.

ജനുവരി 18: കർണാടക ഗദഗ് ജില്ലയിലെ നർഗുണ്ട് സ്വദേശികളായ മുസ്‍ലിം യുവാക്കളായ സമീർ (19), ഷംസീർ (21) എന്നിവരെ തിങ്കളാഴ്ച വൈകുന്നേരം രാഷ്ട്രീയ സ്വയംസേവക് സംഘാംഗങ്ങൾ (ആർ.എസ്.എസ്) ക്രൂരമായി ആക്രമിച്ചു. ഹൂബ്ലിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ സമീർ മരണത്തിന് കീഴടങ്ങി. ഷംസീർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ജനുവരി 19: മുസ്‍ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ചർച്ചയുടെ സംഘാടകന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസ് ആപ്പിന് കത്തെഴുതി. സ്പെഷ്യൽ സെല്ലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂനിറ്റ് അജ്ഞാതർക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു.

ജനുവരി 21: ഫേസ്ബുക്കിലെ ‘രാഷ്ട്രീയ ഹിന്ദു സംഘടന’ എന്ന പേജിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടു. മുസ്‍ലിംകളെ കൊലപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ഇതിൽ ചർച്ച.

ജനുവരി 21: ഹിന്ദു രാഷ്ട്രത്തിനായി സത്യപ്രതിജ്ഞ ചെയ്യുന്ന ആളുകളുടെ മറ്റൊരു വീഡിയോ ബ്രിജേഷ് സിങ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കിട്ടു. ഛത്തീസ്ഗഡിലെ 'ഹിന്ദു സുരക്ഷാ സേന' ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്ന് വീഡിയോയിൽ പറയുന്നു.

ജനുവരി 21: കർണാടക കോലാർ ജില്ലയിലെ ഒരു ഹിന്ദുത്വ സംഘം ജനുവരി 21 വെള്ളിയാഴ്ച സ്കൂൾ വളപ്പിൽ മുസ്‍ലിം വിദ്യാർഥികൾ നമസ്കരിക്കുമ്പോൾ അതിക്രമിച്ചു കയറി. സംഘത്തിലെ അംഗങ്ങൾ സ്കൂൾ അധികൃതരെ ചോദ്യം ചെയ്യുകയും വിഷയത്തിൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ജനുവരി 21: മുസ്‍ലിം സ്ത്രീകൾക്കെതിരെ അപകീർത്തികരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ ചാറ്റുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 23: മധ്യപ്രദേശിലെ ഖാണ്ഡവ ജില്ലയിൽ ഒരേ ദിവസം മൂന്ന് വീടുകൾ - ഇതിൽ രണ്ട് വീടുകൾ മുസ്‍ലിംകളുടെയും ഒന്ന് ഹിന്ദുവിഭാഗത്തിൽപെട്ടയാളുടെയും ആണ്- തീയിടുകയും നശിപ്പിക്കുകയും ചെയ്തതിന് ഒരാൾക്കെതിരെ കുറ്റം ചുമത്തി.

ജനുവരി 25: ഹിമാചൽ പ്രദേശിൽ മറ്റൊരു പള്ളിയിലെ ശവകുടീരം തകർക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തു.

ജനുവരി 30: മധ്യപ്രദേശിലെ രത്‌ലാമിൽ സൈഫുദ്ദീൻ എന്നയാളെ ചിലർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. പശുവിന് മുന്നിൽ മൂത്രമൊഴിച്ചതാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. വീഡിയോ വൈറലായതോടെ പ്രതികളിലൊരാളായ വീരേന്ദ്രക്കെതിരെ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ജനുവരി 30: പ്രയാഗ്‌രാജിൽ ഒരു സന്ത് സമ്മേളനം (സന്യാസിമാരുടെ ഒത്തുചേരൽ) സംഘടിപ്പിച്ചു. അതിൽ ഒത്തുകൂടിയ സന്യാസിമാർ അതിഗുരുതരമായ മുസ്‍ലിംവിരുദ്ധ വിവാദ പ്രസ്താവനകൾ നടത്തി. മദ്രസകൾ അടച്ചുപൂട്ടണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ഫെബ്രുവരി

ഫെബ്രുവരി മാസത്തിലും മുസ്‌ലിംകൾക്കെതിരായ ആക്രമണം പഴയതിലും ശക്തമായി തുടർന്നു എന്ന് കണക്കുകൾ പറയുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനും വോട്ടെടുപ്പിനും സാക്ഷ്യം വഹിച്ച സമയത്താണ് അതിക്രമങ്ങൾ അരങ്ങേറിയത്.



ഫെബ്രുവരി മാസത്തിൽ മുസ്‌ലിംകൾക്കെതിരെ നടന്ന മാധ്യമശ്രദ്ധ നേടിയ അതിക്രമങ്ങളുടെ പട്ടിക മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്.

ഫെബ്രുവരി രണ്ട്: ഛത്തീസ്ഗഡ് ധരം സൻസദിൽ ഒരു സന്യാസി മുസ്‍ലിംൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി. മുസ്‍ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോയി അവരെ ലൈംഗീകമായി ആക്രമിച്ച് സന്താനങ്ങളെ സൃഷ്ടിക്ക​ണമെന്ന് സന്യാസിമാർ ആഹ്വാനം ചെയ്തു. കാളീചരൺ മഹാരാജ് എന്ന സന്യാസിയാണ് ഇതിന് നേതൃത്വം നൽകിയത്. നിരവധി പരാതികൾ ഇതിനെതിരെ സമർപ്പിച്ചിട്ടും പൊലീസ് നടപടി കൈക്കൊണ്ടില്ല.

ഫെബ്രുവരി നാല്: മധ്യപ്രദേശിലെ വിവിധ ജില്ലകളിൽ മുസ്‍ലിം പള്ളികൾക്കെതിരെ കലാപ ആഹ്വാനവുമായി ഹിന്ദുത്വ സംഘടന പ്രവർത്തകർ അണിനിരന്നു. പ്രാർഥനക്കുള്ള ബാങ്കുവിളി മുഴങ്ങുന്ന സമയത്ത് ഇവർ ഉച്ചഭാഷിണിയിലൂടെ ശബ്ദമുണ്ടാക്കി തടസം സൃഷ്ടിക്കാൻ ശ്രമിച്ചു. ബാങ്കുവിളിക്കെതിരെ ഇവർ പൊലീസിൽ പരാതിയും നൽകി.

ഫെബ്രുവരി ഒമ്പത്: മുസ്‍ലിം വിദ്യാർഥികൾ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം കർണാടക സംസ്ഥാനത്തിന്റെ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിക്കുകയും ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും പുതുച്ചേരിയിലും ഇതിനെതിരായ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ശിരോവസ്ത്രത്തെ പിന്തുണച്ച് അഞ്ച് വിദ്യാർഥിനികൾ നൽകിയ ഹരജിയിൽ കർണാടക ഹൈകോടതി പ്രതികൂല വിധി പുറപ്പെടുവിച്ചു. പുതുച്ചേരി അരിയങ്കുപ്പത്തെ സർക്കാർ സ്‌കൂളിൽ അധ്യാപിക ക്ലാസിൽ ശിരോവസ്‌ത്രം ധരിക്കുന്നതിനെ എതിർത്തതിനെ കുറിച്ച് അന്വേഷിക്കാൻ പ്രിൻസിപ്പലിനോട് അധികൃതർ ആവശ്യപ്പെട്ടു.

ഫെബ്രുവരി 10: ജൗൻപൂർ ജില്ലയിൽ, ഹിജാബ് ധരിച്ചതിന് കോളജിലെ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസർ തന്നെ ശകാരിച്ചതായി ഒരു ഡിഗ്രി വിദ്യാർഥിനി അവകാശപ്പെട്ടു. അസിസ്റ്റന്റ് പ്രഫസർ വിദ്യാർഥിയെ ക്ലാസിൽ നിന്ന് പുറത്താക്കി. അവസാന വർഷ വിദ്യാർഥിനിയായിരുന്നു പരാതി നൽകിയ സരീൻ ബി.എം. ഹിജാബ് ധരിച്ച് തന്റെ ക്ലാസിൽ ഇരിക്കാൻ പറ്റില്ല എന്ന് പ്രഫസർ പ്രശാന്ത് ത്രിവേദി സരിനോട് പറയുകയായിരുന്നു.

ഫെബ്രുവരി 11: രാജസ്ഥാൻ ജയ്പൂർ ജില്ലയിലെ ചക്സുവിലുള്ള ഒരു സ്വകാര്യ കോളജ്, ബുർഖ ധരിച്ചെത്തിയ മൂന്ന് കുട്ടികളെ വിലക്കി.

ഫെബ്രുവരി 15: ഫെബ്രുവരി 14ന് ഒരു കൂട്ടം ഹിന്ദു തീവ്ര വലതുപക്ഷ സംഘടനകൾ പ്രതിഷേധിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ സർക്കാർ കോളജ് ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

ഫെബ്രുവരി 15: കർണാടക മൈസൂർ മേഖലയിലുള്ള കൃഷ്ണരാജനഗരിക്ക് സമീപമുള്ള ഹംപാപൂർ ഗ്രാമത്തിലെ ജാമിയ മസ്ജിദ് ഫെബ്രുവരി ഒമ്പതിന് പുലർച്ചെ 12:30ന് ഒരു സംഘം ആക്രമിച്ചു.

ഫെബ്രുവരി 16: യു.പിയിലെ ഗാസിയാബാദ് ജില്ലയിൽ ഹിജാബിനെ പിന്തുണച്ച് പ്രതിഷേധിച്ച മുസ്‍ലിം സ്ത്രീകൾക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തുന്നതിന്റെ വീഡിയോ വൈറലായി. സ്ത്രീകൾ അസഭ്യം പറഞ്ഞതിനെ തുടർന്നാണ് ലാത്തിചാർജ് നടത്തിയതെന്ന് പൊലീസ് ആരാപിച്ചു.

ഫെബ്രുവരി 18: ഒരു മുസ്‍ലിമിന് ഇന്ത്യയിൽ തുടരണമെങ്കിൽ രാധേ-രാധേ എന്ന് പറയേണ്ടിവരുമെന്നും അല്ലെങ്കിൽ പാകിസ്താനിലേക്ക് പോകണമെന്നും അമേഠിയിലെ ബി.ജെ.പി എം.എൽ.എ മായങ്കേശ്വർ സിങ് അഭിപ്രായപ്പെട്ടു. ഇതേദിവസം കർണാടകയിലെ ഒരു മുസ്‍ലിം വനിതാ അധ്യാപിക ജോലി രാജിവെക്കുകയും ചെയ്തു.

കർണാടകയിലെ തുംകുർ ജില്ലയിൽ പഠിപ്പിക്കുമ്പോൾ ഹിജാബ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഗസ്റ്റ് ഫാക്കൽറ്റിയായി ജോലി ചെയ്യുന്ന ഇംഗ്ലീഷ് ലക്ചറർ രാജിവച്ചത്. “ഇത് എന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. ഹിജാബ് ധരിക്കാതെ എനിക്ക് പഠിപ്പിക്കാൻ കഴിയില്ല" -ലക്ചറർ ചാന്ദിനി പറഞ്ഞു.

ഫെബ്രുവരി 19: ബി.ജെ.പി എം.പി ധർമ്മപുരി അരവിന്ദ് മുസ്‍ലിംകൾക്കെതിരെ വിഷം ചീറ്റുന്ന പ്രസ്താവനയുമായി രംഗത്തെത്തി. രാജ്യത്തെ മുസ്‍ലിംകൾ നാല് തവണ വിവാഹം കഴിക്കാൻ ശരീഅത്തിനെ ആശ്രയിക്കുന്നുവെന്നും മോഷണം പോലുള്ള കുറ്റങ്ങൾക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തെ ആശ്രയിക്കുന്നുവെന്നും എം.പി പറഞ്ഞു. ശരീഅത്ത് പ്രകാരം കൊള്ളക്കാരുടെ കൈകൾ വെട്ടിമാറ്റണമെന്ന് അയാൾ വാദിച്ചു. അലിഗഡിൽ കാവി വസ്ത്രം ധരിച്ചെത്തിയ ഹിന്ദുത്വ തീവ്രവാദികൾ ‘ഭാരത് മാതാ കീ ജയ്’, വന്ദേമാതരം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഹിജാബ് കത്തിച്ചു. ഹൈദരാബാദിലെ സൈഫാബാദ് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ബുർഖ ധരിച്ച സ്ത്രീക്ക് നേരെ സബ് ഇൻസ്‌പെക്ടർ ലാത്തി വീശി.

ഫെബ്രുവരി 21: ബീഹാറിലെ ബെഗുസരായ് ജില്ലയിൽ ബുർഖ ധരിച്ച പെൺകുട്ടിയെ ദേശസാൽകൃത ബാങ്കിൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞു. ബാങ്ക് ജീവനക്കാർ അവളോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. അതിനുശേഷം മാത്രമേ പണം പിൻവലിക്കാൻ അനുവദിക്കൂ എന്നറിയിച്ചു. പെൺകുട്ടി ശക്തമായി എതിർക്കുകയും മാതാപിതാക്കളെ വിളിക്കുകയും ചെയ്തു. ബാങ്കിനുള്ളിൽ ഹിജാബ് അനുവദിക്കില്ലെന്ന് രേഖാമൂലം അറിയിപ്പ് കാണിക്കാൻ അവർ ജീവനക്കാരോട് ആവശ്യപ്പെട്ടു.

23 കാരനായ തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ അംഗം ഹർഷയുടെ കൊലപാതകത്തെ തുടർന്ന് കർണാടകയിലെ ഷിമോഗ ജില്ലയിലെ വിവിധയിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രധാനമായും മുസ്‍ലിംകൾ താമസിക്കുന്ന പ്രദേശങ്ങളാണ് കലാപകാരികൾ ലക്ഷ്യംവെച്ചത്.

ഫെബ്രുവരി 24: ബിഹാറിലെ സമസ്തിപൂരിൽ ജെ.ഡി.യു പ്രവർത്തകനായ ഖലീൽ ആലം റിസ്വിയെ (34) വിപുൽ കുമാർ എന്ന ഹിന്ദുത്വവാദിയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തി.

പണമിടപാടാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. എന്നാൽ, വൈറലായ ഒരു വീഡിയോയിൽ പ്രതികൾ പശുവിന്റെ പേര് പറഞ്ഞ് റിസ്‌വിയെ മർദിക്കുന്നതായി കാണാം. കേസിൽ അന്വേഷണം എങ്ങുമെത്തിയില്ല.

ഫെബ്രുവരി 25: ഗുജറാത്തിലെ ഗോധ്രയിൽ നിന്നുള്ള മുഹമ്മദ് അതാവുല്ല വീട്ടിലേക്ക് മടങ്ങുമ്പോൾ ചില ഹിന്ദുത്വ സംഘടനാ പ്രവർത്തകർ അദ്ദേഹത്തി​ന്റെ കാറിന് നേർക്ക് കല്ലെറിഞ്ഞ് ആക്രമിക്കുകയും താടിയിൽ പിടിച്ച് വലിക്കുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതാവുല്ലയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫെബ്രുവരി 25: മുസ്‍ലിംകളുടെ വോട്ടവകാശം നിർത്തലാക്കണം എന്ന് ബി.ജെ.പി എം.എൽ.എയായ ഹരിഭൂഷൺ താക്കൂർ വാദിച്ചു.

ഫെബ്രുവരി 26: മഹാരാഷ്ട്രയിലെ ഔറംഗബാദിൽ, ഒരു മുസ്‍ലിം പച്ചക്കറി കച്ചവടക്കാരനെ ഗ്രാമത്തിൽ പച്ചക്കറി വിൽക്കുന്നതിൽ നിന്ന് ഒരാൾ തടഞ്ഞു. ഗ്രാമത്തിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടു. പച്ചക്കറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

-തുടരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hate speechMuslim Hatred in India
News Summary - the Account of Muslim Hatred in India
Next Story