നമ്മൾ സംരക്ഷിക്കും
text_fieldsഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജ നാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാ മ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തക്കും ആശയ പ്രകാശനത്തിനും വിശ്വാസത്തിനും മതനിഷ്ഠക്കും ആരാധനക്കും ഉള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വം നേടിക്കൊടുക്കുന്നതിനും, അവർ എല്ലാവർക്കുമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിെൻറ ഐക്യവും സുനിശ്ചിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്താനും ഇന്ന്, 1949 നവംബർ 26ന് നമ്മുടെ ഭരണഘടന നിർമാണസഭയിൽ സഗൗരവം തീരുമാനിച്ചിരിക്കയാൽ ഈ ഭരണഘടന അംഗീകരിച്ച് കൊള്ളുകയും അതു നിയമമാക്കി തീർത്ത് നമുക്കുതന്നെ നൽകിക്കൊള്ളുകയും ചെയ്യുന്നു.
–ഇന്ത്യൻ ഭരണഘടനയുടെ ആമുഖം
വൈദേശിക ശക്തികൾക്കെതിരായ പോരാട്ടങ്ങളുടെ വീറും ഇന്ത്യയെന്ന വൈവിധ്യത്തിെൻറ സൗന്ദര്യവും ചേർത്ത് സ്വാതന്ത്ര്യത്തിെൻറയും സമത്വത്തിെൻറയും അസ്തിവാരത്തിൽ നാമുണ്ടാക്കിയ ഭരണഘടനക്ക് 70 വയസ്സ് പിന്നിടുന്നു. മത-ജാതി-വംശ-ദേശ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന, സമൂഹത്തിെൻറ സർവതലത്തിലും സമത്വവും നീതിയും പുലരുന്ന നല്ല നാളേക്കുള്ള പ്രതീക്ഷയാണ് ഭരണഘടന. എന്നാൽ, അതിെൻറ ശിൽപികൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ അസ്തമിക്കാതിരിക്കാൻ രാജ്യമൊന്നാകെ പ്രക്ഷോഭങ്ങളാൽ നിറയുന്ന അപൂർവ സന്ദർഭമാണിത്. രാജ്യത്തിെൻറ ബഹുസ്വരത തച്ചുടച്ച്, പൗരന്മാരെ രാജ്യമില്ലാത്തവരാക്കി തടങ്കൽപാളയങ്ങളിലയച്ച് ഏകപക്ഷീയ സർവാധിപത്യ രാജ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ആബാലവൃദ്ധം ജനം തെരുവുകളെ പ്രക്ഷുബ്ധമാക്കുന്ന ആവേശോജ്ജ്വല കാഴ്ചയാണെങ്ങും. തലസ്ഥാനത്തെ ജാമിഅ മില്ലിയ്യ കാമ്പസിൽനിന്നും ശാഹീൻ ബാഗിലെ സമരപ്പന്തലിൽനിന്നും പ്രവഹിച്ച പ്രക്ഷോഭത്തിെൻറ ഊർജം രാജ്യത്തിെൻറ ഞരമ്പുകളെയാകെ ത്രസിപ്പിച്ച് തെരുവുകളായ തെരുവുകളെല്ലാം സമരോർജിതരായ ജനസഞ്ചയങ്ങളെക്കൊണ്ട് നിറച്ചിരിക്കുന്നു. ഭരണഘടനയുടെ ആമുഖം, വിശേഷിച്ച് പുതുതലമുറ വായിച്ചുകൊണ്ടേയിരിക്കുന്നു. ഈ ജനതയെ വിഭജിക്കാൻ സമ്മതിക്കില്ലെന്ന് അവർ പ്രഖ്യാപിക്കുന്നു. അതുവഴി, രാജ്യത്തിെൻറ മൂല്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ചെറുത്ത് ഈ 70ാം വാർഷികത്തിൽ ഭരണഘടന സംരക്ഷിക്കുമെന്ന് നാം ഇന്ത്യൻ ജനത പ്രതിജ്ഞയെടുക്കുകയാണ്.
വായനക്കാർക്ക് ‘മാധ്യമ’ത്തിന്റെ റിപ്പബ്ലിക് ദിനാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
