കൊച്ചി: പൈനാടത്ത് പൗലോസ് തങ്കച്ചൻ എന്ന പി.പി. തങ്കച്ചൻ കോൺഗ്രസിൽ എന്നും സമന്വയത്തിന്റെ വക്താവും സൗമ്യതയുടെ മുഖവുമായിരുന്നു. ഗ്രൂപ്പിന്റെ മുൻനിരക്കാരനായിരുന്നപ്പോഴും മിതവാദമായിരുന്നു തങ്കച്ചന്റെ പ്രത്യേകത. അങ്കമാലിയിൽ പുരോഹിതന്റെ മകനായി ജനിച്ച തങ്കച്ചൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് പെരുമ്പാവൂരിൽ എത്തിയത്. പിന്നീട്, തങ്കച്ചന്റെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തട്ടകമായി പെരുമ്പാവൂർ മാറി. രാഷ്ട്രീയത്തിനൊപ്പം നാട്ടിലെ...
കൊച്ചി: പൈനാടത്ത് പൗലോസ് തങ്കച്ചൻ എന്ന പി.പി. തങ്കച്ചൻ കോൺഗ്രസിൽ എന്നും സമന്വയത്തിന്റെ വക്താവും സൗമ്യതയുടെ മുഖവുമായിരുന്നു. ഗ്രൂപ്പിന്റെ മുൻനിരക്കാരനായിരുന്നപ്പോഴും മിതവാദമായിരുന്നു തങ്കച്ചന്റെ പ്രത്യേകത. അങ്കമാലിയിൽ പുരോഹിതന്റെ മകനായി ജനിച്ച തങ്കച്ചൻ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് പെരുമ്പാവൂരിൽ എത്തിയത്. പിന്നീട്, തങ്കച്ചന്റെ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും തട്ടകമായി പെരുമ്പാവൂർ മാറി. രാഷ്ട്രീയത്തിനൊപ്പം നാട്ടിലെ സാംസ്കാരിക നേതൃത്വത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.
രാഷ്ട്രീയത്തിൽ അപൂർവ ബഹുമതികൾക്കും അപ്രതീക്ഷിത പരാജയങ്ങൾക്കുമൊപ്പമായിരുന്നു തങ്കച്ചന്റെ യാത്ര. പ്രതിസന്ധിയിലും പ്രതാപത്തിലും ഒന്നുപോലെ പാർട്ടിയുടെ കരുത്തനായ നേതാവായി തുടർന്നു. പാർട്ടിയുടെ വിവിധ പദവികളിൽ പ്രതിച്ഛായയുള്ള നേതാവായി വർത്തിച്ച അദ്ദേഹം, പ്രവർത്തകരെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുന്നതിൽ അസാധാരണ നേതൃപാടവമാണ് പ്രകടിപ്പിച്ചത്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം കുറ്റമറ്റ രീതിയിൽ നിറവേറ്റുന്നതിൽ ശ്രദ്ധിക്കുമ്പോഴും ഒരിക്കലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നില്ല.
1968ൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ, സ്പീക്കർ പദവിയിൽനിന്ന് മന്ത്രിക്കസേരയിൽ നേരിട്ടെത്തിയ ആദ്യ ആൾ എന്നിവ തങ്കച്ചൻ സ്വന്തം പേരിനൊപ്പം ചേർത്തുവെച്ച അപൂർവ ബഹുമതികളാണ്. 2004 മുതൽ 14 വർഷം യു.ഡി.എഫ് കൺവീനറായി പ്രവർത്തിച്ച അദ്ദേഹം മുന്നണിയുടെ കെട്ടുറപ്പും കരുത്തും കാത്തുസൂക്ഷിച്ച നേതാവായി പേരെടുത്തു. ഇക്കാലയളവിൽ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്സഭ തെരഞ്ഞെടുപ്പുകളിലും മൂന്ന് തദ്ദേശ തെരഞ്ഞെടുപ്പുകളിലും മുന്നണിയെ നയിച്ചു. ആർ.എസ്.പി മുന്നണിയിൽ എത്തിയതും വീരേന്ദ്രകുമാർ വന്നതും പോയതും ഈ കാലയളവിലാണ്.
1991ജൂലൈ ഒന്നിന് നിയമസഭയുടെ 14ാമത് സ്പീക്കറായി ചുമതലയേറ്റ തങ്കച്ചൻ 1995 മേയ് മൂന്ന് വരെ സ്ഥാനത്ത് തുടർന്നു. പ്രതിപക്ഷത്തിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹം കേരളം കണ്ട ഏറ്റവും മികച്ച സ്പീക്കർമാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. എം.എൽ.എമാർക്ക് പി.എയടക്കം സൗകര്യങ്ങൾ അനുവദിച്ചതും പരിസ്ഥിതി, പിന്നാക്ക ക്ഷേമം എന്നിവക്ക് സബ്ജക്ട് കമ്മിറ്റികൾ രൂപവത്കരിച്ചതും തങ്കച്ചൻ സ്പീക്കറായിരിക്കുമ്പോഴാണ്. കൃഷിമന്ത്രിയായിരിക്കെ, ചെറുകിട കർഷകർക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കി. കൃഷിവകുപ്പിന്റെ ധനാഭ്യർഥന വോട്ടെടുപ്പ് കൂടാതെ പാസാക്കിയെടുത്ത അപൂർവതയും തങ്കച്ചൻ വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്.
ലീഡർ കെ. കരുണാകരന്റെ അനുഗ്രഹാശിസ്സുകളോടെയാണ് രാഷ്ട്രീയത്തിന്റെ പടികൾ ഒന്നൊന്നായി കയറിയത്. എക്കാലവും അദ്ദേഹം ഐ ഗ്രൂപ്പിന്റെ വക്താവായിരുന്നു. കരുണാകരൻ പുതിയ പാർട്ടി രൂപവത്കരിച്ചപ്പോഴും വിശാല ഐ ഗ്രൂപ്പിന്റെ തലപ്പത്ത് തുടർന്നു. എന്നാൽ, ഗ്രൂപ്പിനും രാഷ്ടീയത്തിനും അതീതമായി കരുണാകരനുമായുള്ള സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ചിരുന്നു.