Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസകിയ ജാഫരിയും ദ്രൗപദി...

സകിയ ജാഫരിയും ദ്രൗപദി മുർമുവും

text_fields
bookmark_border
സകിയ ജാഫരിയും ദ്രൗപദി മുർമുവും
cancel

ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി അംബേദ്കർ പ്രതിമക്ക് മുന്നിൽ വണങ്ങി രാജ്യസഭ സെക്രട്ടേറിയറ്റിൽ കയറി രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ച ദ്രൗപദി മുർമുവിനെ പാർലമെന്‍റിന് പുറത്തേക്ക് ആനയിച്ചുകൊണ്ടുവരുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ.

പ്രഥമപൗരയാകുമെന്ന് ഏറക്കുറെ ഉറപ്പായ ദ്രൗപദി മുർമുവിന് പിറകെ പാർലമെന്‍റിന്‍റെ പടിയിറങ്ങി വന്ന അമിത് ഷായോട് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, ഗുജറാത്തിലെ സകിയ ജാഫരി എന്ന 85 വയസ്സുള്ള വിധവയുടെ ഹരജി സുപ്രീംകോടതി തള്ളിയതിനെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. ചോദിച്ചവരുടെ മുഖത്ത് തിരിച്ചൊന്നു നോക്കി ഒന്നും പറയാതെ ഗുജറാത്തിന്‍റെ മുൻ ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ നടന്നു നീങ്ങി.

കോടതി വിധിയുടെ പ്രതികരണം മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനല്ല ചെയ്തു കാണിച്ചു കൊടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് അപ്പോൾ തന്നെ വ്യക്തമായിരുന്നു.

മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട ടീസ്റ്റ സെറ്റൽവാദിനെയും മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിനെയും രാജ്യത്തെ പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ജനകീയ നേതാക്കളെ അറസ്റ്റ് ചെയ്ത അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 47ാം വാർഷിക ദിനത്തിൽ തന്നെ അറസ്റ്റിലാക്കുകയും ചെയ്തു. രണ്ട് പതിറ്റാണ്ടോളം വിടാതെ പിന്തുടർന്ന വംശഹത്യയുടെ പ്രേതബാധ എന്നെന്നേക്കുമായി ഒഴിപ്പിച്ച ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധിയെ അങ്ങനെ യഥാവിധി ആഘോഷിച്ചു അമിത് ഷായുടെ കുട്ടികൾ.

സ്വത്വ രാഷ്ട്രീയത്തിലൂടെ ബി.ജെ.പിക്ക് അതിജീവനം

രാഷ്ട്രപതിക്കസേരയിലേക്ക് തുടക്കം മുതൽക്കെ ഉയർന്നുകേട്ടതാണ് ദ്രൗപദി മുർമുവിന്‍റെ പേര്. യു.പിയിലെ ദലിത് ഹിന്ദുത്വവാദിയായ രംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതിന്‍റെ അടുത്തപടിയായാണ് ഒഡിഷയിലെ ഗോത്രമേഖലയിൽ നിന്നുള്ള ആദിവാസി നേതാവിന്റെ പേര് ബി.ജെ.പി കേന്ദ്രങ്ങൾ ചർച്ച ചെയ്തത്. സ്വത്വ രാഷ്ട്രീയത്തിലേക്ക് നീങ്ങിയ സമുദായങ്ങളെ ഹിന്ദുത്വ സ്വത്വത്തിലേക്കാക്കി ആദിവാസി ദലിത് പിന്നാക്ക വിഭാഗങ്ങളെ മത ന്യൂനപക്ഷങ്ങൾക്കൊപ്പം ചേർത്തു പറഞ്ഞിരുന്ന സ്ഥിതിവിശേഷത്തിന് അറുതിവരുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ദലിത് സ്വത്വവാദത്തെ ആർ.എസ്.എസ് ഹിന്ദുത്വത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതുപോലെ വനവാസി കല്യാൺ ആശ്രമങ്ങൾ വഴി ആദിവാസികളെ ഹിന്ദുക്കളാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിന്‍റെ തുടർച്ചയാണിതും.

താഴ്ന്ന ജാതിക്കാരായ പാർശ്വവത്കൃതരുടെ സ്വത്വബോധത്തെ വർഗീയമായി പരിവർത്തിപ്പിച്ച് അവരെയും മത ന്യൂനപക്ഷത്തെയും വിരുദ്ധചേരിയിൽ മുഖാമുഖം നിർത്തുന്ന തന്ത്രം ഹിന്ദുത്വം ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ചതാണെന്ന് പറഞ്ഞത് ഈയിടെ അന്തരിച്ച സാമൂഹിക -വിദ്യാഭ്യാസ പ്രവർത്തകൻ പ്രഫ. എം.എസ്. ബന്ദൂഖ്വാലയാണ്.

ഗുജറാത്ത് വംശഹത്യയിൽ മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾക്ക് ദലിത് വിഭാഗങ്ങൾ കൂട്ടത്തോടെ ഇറങ്ങിയതിന്‍റെ കാരണം തേടിച്ചെന്നപ്പോഴാണ് സംസ്ഥാനത്തെ ദലിത് വിഭാഗങ്ങളിൽ ഹിന്ദുത്വം നടത്തിയ ആസൂത്രിതമായ മസ്തിഷ്ക പ്രക്ഷാളനത്തെക്കുറിച്ച് ബന്ദൂഖ്വാല പറഞ്ഞത്. സമൂഹത്തിലെ ഏറ്റവും താഴ്ന്ന ജാതിക്കാർ മുസ്ലിംകളാണെന്നും അവർക്ക് മുകളിലാണ് തങ്ങളുടെ സ്ഥാനമെന്നുമുള്ള മനസ്സ് ഹിന്ദുത്വം ഗുജറാത്തിലെ ദലിതുകൾക്കിടയിൽ സൃഷ്ടിച്ചിരുന്നു. അത്തരമൊരു മനസ്സ് രൂപപ്പെടുത്തിയെടുത്ത ശേഷമാണ് സംഘ്പരിവാർ ദലിതുകളെ വംശഹത്യയിൽ ആയുധം നൽകി ഇറക്കിയത്. ക്രൈസ്തവ മിഷണറികൾ സജീവമായിരുന്ന ഗുജറാത്തിലെ ഗോത്രമേഖലകളിൽ ആദിവാസികൾക്കിടയിൽ ഹിന്ദുത്വം പിടിമുറുക്കിയതോടെ സംഘർഷങ്ങളുണ്ടായതും ഇതോട് ചേർത്തു വായിക്കണം. 'അന്ത്യോദയ' സങ്കൽപമെന്ന് വാഴ്ത്തിപ്പാടി അധികാര ശക്തിയില്ലാത്ത ആലങ്കാരിക പദവികൾ നൽകി ദലിതനെയും ആദിവാസിയെയും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഹിന്ദുത്വം.

മാപ്പ് പറയണമെന്ന ആവശ്യത്തിൽ അമിത് ഷാ

കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായിരുന്ന ഭർത്താവ് അടക്കം കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യയിൽ മോദി അടക്കമുള്ളവരുടെ പങ്ക് പരിശോധിക്കണമെന്ന സകിയ ജാഫരിയുടെ ആവശ്യം എന്നെന്നേക്കുമായി തള്ളിക്കളഞ്ഞ സുപ്രീംകോടതി വിധിയെക്കുറിച്ച് ശനിയാഴ്ച 'എ.എൻ.ഐ'ക്ക് പ്രത്യേക അഭിമുഖം നൽകി അമിത് ഷാ. മോദിക്ക് പിറകെ നിയമയുദ്ധവുമായി നടന്നവർ മാപ്പുപറയണമെന്നായിരുന്നു പ്രഥമ ആവശ്യം.

കോടതിയുടെ മുന്നിലായതിനാൽ വ്യാജ കുറ്റാരോപണങ്ങൾ മോദി 19 വർഷം നിശ്ശബ്ദനായി സഹിച്ചു, ശക്തമായ ഹൃദയമുള്ള ഒരാൾക്ക് മാത്രമെ ഇത് സാധിക്കൂ എന്നും അമിത് ഷാ പറഞ്ഞു. മോദി സഹിക്കുന്ന വേദന അടുത്തു നിന്ന് കണ്ടയാളാണ് താൻ. ജനാധിപത്യത്തിൽ ഭരണഘടനയെ എങ്ങനെ മാനിക്കണം എന്നതിന്‍റെ മാതൃക ഉദാഹരണമാണ് മോദി ഇതിലൂടെ കാണിച്ചത്. ഗുജറാത്ത് കലാപത്തിൽ നിരവധി മുസ്ലിംകൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോൾ 60 പേരെ ജീവനോടെ ഗോധ്രയിൽ ചുട്ടുകൊന്നതിന്‍റെ രോഷമായിരുന്നു അതെന്നായിരുന്നു മറുപടി. കലാപവേളയിൽ സൈന്യത്തെ വിളിക്കാൻ വൈകിയിട്ടില്ലെന്നും ഗുജറാത്ത് ബന്ദിന് ആഹ്വാനം വന്നപ്പോൾ തന്നെ സൈന്യത്തെ വിളിച്ചിട്ടുണ്ടെന്നും അവകാശപ്പെടുകയും ചെയ്തു.

മോദിയെയും ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ ആരും പ്രതിഷേധിച്ചില്ലെന്നും മോദിജിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമൊട്ടുക്കും ആരും സംഘടിച്ചില്ലെന്നും രാഹുലിന് വേണ്ടി രംഗത്തുവന്ന കോൺഗ്രസിനെ പരിഹസിക്കാനും അമിത് ഷാ കിട്ടിയ തക്കം ഉപയോഗിച്ചു.

കോടതി കയറ്റണമെന്ന് സുപ്രീംകോടതി ജഡ്ജിമാർ

ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി അടക്കമുള്ള 63 പ്രമുഖർക്കെതിരെ ഉന്നത അന്വേഷണവും കുറ്റവിചാരണയും നടത്തേണ്ടതുണ്ടോ എന്ന് തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിട്ടത് ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിൽ കേന്ദ്ര സർക്കാറിന്‍റെ നിലപാട് മാറ്റത്തിന് അനുസൃതമായി വിധികൾ മാറിമറിഞ്ഞതിലൂടെ ശ്രദ്ധേയനായ സുപ്രീംകോടതി ജഡ്ജിയാണ് അടുത്ത മാസം 29ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് എ.എം. ഖാൻവിൽകർ.

സകിയ ജാഫരിയും അവരെ നിയമപോരാട്ടത്തിന് സഹായിച്ചവരും മാപ്പുപറയണമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെടുന്നതെങ്കിൽ അതിലും കടുത്ത നടപടിയാണ് മൂന്ന് ജഡ്ജിമാർ വിധിപ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട സകിയയും അവരെ സഹായിച്ചവരും ഇത്രയും കാലം നിയമപ്രക്രിയ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും ഇതിൽ പങ്കാളികളായ എല്ലാവരെയും കോടതി കയറ്റി നിയമ നടപടിയെടുക്കണമെന്ന അഭിപ്രായം കൂടി വിധിയിൽ രേഖപ്പെടുത്തിയിരിക്കുകയാണ് സുപ്രീംകോടതി. കോടതിയുടെ ഈ അഭിപ്രായപ്രകടനം അവസരമാക്കി ടീസ്റ്റയെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് സകിയ ജാഫരിയുടെ വാതിൽക്കൽ മുട്ടിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല.

പാർശ്വവത്കൃതരുടെ മുന്നേറ്റത്തിന്‍റെ നിദർശനമായി മുർമുവിനെ ഭരണകൂടം വാഴ്ത്തിയ അതേ ദിവസമാണ്അരികുവത്കരിക്കപ്പെട്ടവരുടെ പോരാട്ടത്തിന്‍റെ പ്രതീകമായ സകിയയെ പരമോന്നത നീതിപീഠം വീഴ്ത്തിയതും. ഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ സമകാലീന ഇന്ത്യയിൽ പാർശ്വവത്കൃത വിഭാഗങ്ങളുടെ അതിജീവനത്തിന്‍റെ രണ്ടുതരം പ്രതീകങ്ങളാണ് ദ്രൗപദി മുർമുവും സകിയ ജാഫരിയും.

Show Full Article
TAGS:Zakia Jafri Draupadi Murmu 
Next Story