ഗുജറാത്തിനെ ഓർക്കാം, ആ ധീര വനിതയെയും
text_fields
ഫെബ്രുവരി വേദന മുറ്റിയ ഒരു മാസമാണ്, പ്രത്യേകിച്ച് ജാഫരി കുടുംബത്തിന്. 2002 ഫെബ്രുവരി 28നാണ് മുൻ പാർലമെന്റംഗവും മതനിരപേക്ഷ ഇന്ത്യയിലെ ആദരണീയ വ്യക്തിത്വവുമായിരുന്ന ഇഹ്സാൻ ജാഫരി കൊലചെയ്യപ്പെട്ടത്. ഈ വർഷം ഫെബ്രുവരി ഒന്നിന് അദ്ദേഹത്തിന്റെ വിധവ സകിയയും ഇഹലോകം വെടിഞ്ഞു. സകിയയുടെ വിയോഗം ഇന്ത്യക്ക് വരുത്തിയ നഷ്ടം ചെറുതല്ല; അത്രയേറെ ധീരതയും നിശ്ചയദാർഢ്യവും പുലർത്തിയ വനിതയായിരുന്നു അവർ. ഭർത്താവ് ക്രൂരമായി കൊല ചെയ്യപ്പെട്ട ദിവസം മുതൽ അവർ നേരിട്ട...
ഫെബ്രുവരി വേദന മുറ്റിയ ഒരു മാസമാണ്, പ്രത്യേകിച്ച് ജാഫരി കുടുംബത്തിന്. 2002 ഫെബ്രുവരി 28നാണ് മുൻ പാർലമെന്റംഗവും മതനിരപേക്ഷ ഇന്ത്യയിലെ ആദരണീയ വ്യക്തിത്വവുമായിരുന്ന ഇഹ്സാൻ ജാഫരി കൊലചെയ്യപ്പെട്ടത്. ഈ വർഷം ഫെബ്രുവരി ഒന്നിന് അദ്ദേഹത്തിന്റെ വിധവ സകിയയും ഇഹലോകം വെടിഞ്ഞു.
സകിയയുടെ വിയോഗം ഇന്ത്യക്ക് വരുത്തിയ നഷ്ടം ചെറുതല്ല; അത്രയേറെ ധീരതയും നിശ്ചയദാർഢ്യവും പുലർത്തിയ വനിതയായിരുന്നു അവർ. ഭർത്താവ് ക്രൂരമായി കൊല ചെയ്യപ്പെട്ട ദിവസം മുതൽ അവർ നേരിട്ട ദുരിത പീഡകൾ അനന്തമായിരുന്നു. എന്നിട്ടും അവർ അക്ഷീണയായി പൊരുതി, തനിക്ക് വേണ്ടി മാത്രമല്ല അന്യായവും അക്രമവും നിറഞ്ഞ വ്യവസ്ഥയുടെ ഇരകളായ എല്ലാ സ്ത്രീകൾക്കും നീതി തേടിക്കൊണ്ട്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും രക്തരൂഷിതമായ അധ്യായങ്ങളിലൊന്നാണ് 2002ലെ ഗുജറാത്ത് വംശഹത്യ. ഫൈസാബാദിൽനിന്ന് അഹ്മദാബാദിലേക്ക് പോയ സബർമതി എക്സ്പ്രസിന്റെ എസ് -6 കമ്പാർട്മെന്റ് ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷനിൽനിന്ന് അൽപം മാറി തീവെക്കപ്പെട്ടത് 59 നിരപരാധികളുടെ ജീവനെടുത്തു. തീർത്തും അപലപനീയമായ ഈ തീവെപ്പിന്റെ കാരണം സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ തുടരുകയാണ്. നിരവധിപേർ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് രാജ്യത്തെ പിടിച്ചുലച്ച കൂട്ടക്കൊല അരങ്ങേറിയത്.
അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഫെബ്രുവരി 27ന് വൈകുന്നേരം ബി.ജെ.പിയിലെയും സർക്കാറിലെയും ചില ഉന്നതരുടെ യോഗം വിളിച്ചുചേർത്തിരുന്നു. അതിൽ നടന്ന സംസാരങ്ങൾ സംബന്ധിച്ച് രണ്ട് വ്യത്യസ്ത ആഖ്യാനങ്ങളുണ്ട് -എന്നാൽ അതിനുശേഷം ഗുജറാത്തിലുടനീളം മുസ്ലിംകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയുമുണ്ടായി. അവരുടെ ഭൂമിയും വീടുകളും തട്ടിയെടുക്കപ്പെട്ടു. അതിക്രമങ്ങൾ ദിവസങ്ങൾ പിന്നിട്ടപ്പോഴും ക്രമസമാധാന പാലന സംവിധാനം ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് മാത്രമല്ല, കൂട്ടക്കൊലകളിലും കുറ്റകൃത്യങ്ങളിലും സജീവമായി പങ്കുചേരുകയുംചെയ്തു.
2002 നവംബർ 21ന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ ജനകീയ ട്രൈബ്യൂണൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ‘മാനവരാശിക്കെതിരായ കുറ്റകൃത്യം’ എന്ന തലക്കെട്ടിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇരകൾ, അതിജീവിതർ, സ്വതന്ത്ര മനുഷ്യാവകാശ സംഘങ്ങൾ, വനിത ഗ്രൂപ്പുകൾ, സന്നദ്ധസംഘടനാ പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ വാക്കാലും എഴുതിയും നൽകിയ 2000ലധികം സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ റിപ്പോർട്ട്.
കണ്ടെത്തലുകളിലും ശിപാർശകളിലും ഗുജറാത്ത് സർക്കാറിനെ നിശിതമായി കുറ്റപ്പെടുത്തിയ ട്രൈബ്യൂണൽ അനിയന്ത്രിതമായ അക്രമം, കൊലപാതകം, തീവെപ്പ്, കൊള്ള എന്നിവക്ക് സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും രേഖപ്പെടുത്തി. ജനകീയ ട്രൈബ്യൂണലിന്റെ കണ്ടെത്തലുകൾ മറ്റു നിരവധി സ്വതന്ത്ര വസ്തുതാന്വേഷണ സംഘങ്ങളുടെ കണ്ടെത്തലുകളുമായി യോജിക്കുന്നവയായിരുന്നു.
കണ്ടെത്തലുകൾ ഇങ്ങനെ ചുരുക്കിയെഴുതാം:
ഗുജറാത്തിൽ നടന്നത് ഒരു വർഗീയ കലാപമായിരുന്നില്ല; സമൂഹത്തെ മുഴുവൻ പാർശ്വവത്കരിക്കാനും തുടച്ചുനീക്കാനും രൂപകൽപനചെയ്ത വംശീയ ശുദ്ധീകരണമായിരുന്നു. ചില ആളുകൾ പറയുന്നതുപോലെ ഇത് ഒരു ‘സ്വമേധയാ ഉള്ള പ്രതികരണ’മായിരുന്നില്ല. പൂർണമായും ആസൂത്രിതമായിരുന്നു. ഒരുപക്ഷേ നിരവധി മാസങ്ങളുടെ തയാറെടുപ്പും നടന്നിരിക്കണം.
1999ൽ ഗുജറാത്തിലെ മുസ്ലിംകളെയും ക്രൈസ്തവരെയും സംബന്ധിച്ച് സൂക്ഷ്മമായ ഒരു കണക്കെടുപ്പ് നടത്തിയിരുന്നു. ആക്രമിക്കേണ്ട ഉന്നങ്ങളെ കൃത്യമായി കണ്ടെത്താൻ ഈ കണക്കെടുപ്പിൽനിന്നുള്ള വിവരങ്ങൾ അക്രമിക്കൂട്ടത്തിന് സഹായകമായി. മുസ്ലിംകളെ സാമ്പത്തികമായി തകർക്കാനുള്ള ശ്രമവും ഒരു പരിധിവരെ വിജയം കണ്ടു. നിരവധി സമ്പന്നരും പഠിപ്പുള്ളവരുമായ സ്ത്രീകളും ഉൾപ്പെടെ മധ്യവർഗം അക്രമത്തിൽ പരസ്യമായി പങ്കുകൊണ്ടു; ചില പ്രദേശങ്ങളിൽ മുസ്ലിം വീടുകൾക്കും സ്ഥാപനങ്ങൾക്കും തീയിടുന്നതിനും കൊള്ളയടിക്കുന്നതിനും ആദിവാസികളെയും ദലിതുകളെയും ഫലപ്രദമായി ഉപയോഗിച്ചു.
ഇത് വ്യക്തമായും സർക്കാർ സ്പോൺസർചെയ്ത വംശഹത്യയാണെന്ന് കണ്ടെത്തിയ ജനകീയ ട്രൈബ്യൂണൽ മുഖ്യമന്ത്രിക്കും രാഷ്ട്രീയക്കാർക്കും പുറമെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് മേലും കുറ്റം ചുമത്തി. സംഘ്പരിവാറിന് ഇഷ്ടമുള്ളത് ചെയ്യാൻ പരിപൂർണ സ്വാതന്ത്ര്യവും ഒരു നടപടിയും സ്വീകരിക്കരുതെന്ന് പൊലീസിന് വ്യക്തമായ നിർദേശങ്ങളും നൽകപ്പെട്ടിരുന്നു.
2003 ഡിസംബറിൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വി.എൻ. ഖറെ പറഞ്ഞു: ‘പ്രോസിക്യൂഷനിലും ഗുജറാത്ത് സർക്കാറിലും എനിക്ക് വിശ്വാസമില്ല. നിങ്ങൾ ജനങ്ങളെ സംരക്ഷിക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും വേണം. അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ രാജിവെക്കുക.’ 2012 ഫെബ്രുവരി 8ലെ ഒരു സുപ്രധാന വിധിയിൽ, ഗുജറാത്ത് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഭാസ്കർ ഭട്ടാചാര്യ പ്രസ്താവിച്ചു: ‘ഗുജറാത്ത് സർക്കാറിന്റെ അപര്യാപ്തമായ പ്രതികരണവും നിഷ്ക്രിയത്വവും അരാജകത്വത്തിന് കാരണമായി, അത് ദിവസങ്ങളോളം തുടർന്നു... സംസ്ഥാനത്തിന് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.’
ഭരണകൂടം കാണിച്ച വഞ്ചനക്കെതിരെ ഇക്കാലമത്രയും പൊരുതിയ സകിയ ശബ്ദമില്ലാത്ത നൂറുകണക്കിന് ഇരകളുടെ ശബ്ദമായിരുന്നു. കലാപത്തിന് പിന്നിലെ വൻ ഗൂഢാലോചനകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അവർ സമർപ്പിച്ച അപേക്ഷ പക്ഷേ, സുപ്രീംകോടതി തള്ളിക്കളഞ്ഞു.
ദ ലക്കി വൺസ്: എ മെമ്മയർ എന്ന കൃതിയെഴുതിയ സാറ ചൗധരി ഈയിടെ ഒരു അഭിമുഖത്തിൽ കൃത്യമായി പറഞ്ഞു: ‘നീതി തേടിയലഞ്ഞ ഒരു വിധവ മാത്രമായിരുന്നില്ല സകിയ ജാഫരി. അവർ ഒരു ഉമ്മയും വല്ലിമ്മയും ഒരു സമുദായ അംഗവുമായിരുന്നു. അവൾ മറ്റുള്ളവരെയും ഒപ്പം നടത്തി. നീതി തേടുന്ന ശിയാ പാരമ്പര്യത്തെക്കുറിച്ച് സുഹൃത്ത് സെഹ്റാ മെഹ്ദി പങ്കുവെച്ച ഒരു കഥയാണ് അത് എന്നെ ഓർമിപ്പിക്കുന്നത്. കുടുംബത്തെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയുടെ മുന്നിൽ ധീരതയോടെ വന്നു നിന്ന് തനിക്ക് വ്യക്തിപരമായി സംഭവിച്ച നഷ്ടത്തിലുപരി മുഴു സമൂഹത്തിനുംവേണ്ടി നീതി തേടിയ മുഹമ്മദ് നബിയുടെ കൊച്ചുമകളും ഹസ്രത്ത് അലിയുടെ മകളുമായ ഹസ്രത്ത് സൈനബിന്റെ പാരമ്പര്യം.
സാറ ഇതുകൂടി പറയുന്നു: ‘ഞങ്ങൾ പാർശ്വവത്കൃത സമൂഹങ്ങൾ, ഒരിക്കലും ഞങ്ങളുടെ ഭാരം ഒറ്റക്ക് വഹിക്കാറില്ല. ദലിത് വിമോചന പ്രസ്ഥാനങ്ങളും അതുപോലെ മുഴുവൻ സമുദായത്തിനുമൊപ്പം നടക്കുന്നു. നൂറുകണക്കിന് ഗുജറാത്ത് കേസുകൾക്കിടയിൽ, ഇത് ഒരു വ്യക്തിപരമായ ദുരന്തം മാത്രമല്ല, മുഴുവൻ ജനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന് സകിയ ഉറപ്പിച്ചു പറഞ്ഞു. നിർണായകമായ ആ വ്യത്യാസം -ഒരു വലിയ പോരാട്ടത്തിന്റെ ഭാഗമായി സ്വയം കാണുന്നതാണ് എനിക്ക് ഊർജം പകരുന്നത്. ഞാൻ ഒറ്റക്കല്ല എഴുതുന്നത്. ഞാൻ ഒറ്റക്കല്ല നടക്കുന്നത്. മരിച്ചവർപോലും എന്നോടൊപ്പമുണ്ട്. എന്തുതന്നെ സംഭവിച്ചാലും അത് നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്.’
യഥാർഥ ശക്തിയും സത്തയും നിറഞ്ഞ സ്ത്രീയായിരുന്നു സകിയ; കരുത്തോടെ പ്രതിരോധിക്കുന്നതിനിടയിലെ ഏതു പ്രതിബന്ധങ്ങളെയും ശാന്തമായി അഭിമുഖീകരിക്കാൻ കരുത്തു കാട്ടിയ അവർ ‘മദർ ഇന്ത്യ’ എന്ന് വിളിക്കപ്പെടേണ്ട സ്ത്രീകളിലൊരാളാണ്. സ്ത്രീത്വത്തിന്റെയും മാതൃത്വത്തിന്റെയും മികച്ച പ്രതീകമായ അവർ ഒരിക്കലും കയ്പും വിദ്വേഷവും പുലർത്തിയില്ല. 2002ലെ ഗുജറാത്ത് വംശഹത്യയെ അനുസ്മരിക്കവെ ഇന്ത്യ കണ്ട ഏറ്റവും ധീരയായ വനിതകളിൽ ഒരാളായ സകിയയെ അഭിവാദ്യംചെയ്യുക നാം..!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.