വെള്ളമിറങ്ങുമ്പോൾ നിങ്ങൾ ചെയ്യേണ്ടത്...
text_fieldsമഴയുടെ ശക്തികുറഞ്ഞതോടെ വെള്ളം പതുക്കെ ഇറങ്ങിത്തുടങ്ങുകയാണ്. ശനിയാഴ്ച വൈകീട്ടോടെ ആലുവ തൊട്ടു പറവൂർ വരെ വെള്ളപ്പൊക്കത്തിൽ നല്ല മാറ്റം ഉണ്ടായി. മറ്റു ചെറുപുഴകളുടെ കാര്യത്തിൽ ഇനിയും കുറവുണ്ടാവാനാണ് സാധ്യത.
വെള്ളം ശരിക്കിറങ്ങിയിട്ടുണ്ടെന്നും ഇനി ഉടൻ വെള്ളപ്പൊക്കത്തിന് സാധ്യതയില്ല എന്നുറപ്പു വരുത്തിയതിനുശേഷം വീട്ടിലേക്ക് പോവുക എന്നതാണ് ഏറ്റവും ശരിയായ കാര്യം. പക്ഷേ, കൂടുതൽ പേരും ആ ഉപദേശം സ്വീകരിക്കാൻ വഴിയില്ല. വെള്ളമിറങ്ങുന്നതോടെ ഉപേക്ഷിച്ചുപോന്ന വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കായിരിക്കും എല്ലാവർക്കും. ഇതിന് പല കാരണങ്ങളുണ്ട്:

ക്യാമ്പിലോ ബന്ധുവീട്ടിലോ എന്തിന്, റിസോർട്ടിൽ തന്നെ ആണ് താമസമെങ്കിലും അത് സ്വന്തം വീട്ടിലെപോലെ ആവില്ല. ഉപേക്ഷിച്ചുപോന്ന വീടിനോ വസ്തുവകകൾക്കോ നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന പേടി എല്ലാവർക്കും ഉണ്ടാകാം. വീട്ടിൽ കള്ളന്മാരോ മറ്റോ കയറിയിട്ടുണ്ടോ എന്ന പേടിയുമുണ്ടാവും.നമ്മൾ എത്ര നിർബന്ധിച്ചാലും ആളുകൾ വേഗത്തിൽ വീട്ടിലേക്ക് മടങ്ങും. ഇക്കാര്യത്തിൽ കുറച്ചു പ്രായോഗിക നിർദേശങ്ങൾ:
- ഒറ്റക്ക് വീട്ടിലേക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ അതിലധികമോ പേർ ഒരുമിച്ചു പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ പരസ്പരം സഹായിക്കാൻ പറ്റുമല്ലോ (സ്വന്തം വീടിെൻറ നാശം കണ്ട് ഹൃദയസ്തംഭനം വരെ ഉണ്ടാകുന്നവരുണ്ട്).
- ആദ്യമായി വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ കുട്ടികളെ മാറ്റിനിർത്തുക. അവിടെ കാണാൻ പോകുന്നതെെന്തന്നോ, എന്തൊക്കെ അപകടങ്ങൾ ഉണ്ടെന്നോ പറയാൻ പറ്റില്ല, കുട്ടികൾക്ക് അപകടം ഉണ്ടായില്ലെങ്കിലും മാനസിക ആഘാതം ഉണ്ടാകും. അത് ഒഴിവാക്കണം.
- ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്. വീടിനകത്ത് വിഷമുള്ള ഇഴജന്തുക്കൾ മുതൽ ഗ്യാസ് ലീക്ക് വരെ ഉണ്ടാകും. രാത്രി കയറിച്ചെല്ലുന്നത് കൂടുതൽ അപകടം വിളിച്ചുവരുത്തും.
- വീട്ടിലേക്കുള്ള വഴിയിലും വീടിെൻറ മുറ്റത്തുമെല്ലാം ഒരടിയോളം കനത്തിൽ ചളി ആയിരിക്കാനാണ് സാധ്യത. ഗേറ്റ് ഉണ്ടെങ്കിൽ തുറക്കാൻ പ്രയാസപ്പെടും.
- മതിലിെൻറ നിർമാണം മിക്കവാറും നല്ല ബലത്തിലായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഗേറ്റ് ശക്തമായി തള്ളിത്തുറക്കുന്നത് മതിലിടിഞ്ഞ് അപകടം ഉണ്ടാക്കും.
- റോഡിലോ മുറ്റത്തോ ചളിയിൽ തെന്നിവീഴാതെ നോക്കണം. പറ്റുമെങ്കിൽ ചളിയുടെ നിരപ്പിന് മുകളിലുള്ള ചെരിപ്പുകൾ ധരിക്കണം. വ്യക്തി സുരക്ഷക്കുവേണ്ടി ഒരു മാസ്ക് ഉപയോഗിക്കണം, അത് ലഭ്യമല്ലെങ്കിൽ ഒരു തോർത്ത് മൂക്കിന് മുകളിലൂടെ ചുറ്റിക്കെട്ടണം. കൈയിൽ കട്ടിയുള്ള കൈയുറകൾ ഉണ്ടെങ്കിൽ നല്ലത്.
- നമ്മുടെ വീടിെൻറ ചുറ്റും മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുക. അങ്ങനെ ഉണ്ടെങ്കിൽ ഒരിക്കലും അത് കൈകൊണ്ടു തൊടരുത്. മനുഷ്യരുടെ മൃതദേഹം ആണെങ്കിൽ പൊലീസിനെ അറിയിക്കണം.
- വീടിനകത്ത് കയറുന്നതിന് മുമ്പ് ഭിത്തിയിൽ പ്രളയജലം എത്രമാത്രം എത്തിയിരുന്നു എന്നതിെൻറ അടയാളം കാണും. അത് കൂടുതൽ വ്യക്തമായി ചോക്കുകൊണ്ടോ പെയിൻറ് കൊണ്ടോ മാർക്ക് ചെയ്യുക. ഒരു നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന വൻ പ്രളയമാണ് ഇപ്പോൾ ഉണ്ടായത്. 1924ൽ ഉണ്ടായതുപോലെ ഒന്ന്. അന്നത്തെ പ്രളയം ആളുകൾ രേഖപ്പെടുത്തി വെക്കാത്തതുകൊണ്ടാണ് പ്രളയ സാധ്യതയുള്ള പുഴത്തീരങ്ങൾ ജനവാസകേന്ദ്രമായത്. അത്തരം ഒരു തെറ്റ് നാം നമ്മുടെ അടുത്ത തലമുറയോട് കാണിക്കരുത്.
- വീടിനകത്തേക്ക് കയറുന്നതിന് മുമ്പ് വീടിെൻറ നാലു ഭാഗത്തുനിന്നും ധാരാളം ചിത്രങ്ങൾ എടുത്തുവെക്കണം. വെള്ളം എവിടെ എത്തി എന്ന മാർക്ക് ഉൾെപ്പടെ. വീടിെൻറ ചുമരുകളും മേൽക്കൂരയും ശക്തമാണോ നശിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
- വീടിെൻറ ജനാലകൾ പുറത്തുനിന്ന് തുറക്കാൻ പറ്റുമെങ്കിൽ അവ തുറന്നിട്ട് കുറച്ചുസമയം കഴിഞ്ഞുവേണം അകത്ത് പ്രവേശിക്കാൻ.
- വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. ’99 ലെ വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ പത്തായത്തിൽ നിന്നും വരാലിനെ കിട്ടിയ കഥ കേട്ടിട്ടുണ്ട്.
- വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വൈദ്യുതി മെയിൻ സ്വിച്ച് ഓഫ് ചെയ്യണം. പുറത്തുനിന്ന് പൈപ്പ് വഴിയാണ് ഗ്യാസ് വിതരണം ചെയ്യുന്നതെങ്കിൽ അഥവാ ഗ്യാസിെൻറ സിലിണ്ടർ വീടിന് വെളിയിലാണെങ്കിൽ അത് ഓഫ് ചെയ്യണം.
- വീടിെൻറ വാതിലിെൻറ ഇരുവശവും ചളി ആയതിനാൽ തുറക്കുക ശ്രമകരം ആയിരിക്കാനാണ് സാധ്യത. ബലം പ്രയോഗിക്കേണ്ടിവരും. പഴയ വീടാണെങ്കിൽ അത് ഭിത്തിയെയോ മേൽക്കൂരയെയോ അസ്ഥിരപ്പെടുത്താൻ വഴിയുണ്ട്, സൂക്ഷിക്കണം.
- വീടിനകത്ത് കയറുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള വാതക ചോർച്ച (അസ്വാഭാവിക ഗന്ധം) തോന്നിയാൽ വാതിൽ തുറന്ന് കുറെ കഴിഞ്ഞിട്ട് അകത്ത് കയറിയാൽ മതി.
- നമ്മൾ ഒരുക്കിവെച്ച വീടായിരിക്കില്ല അകത്ത് കാണാൻ പോകുന്നത്. വെള്ളത്തിൽ വസ്തുക്കൾ ഒഴുകി നടക്കും, പലതും ഫാനിെൻറ മുകളിലോ മറ്റോ തങ്ങിനിന്ന് നമ്മുടെ തലയിൽ വീഴാനുള്ള സാധ്യതയും മുന്നിൽ കാണണം.
- ഒരു കാരണവശാലും വീടിനകത്ത് ലൈറ്റർ ഉപയോഗിക്കരുത്, സിഗരറ്റോ മെഴുകുതിരിയോ കത്തിക്കുകയും അരുത്.
- വീടിനകത്തെ എല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും പ്ലഗ് ഊരിയിടണം.
- ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഉണ്ടായിരുന്നുവെങ്കിൽ അത് കേടായിക്കാണും, വലിയ ഫ്രീസർ ആണെങ്കിൽ മത്സ്യമാംസാദികൾ അഴുകി മീഥേൻ ഗ്യാസ് ഉണ്ടാകാൻ വഴിയുണ്ട്. ഫ്രീസർ തുറക്കുമ്പോൾ ഈ ഗ്യാസ് ശക്തമായി ഫ്രീസറിെൻറ മൂടിയെ തള്ളിത്തെറിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
- വീട്ടിൽ നഷ്ടംപറ്റിയ ഓരോ വസ്തുവിെൻറയും കണക്കെടുക്കുക, അതിെൻറ ഫോട്ടോ എടുക്കുക. ഇവ ‘ഡാമേജ് ആൻഡ് ലോസ് എസ്റ്റിമേറ്റി’ന് സഹായിക്കും. അതിനെപ്പറ്റി പിന്നീട് പറയാം.
- വീട്ടിൽ ഫ്ലഷും വെള്ള പൈപ്പും വർക്ക് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അതിലൂടെ വരുന്നത് ശുദ്ധജലമാണോ കലക്ക വെള്ളമാണോ എന്ന് ശ്രദ്ധിക്കുക.
- വീടിെൻറ അകത്തുള്ള മിക്കവാറും വസ്തുക്കൾ (ഫർണിച്ചർ, പുസ്തകങ്ങൾ) എല്ലാം ചളിയിൽ മുങ്ങിയിരിക്കാനാണ് സാധ്യത. ഇവയുടെ ചിത്രം എടുത്തുവെക്കണം.
- വീടിെൻറ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായു പ്രവഹിക്കട്ടെ.
വീടിനകവും പുറവും വൃത്തിയാക്കുക എന്നതാണ് അടുത്ത കാര്യം. പക്ഷേ, അക്കാര്യം ചെയ്യുന്നതിന് മുമ്പ് മണ്ണ് കയറി നാശമാക്കിയ വസ്തുക്കൾ എല്ലാം എവിടെ കൊണ്ടുപോയി കളയാം എന്നതിൽ കുറച്ച് അറിവു വേണം. ഇക്കാര്യത്തെപ്പറ്റി പുതിയ ലഘുലേഖ തയാറാകുന്നുണ്ട്.
(െഎക്യരാഷ്ട്രസഭയുടെ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
