Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightപോരാട്ടത്തി​ന്റെ പുതു...

പോരാട്ടത്തി​ന്റെ പുതു ഗോദ

text_fields
bookmark_border
wrestling players protest
cancel

കഴിഞ്ഞ കുറച്ചുവർഷമായി ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സമരങ്ങളെ ശ്രദ്ധിച്ചവർക്കറിയാം അവിടെ മുഴങ്ങാറുള്ള മുദ്രാവാക്യങ്ങ​ളെക്കുറിച്ച്​. 2016ലാണ്​ ജെ.എൻ.യുവിനെതിരായ കടന്നുകയറ്റങ്ങൾ തുടങ്ങുന്നത്​. ദഫ്​ലിയുടെ താളത്തിനൊപ്പം അവർ വിളിച്ചത്​ ഇൻഖിലാബ ഇൻഖിലാബ ഇൻഖിലാബ സിന്ദാബാദ്​, താനാഷാഹി നഹീ ചലേഗി നഹീ ചലേഗി (വിപ്ലവം വിജയിക്ക​ട്ടെ, ഏകാധിപത്യം സമ്മതിക്കില്ല) എന്നായിരുന്നു.

2019-2020 കാലത്തെ സി.എ.എ-എൻ.ആർ.സി സമരകാലത്ത്​ ഏറ്റവുമധികം കേട്ടത്​ ഹിന്ദു മുസ്‍ലിം സിഖ്​ ഇസായി ആപസ്​ മേ സബ്​ ഭായി ഭായി (ഹിന്ദു, മുസ്​ലിം, സിഖ്,​ ക്രൈസ്​തവർ എല്ലാവരും പരസ്​പരം സഹോദരങ്ങൾ) എന്ന മുദ്രാവാക്യമാണ്​.

2020-2021ൽ ഡൽഹി അതിർത്തികളിൽ നടന്ന കർഷക പ്രക്ഷോഭത്തിൽ കിസാൻ-മസ്​ദൂർ ഏകതാ സിന്ദാബാദ്​ (കർഷക-തൊഴിലാളി ഐക്യം സിന്ദാബാദ്​) മുഴങ്ങി, ഒപ്പം ബോ​ലേ സോ നിഹാൽ സത്​ശ്രീ അകാൽ എന്ന സിഖ്​ അഭിവാദനവും.

സാക്ഷി മലിക് വിനേഷ് ഫോഗട്ട് ജോർജ് ഓവൽ

ഓരോ സമരത്തി​ന്റെയും സത്ത ഉൾക്കൊള്ളുന്നവയാണ്​ ഈ ​മുദ്രാവാക്യങ്ങളോരോന്നും. മേയ്​ 28ന്​ ക്രൂരമായി അടിച്ചമർത്തപ്പെട്ട ജന്തർമന്തറിലെ വനിതാ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിൽ ഏറ്റവും ശക്​തമായി ഓർമിക്കപ്പെടുന്നത്​ ‘ജബ് ജബ് മോദി ദർതാ ഹേ, പുലീസ് കോ ആഗെ കർത്താ ഹേ’ (മോദിക്ക്​ ഭയപ്പാടിളകു​മ്പോൾ പൊലീസിനുപിന്നിൽ ഒളിക്കുന്നു) എന്ന ഉശിരൻ വിളിയാണ്​.

പുതിയ പാർലമെന്റ്​ മന്ദിരത്തിലേക്ക്​ മാർച്ച്​ നടത്തുമെന്ന്​ വനിതാ താരങ്ങൾ പ്രഖ്യാപിച്ച ദിവസം അവിടെ നിയോഗിച്ച പൊലീസി​ന്റെയും അർധ സൈനിക വിഭാഗത്തി​ന്റെയും കണക്കറിയു​മ്പോൾ ആ വിളിയുടെ സത്യാവസ്​ഥ ബോധ്യമാവും. കുറഞ്ഞത് 2,000 സുരക്ഷാ ഉദ്യോഗസ്ഥരെ അവിടെ വിന്യസിച്ചിരുന്നുവെന്നാണ്​ ദൃക്സാക്ഷികളുടെ പൊതു വിലയിരുത്തൽ.

ഭരണകൂട ബലപ്രയോഗം മൂലം വനിതാ താരങ്ങളുടെ സമരം താൽക്കാലികമായി തടഞ്ഞുനിർത്താൻ സാധിച്ചിട്ടുണ്ടാവാം. എന്നാൽ, വർഷങ്ങളായി കോടികൾ ചെലവിട്ട്​ മോദി സർക്കാർ ഉദ്​ഘോഷിക്കുന്ന പെൺകുട്ടികളെ രക്ഷിക്കൂ, പെൺകുട്ടിക​ളെ പഠിപ്പിക്കൂ മുദ്രാവാക്യത്തിന്റെ പൊള്ളത്തരം ആ ബലപ്രയോഗത്തിലൂടെ വെളിവാക്കപ്പെട്ടു. പെൺകുട്ടികൾ രക്ഷിക്കപ്പെട്ടില്ല.

അവരെ കൈകാലുകളിൽ പിടിച്ചുവലിച്ച്​ പൊലീസ് വാഹനങ്ങളിലേക്ക് കൊണ്ടുപോയി. (ഒളിമ്പിക് ഗുസ്തിക്കാരിയായിരുന്ന സാക്ഷി മാലിക്കിനെ പിടിച്ചുകൊണ്ടുപോകാൻ ഏകദേശം 20 പൊലീസുകാർ വേണ്ടിവന്നുവെന്ന്​ സ്ഥലത്തുണ്ടായിരുന്ന ഒരു ഫോട്ടോ ജേണലിസ്റ്റ് പറഞ്ഞു). അവരുടെ അമ്മയെയും സമാനമായ രീതിയിൽ ഭയാനകമാംവിധത്തിലാണ്​ പൊലീസ് ബസിൽ കയറ്റിയത്​.

സുരക്ഷാസേന പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സാക്ഷിയെ ഭർത്താവും പ്രഗത്ഭ ഗുസ്തി താരവുമായ സത്യവ്രത് ചേർത്തുപിടിച്ചതാണ്​ ആ ദിവസത്തെ അത്യധികം ഹൃദയസ്പർശിയായ കാഴ്​ച.

പക്ഷേ ആ ദിവസത്തെ അടയാളപ്പെടുത്തുന്ന നിർണായക ദൃശ്യം മറ്റൊന്നായിരുന്നു. നിലത്തുവീണുകിടക്കു​മ്പോഴും മൂവർണക്കൊടി മുറുകെപ്പിടിച്ചുള്ള വിനേഷ്​ ഫോഗട്ടി​ന്റെയും സഹോദരിയുടെയും ചിത്രമാണത്​. ഒരു പൊലീസുകാര​ന്റെ ബൂട്ടും ആ ചിത്രത്തിൽ കാണാം.

അത്​ കാണുന്നവരു​ടെ മനസ്സിലേക്ക്​ ‘നിങ്ങൾക്ക് ഭാവിയുടെ ചിത്രം വേണമെങ്കിൽ, ഒരു മനുഷ്യ​ന്റെ മുഖത്ത് ഒരു ബൂട്ട് പതിയുന്നതായി സങ്കൽപിക്കുക’ എന്ന 1984ൽ ജോർജ്​ ഓർവെൽ എഴുതിയ വരികൾ എത്താതിരിക്കില്ല. അന്നത്തെ സാഹചര്യത്തിൽ അത്​ അക്ഷരാർഥത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ അതുണ്ടായില്ല.

ഇതെല്ലാം നടക്കു​മ്പോൾ കേവലം രണ്ടു കിലോമീറ്റർ അപ്പുറത്ത്​ ഈ പുതിയ പാർലമെന്റിൽ പാസാക്കപ്പെടുന്ന നിയമങ്ങൾ നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കും യുവജനങ്ങൾക്കും പുത്തൻ അവസരങ്ങൾ സൃഷ്ടിക്കുമെന്നൊക്കെ പ്രസംഗിച്ച്​ തന്റെ പാർട്ടി എം.പിമാരുടെ കൈയടി വാങ്ങിച്ചുകൂട്ടുകയായിരുന്നു പ്രധാനമന്ത്രി മോദി.

‘രാജ്യം ഇപ്പോൾ ശരിക്കും അമൃത് കാലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു’ എന്ന് ആത്മവിശ്വാസപൂർവം പ്രഖ്യാപിച്ച അദ്ദേഹം, ത​ന്റെ പാർട്ടി അംഗങ്ങൾ ‘നല്ല പെരുമാറ്റത്തി​ന്റെ ഉദാഹരണങ്ങളും ഉത്തമ മാതൃകകളു’മാവണമെന്നും ഉദ്ബോധിപ്പിച്ചു.

ഗുസ്തി താരങ്ങൾ ഉന്നയിച്ച ഗുരുതരമായ ലൈംഗികാരോപണങ്ങൾക്ക്​ വിധേയനായ ഗുസ്​തി ഫെഡറേഷൻ പ്രസിഡൻറും ആറുവട്ടം എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അന്നേരം ആ സദസ്സിലുണ്ടായിരുന്നു.

ഒരു മനുഷ്യൻ അറിയപ്പെടുന്നത് അയാൾ സൂക്ഷിക്കുന്ന സുഹൃത്ത്​ വലയത്തി​ന്റെ പേരിലാണ്. പുറത്താക്കാൻ വിസമ്മതിച്ച എം.പിമാരുടെ പേരിലാവും താനും സ്​മരിക്കപ്പെടുകയെന്ന്​ പ്രധാനമന്ത്രി മനസ്സിലാക്കുന്നത് നന്നായിരിക്കും.

35 ദിവസമായി ഗുസ്​തിതാരങ്ങൾ താമസിച്ചുപോരുന്ന ജന്തർമന്തറിലെ താൽക്കാലിക കൂടാരം പൊളിച്ചുനീക്കപ്പെട്ടു. അവരുടെ സാധനസാ​മഗ്രികളും കിടക്കയും വാട്ടർകൂളറും ബാനറുമെല്ലാം എടുത്തുകൊണ്ടുപോയിരിക്കുന്നു.

അതി​ന്റെ പേരിലൊന്നും അവരുടെ പോരാട്ടം അവസാനിക്കുന്നില്ല. ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദിയുടെ ശ്രമം അദ്ദേഹത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ പാളിച്ചകളിലൊന്നായി മാറിയേക്കാം. പൊലീസ്​ നടപടിയുടെ പിറ്റേന്ന്​ വിനേഷ് ഫോഗട്ട്​ ​പോസ്​റ്റ്​ ചെയ്​ത

ട്വീറ്റിലൂടെ കടന്നുപോയാൽ, പുതിയ പാർലമെ​ന്റ് ചക്രവർത്തി അടിച്ചമർത്തിയതിനേക്കാൾ വിശാലമായ ചെറുത്തുനിൽപിന് ജന്മം നൽകിയിരിക്കുന്നു എന്ന്​ ബോധ്യമാകും. അദ്ദേഹത്തെ ഇനിയും പിന്തുണക്കണമോ എന്ന്​ ആരാധകവൃന്ദത്തിലെ സ്ത്രീകൾ പോലും രണ്ടുവട്ടം ചിന്തിച്ചെന്നിരിക്കും.

വിനേഷ് ഫോഗട്ടി​ന്റെ ട്വീറ്റ്​ ഇങ്ങനെയായിരുന്നു:

നദിയേ, കരുതിയിരിക്കുക!

നിന്നുള്ളിലെ വെള്ളത്തുള്ളികൾ പോലും

കലാപമായി ഉയർന്നിരിക്കുന്നു.

ഹേ ഭീരൂ, ലോകമെന്തെന്നറിയാത്തവരല്ല ഞങ്ങൾ,

ഇനി നിങ്ങൾക്കെതിരെ തിരമാലകൾ തന്നെ ഉയരും.

ഇവിടെ അശ്ശേഷം മരണഭയമില്ല

വാളിനുപോലും ഇനി തലകുനിക്കേണ്ടി വരും’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestswrestling players
News Summary - wrestling players protest
Next Story