വേണം സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം
text_fieldsകേരളം പിറന്നിട്ട് എഴുപത് വർഷമായി. പല സാമൂഹിക വികസന സൂചികകളിലും സംസ്ഥാനം സമ്പന്നരാജ്യങ്ങൾക്കൊപ്പമെത്തി. അപ്പോഴും സ്ത്രീകളുടെ രാഷ്ട്രീയാധികാരത്തിലെ പങ്ക് എന്ന ജനാധിപത്യത്തിന്റെ സുപ്രധാന സൂചികയിൽ കേരളം ഇന്നും ഏറെ പിറകിലാണ്.
ജനസംഖ്യയുടെ പകുതിയിലേറെ (52%) വരുന്ന സ്ത്രീകൾക്ക് നിയമസഭയിലുള്ള പ്രാതിനിധ്യം വെറും എട്ടു ശതമാനം. 1957ലെ ആദ്യ കേരള നിയമസഭയിൽ ആറ് സ്ത്രീകളുണ്ടായിരുന്നു, ഇപ്പോൾ 11 പേർ; അതാണ് എഴുപത് വർഷം കൊണ്ടുണ്ടായ വളർച്ച!
പാർലമെന്റിലും സ്ഥിതി വ്യത്യസ്തമല്ല. സംസ്ഥാനത്തെ 29 എം.പിമാരിൽ രണ്ടേ രണ്ടു സ്ത്രീകളേയുള്ളു. ജനസംഖ്യാനുപാതം നോക്കിയാൽ നിയമനിർമാണ സഭകളിൽ പകുതിയിലേറെയും സ്ത്രീകളാവേണ്ടതാണ്. സംസ്ഥാന നിയമസഭകളിലുള്ള സ്ത്രീപ്രാതിനിധ്യം പരിശോധിക്കുമ്പോൾ പ്രബുദ്ധ കേരളത്തിന്റെ സ്ഥാനം സാമൂഹിക വികസന സൂചികകളിൽ പിന്നാക്കം നിൽക്കുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾക്കും പിറകിലാണ്.
നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം- വിവിധ സംസ്ഥാനങ്ങളിൽ
ഛത്തിസ്ഗഢ് 21%
പശ്ചിമബംഗാൾ16%
ഝാർഖണ്ഡ്, ത്രിപുര 15%
ഹരിയാന 14%
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്,
ആന്ധ്രപ്രദേശ്, സിക്കിം 13%
ബിഹാർ, മധ്യപ്രദേശ് 12%
പഞ്ചാബ്, രാജസ്ഥാൻ 11%
കേരളം, ഗോവ, തെലങ്കാന,
മഹാരാഷ്ട്ര, ഗുജറാത്ത്,
മിസോറം 8%
ഒഡിഷ, ഡൽഹി,
അരുണാചൽ പ്രദേശ്,
മേഘാലയ 7%
അസം, തമിഴ്നാട് 6%
കർണാടക 5%
ജമ്മു-കശ്മീർ 4%
നാഗാലാൻഡ്,
ഹിമാചൽ പ്രദേശ് 3%
അവലംബം:https://prsindia.org/mlatrack, സംസ്ഥാന നിയമസഭാ വെബ്സൈറ്റുകൾ
സംവരണത്തിന്റെ പ്രാധാന്യം
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2010ലാണ് കേരളത്തിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷം കൊണ്ട് മികച്ച ജനപ്രതിനിധികളും ഭരണാധികാരികളുമായി കഴിവു തെളിയിച്ചിട്ടും അവരിൽ ചുരുക്കം ചിലർ മാത്രമാണ് നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മത്സരിക്കാൻ പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ മുന്നണികൾ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നത് വളരെ കുറവാണ്. കാര്യക്ഷമതയും ഊർജസ്വലതയും താഴെത്തട്ടിൽ വേരുകളുമുള്ള എത്രയോ ഭരണാധികാരികളെയാണ് ഈ വിധത്തിൽ നമുക്ക് നഷ്ടപ്പെടുന്നത്.
കുടുംബവും രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക സ്ഥാപനങ്ങളിലും നിലനിന്നുപോരുന്ന കടുത്ത പിതൃമേധാവിത്വമാണ് സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം തടയുന്നത്. ഏതെങ്കിലും വിഭാഗത്തിന് രാഷ്ട്രീയത്തിലും ഭരണവ്യവസ്ഥയിലും ആനുപാതിക പ്രാതിനിധ്യം നിഷേധിക്കപ്പെട്ടാൽ അവർക്ക് നയപരമായ തീരുമാനങ്ങളിൽ ഫലപ്രദമായി ഇടപെടാനാവില്ല. ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചതുപോലെ, ഒരു വിഭാഗം ജനസംഖ്യാപരമായി ന്യൂനപക്ഷമാകുമ്പോൾ മാത്രമല്ല, മറ്റൊരു വിഭാഗം അവരുടെ അവകാശങ്ങൾ കവരുകയോ നിഷേധിക്കുകയോ ചെയ്യുമ്പോഴും രാഷ്ട്രീയമായി ആ വിഭാഗത്തെ ന്യൂനപക്ഷമായി കണക്കാക്കേണ്ടതും അവർക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകി അത് പരിഹരിക്കേണ്ടതുമുണ്ട്. നിയമനിർമാണ സഭകളിൽ മാത്രമല്ല, മന്ത്രിസഭകളിലും രാഷ്ട്രീയ നേതൃത്വങ്ങളിലും സാമൂഹിക-സാംസ്കാരിക-കായിക സംഘടനകളിലുമെല്ലാം നയതീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ ജനസംഖ്യയുടെ പകുതിയോ അതിലധികമോ വരുന്ന സ്ത്രീകൾ അതിന്യൂനപക്ഷമാണ്.
ഇത് പരിഹരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സംവരണം. തദ്ദേശ സ്ഥാപനങ്ങളിൽ അതിന്റെ ഗുണം നാം കണ്ടതാണ്. എന്നാൽ, നിയമനിർമാണ സഭകളിലേക്കുള്ള സംവരണവും കേന്ദ്ര-സംസ്ഥാന ഭരണത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവും പരമാവധി നീട്ടിവെക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്.
സ്ത്രീസംവരണത്തിലെ അട്ടിമറി
നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബില്ല് പാർലമെന്റിൽ ആദ്യമായി അവതരിപ്പിക്കുന്നത് 1996ലാണ്. ഒടുവിൽ 27 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം 2023ലാണ് ബില്ല് പാസാക്കുന്നത്.
ഭരണഘടനയുടെ 106ാം ഭേദഗതിയായി പാർലമെന്റ് പാസാക്കിയ സ്ത്രീസംവരണ നിയമം സ്ത്രീകളുടെ തുല്യപ്രാതിനിധ്യത്തിലേക്കുള്ള ആദ്യചുവട് എന്ന നിലയിൽ പ്രാധാന്യമുള്ളതാണ്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 33 ശതമാനം അതത് വിഭാഗം സ്ത്രീകൾക്ക് സംവരണം ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
എന്നാൽ, അടുത്ത സെൻസസിനും അത് കഴിഞ്ഞുള്ള മണ്ഡല പുനർനിർണയത്തിനും ശേഷമേ നിയമം നടപ്പിലാക്കൂ എന്ന വിചിത്രമായ നിബന്ധനയോടെയാണ് മോദിസർക്കാർ ബിൽ അവതരിപ്പിച്ചതും പാസാക്കിയെടുത്തതും. പ്രസ്തുത നിയമം 2029നുശേഷം മാത്രമേ നടപ്പിലാക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയിൽ വ്യക്തമാക്കുകയും ചെയ്തു. എങ്കിൽ എന്തിനാണ് 2023ൽ നിയമം പാസാക്കിയത്? സ്ത്രീകൾക്ക് രാഷ്ട്രീയാധികാരത്തിൽ പങ്കാളിത്തം നൽകുകയല്ല, മറിച്ച്, അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുക എന്ന ദുഷ്ടലാക്ക് മാത്രമാണ് ഇതിനു പിന്നിൽ.
നിബന്ധനകളൊന്നും കൂടാതെ നിയമം ഉടൻ നടപ്പിലാക്കണമെന്ന് മിക്ക പ്രതിപക്ഷ പാർട്ടികളും പാർലമെന്റിൽ ആവശ്യപ്പെട്ടതാണ്. എന്നാൽ, തുടർന്ന് 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ അതെല്ലാം മറന്ന്, പേരിനുമാത്രം സ്ത്രീകളെ മത്സരിപ്പിച്ച് തങ്ങളുടെ രാഷ്ട്രീയ സത്യസന്ധതയില്ലായ്മ വെളിവാക്കി. ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസും ബിജു ജനതാദളും മാത്രമായിരുന്നു ഇതിനപവാദം.
പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾ
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി സംവരണം ഉണ്ടെങ്കിലും ആ വിഭാഗങ്ങളിൽ നിന്ന് സ്ത്രീസാമാജികർ വളരെ കുറവാണ്. കേരള നിയമസഭയിൽ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് ഇപ്പോൾ രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. പട്ടികവർഗത്തിൽനിന്ന് സ്ത്രീകൾ ഇല്ല.
മുസ്ലിംകൾ ഉൾപ്പെടെയുള്ള ഒ.ബി.സി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പിൽ സംവരണമില്ലാത്തതിനാൽ നിയമനിർമാണ സഭകളിൽ അവരുടെ പ്രാതിനിധ്യം തുലോം കുറവാണ്. ലോക് സഭയിലും കേരള നിയമസഭയിലും മുസ്ലിം സ്ത്രീപ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.
ട്രാൻസ്ജെൻഡർ പ്രാതിനിധ്യം
ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമാണ്. അവരുടെ എണ്ണം പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനമെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തികൾ ഉണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരേയൊരു തവണ മാത്രമാണ് ഒരു ട്രാൻസ്ജെൻഡർ വ്യക്തി നിയമനിർമാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1998ൽ ശബ്നം ബാനു മധ്യപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഒരു നിയമനിർമാണ സഭയിലും ഇതേവരെ പ്രവേശനം ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ വിവേചനങ്ങളും അടിച്ചമർത്തലും നേരിടുന്ന ഇവർക്ക് നിയമസഭകളിലും പാർലമെന്റിലും മാത്രമല്ല, തദ്ദേശസ്ഥാപനങ്ങളിൽ പോലും സംവരണമില്ല എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ പരിതാപകരമായ അവസ്ഥയെയാണ് കാണിക്കുന്നത്.
പിന്നാക്ക വിഭാഗങ്ങളിലും മതന്യൂനപക്ഷങ്ങളിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും പ്രാതിനിധ്യമില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ അവർക്ക് നിയമ-നയരൂപവത്കരണത്തിൽ എന്ത് പങ്കാണ് വഹിക്കാൻ കഴിയുക? ഇവിടെയാണ് ഇന്റർസെക്ഷനാലിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണം പ്രസക്തമാകുന്നത്.
സ്ത്രീമുഖ്യമന്ത്രി
സ്ത്രീസാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഇതുവരെ ഒരു സ്ത്രീ പോലും മുഖ്യമന്ത്രി ആയിട്ടില്ല എന്നത് നിലനിൽക്കുന്ന ആൺകോയ്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഗൗരിയമ്മയടക്കം എത്രപേർ തഴയപ്പെട്ടു! “കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും” എന്ന് നാടാകെ പാടി വിശ്വസിപ്പിച്ച്, അധികാരം കിട്ടിയപ്പോൾ ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയത് കേരള ജനത മറക്കില്ല.
തീർച്ചയായും ഒരു സ്ത്രീമുഖ്യമന്ത്രിയെ കേരളം അർഹിക്കുന്നുണ്ട്. എന്നാൽ, സ്ത്രീമുഖ്യമന്ത്രി ഉണ്ടായാൽ മാത്രം പോരാ; ബഹുഭൂരിപക്ഷം സീറ്റുകളിലും പുരുഷന്മാരെ കുത്തിനിറക്കുന്ന രീതി അവസാനിക്കുകയും വേണം. 48 ശതമാനം മാത്രമുള്ള പുരുഷന്മാർക്ക് 92 ശതമാനം അധികാരം ലഭിക്കുന്നത് അനീതിയാണ്. അത് ജനാധിപത്യവിരുദ്ധവും തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനവുമാണ്.
ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ചുരുങ്ങിയ പക്ഷം, സ്ത്രീസംവരണ നിയമം അനുശാസിക്കുന്ന 33 ശതമാനം പ്രാതിനിധ്യമെങ്കിലും സ്ത്രീകൾക്ക് നൽകിക്കൊണ്ട് മുന്നണികൾ രാഷ്ട്രീയ സത്യസന്ധത പാലിക്കണം. ഒരു ട്രാൻസ് ജെൻഡർ വ്യക്തിയെങ്കിലും അടുത്ത നിയമസഭയിൽ ഉണ്ടാകണം. സ്ത്രീകളുടെയും ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെയും അന്തസ്സും ദൃശ്യതയും അവകാശങ്ങളും ഉറപ്പിക്കാനും കേരളം മെച്ചപ്പെട്ട ഒരു ജനാധിപത്യ സമൂഹമായി മാറാനും അത് അനിവാര്യമാണ്.
സ്ത്രീകളുടെയും ട്രാൻസ് ജെൻഡർ വ്യക്തികളുടെയും ഒരു വിശാല ഐക്യം വളർത്തിയെടുക്കുകയും തങ്ങളുടെ രാഷ്ട്രീയാധികാരം ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള ശക്തമായ സമരങ്ങൾ പാർട്ടികൾക്കകത്തും പുറത്തും നടത്തുകയും ചെയ്തുകൊണ്ടു മാത്രമേ നിയമ നിർമാണസഭകളിലേതടക്കമുള്ള പുരുഷാധിപത്യം അവസാനിപ്പിക്കാനാകൂ. അതിനുള്ള ശ്രമങ്ങളാണ് ഇനി ഉണ്ടാകേണ്ടത്.
(ലേഖിക തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടിവ് അംഗമാണ്) contactrema@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

